Kerala

സ്ഥലവും കെട്ടിടവും സേവാഭാരതിക്ക് നല്കി ബാലകൃഷ്ണനും ഭാര്യ സത്യവതിയും; കൈമാറിയത് കോടികള്‍ വിലമതിക്കുന്ന 50 സെന്റ് സ്ഥലവും മൂന്നു നില കെട്ടിടവും

Published by

മഞ്ചേരി: മഞ്ചേരി ടൗണില്‍ മേലാക്കം മാനു ആശുപത്രിക്ക് സമീപം റോഡരികിലെ കോടികള്‍ വിലമതിക്കുന്ന 50 സെന്റ് സ്ഥലവും അതിലെ മൂന്നു നില വാണിജ്യ കെട്ടിടമടക്കമുള്ളവയും ദേശീയ സേവാഭാരതിക്ക് സൗജന്യമായി നല്കി മഞ്ചേരി മേലാക്കം നടുവിലേക്കളം മജുശ്രീയില്‍ എ.കെ. ബാലകൃഷ്ണന്‍ നായരും ഭാര്യ വി. സത്യവതി ടീച്ചറും മാതൃകയായി.

എടക്കരയില്‍ നടന്ന സേവാഭാരതി ജില്ലാ പ്രതിനിധി സമ്മേളനത്തില്‍ സ്ഥലത്തിന്റെ ഉടമസ്ഥാവകാശ രേഖകള്‍ സേവാഭാരതി സംസ്ഥാന വൈസ് പ്രസിഡന്റ് ഡി.വിജയന്‍ സ്വീകരിച്ചു. സഹോദരിയും അവരുടെ ഏക മകനും മരിച്ചതിനെത്തുടര്‍ന്ന് ബാലകൃഷ്ണന്‍ നായര്‍ക്ക് കിട്ടിയ സ്വത്തും താമസിക്കുന്ന 10 സെന്റിലുള്ള വീട് ഒഴികെ തന്റെ പേരിലുള്ള മുഴുവന്‍ സ്വത്തും ചേര്‍ത്താണ് പരേതയായ അമ്മ എ.കെ. പാര്‍വ്വതി അമ്മയുടെ സ്മരണക്കായി അദ്ദേഹം സേവാഭാരതിക്ക് സമര്‍പ്പിച്ചത്.

‘സേവാഭാരതി പ്രവര്‍ത്തകരുടെ നിസ്വാര്‍ത്ഥവും ആത്മാര്‍ത്ഥവുമായ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരായും ദേശീയ സേവാഭാരതിയുടെ പ്രവര്‍ത്തന ലക്ഷ്യങ്ങള്‍ സമൂഹത്തിന് മുതല്‍ക്കൂട്ടാകുമെന്ന് മനസിലാക്കിയുമാണ് സ്ഥലം സേവാഭാരതിക്ക് കൈമാറിയതെന്ന് ബാലകൃഷ്ണന്‍ നായര്‍ പറഞ്ഞു.

എയര്‍ഫോഴ്‌സില്‍ 17 വര്‍ഷവും കോഴിക്കോട് മെഡി. കോളജില്‍ 18 വര്‍ഷവും ജോലി ചെയ്തിട്ടുണ്ട് ബാലേട്ടന്‍ എന്ന് എല്ലാവരും സ്‌നേഹത്തോടെ വിളിക്കുന്ന 85കാരനായ ബാലകൃഷ്ണന്‍ നായര്‍. ഭാര്യ സത്യവതി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് പ്രിന്‍സിപ്പലായി വിരമിച്ചു. തുടര്‍ന്ന് മലപ്പുറം എംഎസ്പി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പ്രിന്‍സിപ്പലായും കുറച്ചു കാലം പ്രവര്‍ത്തിച്ചു. ആദ്ധ്യാത്മിക കാര്യങ്ങളിലും സാമൂഹ്യ, സേവന പ്രവര്‍ത്തനങ്ങളിലും ഇപ്പോഴും സജീവമാണ് ഇരുവരും. ബിടെക്കിന് ശേഷം എംബിഎ ബിരുദം നേടിയ മനോജ് ബി. ഏക മകന്‍. പാലക്കാട് എന്‍എസ്എസ് എന്‍ജിനീയറിങ് കോളജിലെ അസോ. പ്രൊഫസറായ ഡോ. വാസന്തിയാണ് മനോജിന്റെ ഭാര്യ.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by