റായ്പൂര്‍: വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ ലക്ഷങ്ങള്‍ പാരിതോഷികം പ്രഖ്യാപിച്ച രണ്ട് വനിതാ മാവോയിസ്റ്റുകള്‍ കീഴടങ്ങി. ഛത്തീസ്ഗഡ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് രണ്ടു പേര് കീഴടങ്ങിയത്.
ഛത്തീസ്ഗഡിലെ കബിര്‍ധാമില്‍ ഹിഡ്മെ കൊവാസി എന്ന 22 കാരിയാണ് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. എംഎംസി സോണല്‍ കമ്മിറ്റിയിലെയും കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാവോയിസ്റ്റിന്റെ മലജ്ഖണ്ഡ് ഏരിയ കമ്മിറ്റിയിലെയും സജീവ അംഗമാണ്. ഛത്തീസ്ഗഡ്, മഹാരാഷ്ട്ര സര്‍ക്കാരുകള്‍ ഇവരെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. മധ്യപ്രദേശ് സര്‍ക്കാര്‍ മൂന്ന് ലക്ഷവും.
മധ്യപ്രദേശിലെ ബാലാഘട്ടില്‍ 19 മാവോയിസ്റ്റ് ആക്രമണങ്ങളില്‍ പങ്കാളിയാണ് റാണിത എന്നറിയപ്പെടുന്ന ഇവര്‍. ഛത്തീസ്ഗഡില്‍ മൂന്ന് ആക്രണങ്ങളിലും ഇവര്‍ പങ്കാളിയായിട്ടുണ്ട്. ഒപ്പമുള്ള മുതിര്‍ന്ന മാവോയിസ്റ്റുകളുടെ മനുഷ്യത്വരഹിത പ്രവര്‍ത്തനങ്ങളിലും പൊള്ളയായ മാവോയിസ്റ്റ് പ്രത്യയശാസ്ത്രത്തിലും നിരാശ പ്രകടിപ്പിച്ചാണ് പോലീസിന് മുന്നില്‍ കീഴടങ്ങിയത്. ഇവരെ സര്‍ക്കാരിന്റെ പുനരധിവാസ പദ്ധതിയിലുള്‍പ്പെടുത്തി 25,000 രൂപ സഹായം നല്‍കും.
മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയില്‍ ലളിത എന്നറിയപ്പെടുന്ന റിന നരോട്ടെയാണ് കീഴടങ്ങിയത്. കൊലക്കേസ് പ്രതിയായ ഈ 36കാരി സുരക്ഷാ സേനക്കെതിരെയുള്ള ആക്രമണങ്ങളിലും പങ്കാളിയാണ്. മഹാരാഷ്ട്ര സര്‍ക്കാര്‍ എട്ട് ലക്ഷം രൂപയാണ് ഇവരെ കണ്ടെത്തുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്. ഇവര്‍ കീഴടങ്ങിയതിനാല്‍ 5.5 ലക്ഷം രൂപ ധനസഹായം ലഭിക്കുമെന്നും സംസ്ഥാന സര്‍ക്കാരിന്റെ അഭയകേന്ദ്രത്തില്‍ പുനരധിവസിപ്പിക്കുമെന്നും പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: