പാരിസ് : ഒളിമ്പിക്‌സിൽ പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ഇന്ത്യയുടെ അര്‍ജുന്‍ ബബുതയ്‌ക്ക് നാലാം സ്ഥാനം. ചൈനീസ്, സ്വീഡിഷ്, ക്രൊയേഷ്യന്‍ താരങ്ങളോട് വാശിയേറിയ പോരാട്ടം കാഴ്‌ചവെച്ചാണ് ബബുത കീഴടങ്ങിയത്. മികച്ച തുടക്കവുമായി അര്‍ജുന്‍ ബബുത ഒരുവേള രണ്ടാംസ്ഥാനത്ത് നിലയുറപ്പിച്ച് ഇന്ത്യക്ക് ഉറച്ച മെഡല്‍ പ്രതീക്ഷ സമ്മാനിച്ചിരുന്നു. എന്നാല്‍ 13-ാം ഷോട്ടിലെ നേരിയ പാളിച്ച ബബുതയ്‌ക്ക് തിരിച്ചടിയായി.
യോഗ്യതാ റൗണ്ടിൽ 630.1 പോയിന്റ് നേടിയാണ് അർജുൻ ബബുത ഫൈനലിലെത്തിയത്. ഈയിനത്തിൽ ഒപ്പം മത്സരിച്ച സന്ദീപ് സിംഗിന് യോഗ്യത നേടാനായില്ല.
ഷൂട്ടിങില്‍ ഇന്ത്യന്‍ താരം രമിത ജിന്‍ഡാലും ഫൈനലിൽ മത്സരിച്ചിരുന്നു. ഏഴാമതായാണ് താരം ഫിനിഷ് ചെയ്തത്. ആദ്യ റൗണ്ടിലെ അഞ്ച് ഷോട്ടുകൾ പിന്നിട്ടപ്പോൾ രമിത നാലാം സ്ഥാനാത്തായിരുന്നുവെങ്കിലും പിന്നീടുള്ള റൗണ്ടുകളിൽ രമിത പിന്നോട്ട് പോവുകയായിരുന്നു. ക്വാളിഫിക്കേഷൻ റൗണ്ടിൽ അഞ്ചാം സ്ഥാനക്കാരിയായാണ് റമിത ഫൈനലിലെത്തിയത്.
കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ വെങ്കലമെഡൽ നേടിയിരുന്ന രമിത ഇന്നലെ 631.5 പോയിന്റാണ് യോഗ്യതാ റൗണ്ടിൽ നേടിയത്. ഭോപ്പാലിലും ന്യൂദൽഹിയിലും നടന്ന ഒളിമ്പിക് സെലക്ഷൻ ട്രയൽസുകളിൽ ലോക റെക്കാഡ് മറികടന്ന രമിതയ്‌ക്ക് ആ പ്രകടനം ഇന്നലെ പുറത്തെടുക്കാനായില്ല. ആദ്യ സിരീസുകളിൽ നിരാശപ്പെടുത്തിയ താരം അവസാന സിരീസുകളിൽ മികവുകാട്ടിയാണ് അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നത്.
ഈയിനത്തിൽ രമിതയ്‌ക്ക് ഒപ്പം മത്സരിച്ച മുൻ ലോക ജൂനിയർ ചാമ്പ്യൻ ഇളവേണിൽ വാളറിവൻ 10-ാം സ്ഥാനക്കാരിയായി പുറത്താവുകയായിരുന്നു. തുടക്കത്തിൽ മികവു കാട്ടിയിരുന്ന ഇളവേണിൽ അഞ്ചാം സ്ഥാനത്തുനിന്നാണ് പത്താമതേക്ക് വീണുപോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: