രാമനാഥപുരം: പാമ്പന്‍ റെയില്‍വേ കടല്‍പ്പാലത്തിന്റെ നിര്‍മാണം അന്തിമഘട്ടത്തില്‍. സപ്തംബറോടെ പണി പൂര്‍ത്തിയാകുമെന്നും അതിനുശേഷം റെയില്‍ ഗതാഗതത്തിനായി തുറന്നു കൊടുക്കുമെന്നും റിപ്പോര്‍ട്ട്.
ലിഫ്റ്റിങ് സ്പാന്‍ പ്രവര്‍ത്തികള്‍ ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നു. ലിഫ്റ്റിങ് സ്പാന്‍ പ്രവര്‍ത്തിപ്പിക്കുന്നതിനായി സ്ഥാപിച്ച ടവറുകളില്‍ വിവിധ ഇലക്ട്രിക്കല്‍ ജോലികള്‍ പുരോഗമിക്കുകയാണ്. ട്രാക്ക് പരിശോധനയും വൈദ്യുതി ലൈന്‍ ജോലികളും ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തീരുമെന്നും ഒക്ടോ. ഒന്നിന് പാലം വഴി രാമേശ്വരത്തേക്കുള്ള റെയില്‍വേ സര്‍വീസ് പുനരാരംഭിക്കാന്‍ സാധ്യതയുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
തമിഴ്നാട്ടിലെ രാമേശ്വരത്ത് നിലവിലുള്ള പാമ്പന്‍ പാലത്തിന് സമാന്തരമായാണ് രാജ്യത്തെ ആദ്യത്തെ കടല്‍പ്പാലമായ പുതിയ പാമ്പന്‍ പാലം നിര്‍മിക്കുന്നത്. നൂറ്റാണ്ട് പഴക്കമുള്ള പാമ്പന്‍ റെയില്‍വേ കടല്‍പ്പാലത്തിന്റെ ശോച്യാവസ്ഥ കണക്കിലെടുത്ത് 2019ല്‍ റെയില്‍ വികാസ് നിഗം ലിമിറ്റഡ് (ആര്‍വിഎന്‍എല്‍) ആണ് നിലവിലെ പാലത്തിന് സമീപം പുതിയ പാമ്പന്‍ റെയില്‍പ്പാലത്തിന്റെ നിര്‍മാണത്തിന് തുടക്കമിട്ടത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ പഴയ പാലത്തിലെ സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. പിന്നീട് 2022 ഡിസംബറില്‍ ഇത് പൂര്‍ണമായും നിര്‍ത്തുകയും ചെയ്തു.
2,070 മീറ്റര്‍ (6,790 അടി) നീളമുള്ള ലംബമായ ലിഫ്റ്റ് (വെര്‍ട്ടിക്കല്‍ ലിഫ്റ്റ്) കടല്‍പ്പാലമാണ് പുതിയ പാമ്പന്‍ പാലം. പുതിയ പാലത്തിന് കടലിന് കുറുകെ 100 സ്പാനുകളുണ്ടാകും. ഓട്ടോമാറ്റിക് ലിഫ്റ്റിങ് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ലിഫ്റ്റ് സ്പാന്‍ പൂര്‍ണമായും ലംബമായി ഉയര്‍ത്തപ്പെടുന്നതിനാല്‍ കപ്പലുകള്‍ക്ക് എളുപ്പത്തില്‍ കടന്നുപോകാന്‍ സാധിക്കുന്നു. ഭാരതത്തില്‍ ഇത്തരത്തില്‍ നിര്‍മിക്കപ്പെടുന്ന ആദ്യ റെയില്‍ പാലമാണിത്.
പുതിയ പാമ്പന്‍ റെയില്‍വേ കടല്‍പ്പാലത്തിലൂടെ മണ്ഡപം മുതല്‍ രാമേശ്വരം വരെയുള്ള എല്ലാ റെയില്‍ സര്‍വീസുകളും 2024 ഒക്ടോബര്‍ 1 ഓടെ പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. രാമേശ്വരം റെയില്‍വേ സ്റ്റേഷന് വരെ പാസഞ്ചര്‍ റിസര്‍വേഷന്‍ തുറക്കുന്നത് ഉള്‍പ്പെടെ ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യാന്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 2019 നവംബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പുതിയ പാലത്തിന് തറക്കല്ലിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: