തിരുവനന്തപുരം:ഇപ്പോഴിതാ ഉള്ളൊഴുക്കിനെതിരെ പുതിയൊരു സൈബര്‍ ആക്രമണം കൂടി തുടങ്ങിയിരിക്കുന്നു. സിനിമാ തിയറ്ററുകള്‍ ഉള്ളൊഴുക്കിനെ കയ്യൊഴിഞ്ഞു എന്ന രീതിയിലാണ് ഈ സൈബര്‍ ആക്രമണം.
സൂപ്പര്‍ താരങ്ങളില്ലാത്ത, കഥ തന്നെ സൂപ്പര്‍ താരമായ ഈ ചിത്രത്തില്‍ മുഖ്യമായുള്ളത് രണ്ടേ രണ്ട് സ്ത്രീകഥാപാത്രങ്ങളാണ്. അത് അവതരിപ്പിച്ചത് മലയാളത്തിലെ ശക്തരായ രണ്ട് അഭിനേത്രികളാണ് ഉര്‍വ്വശിയും പാര്‍വ്വതിയും. ഇന്ത്യയിലെയും കേരളത്തിലെയും ഏതാണ്ട് എല്ലാ പത്രങ്ങളും മികച്ച റിവ്യൂ ആണ് ഈ സിനിമക്ക് നല്‍കിയത്. തിയറ്ററില്‍ നിന്നുള്ള വരുമാനം 4.4 കോടി ലഭിച്ചതായി സാക് നില്ക് റിപ്പോര്‍ട്ട് പറയുന്നു. ഇത് നിര്‍മ്മാതാക്കള്‍ക്ക് ലാഭമാണ്.
34 ദിവസം തിയറ്ററില്‍ ഓടി എന്നത് മോശം കാര്യമാണോ? 34 ദിവസം ഓടിയ ഈ സിനിമയെ തിയറ്ററുകള്‍ അവഗണിച്ചു എന്ന് എങ്ങിനെ പറയാന്‍ കഴിയും? എന്നിട്ടും അത്തരത്തിലുള്ള സൈബര്‍ ആക്രമണം ഉള്ളൊഴുക്കിനെതിരെ നടക്കുന്നു.
ഇനി മറ്റൊരു സംഭവം ഈ സിനിമയ്ക്ക് കേരളാ സര്‍ക്കാരിന്റെ ഫിലിം ഫെസ്റ്റിവലില്‍ (ഐഎഫ്എഫ്കെ) പ്രവേശനം ലഭിച്ചില്ല എന്നതാണ്. അതുപോലെ ഗോവയില്‍ നടക്കുന്ന ഫിലിം ഫെസ്റ്റിവലിലും പ്രവേശനം ലഭിച്ചില്ല. ആരാണ് ഉള്ളൊഴുക്ക് എന്ന ക്രിസ്റ്റി ടോമി ചിത്രത്തെ മത്സരവേദികളില്‍ നിന്നും തടയാന്‍ ശ്രമിക്കുന്നത്? ഇടത് ബുദ്ധിജീവികളാണോ? തുടര്‍ഭരണം കിട്ടിയ പിണറായിയുടെ തണലില്‍ വലിയൊരു ഇടത് ബുദ്ധിജീവി വലയം അവാര്‍ഡുകളില്‍ കണ്ണുവെച്ച് കരുക്കള്‍ നീക്കുന്നുണ്ട്. ഇതിനെ ചോദ്യം ചെയ്ത് സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന് കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ജാതിക്കലാപത്തിലൂടെ ഇന്ത്യയിലെ മികച്ച സിനിമവിദഗ്ധനായ ശങ്കര്‍ മോഹനനെ കെ.ആര്.നാരായണന് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും പുറത്താക്കിയത് ഇടത് വിദ്യാര്‍ത്ഥിസംഘടനകളെ ഉപയോഗിച്ചാണ്. ശങ്കര്‍ മോഹന്‍ പിന്തുണ പ്രഖ്യാപിച്ച് അടൂര്‍ ഗോപാലകൃഷ്ണനും അവിടം വിട്ടിറങ്ങി. അടൂരിന് പകരം അവിടെ ആ സ്ഥാനത്തേക്ക് കൊണ്ടുവന്നത് സയ്യിദ് മിര്‍സയെയാണ്.
നടി പാര്‍വ്വതിയും ഉര്‍വ്വശിയും അവരുടെ പല വിധ ദുരനുഭവങ്ങളില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റ് ശക്തമായ രണ്ട് കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട മുഹൂര്‍ത്തത്തിലാണ് സിനിമയ്ക്കെതിരെ തമസ്കരണവും സൈബര്‍ അറ്റാക്കും നടക്കുന്നത്.
2018ല്‍ സിനിസ്ഥാന്‍ വെബ് പോര്‍ട്ടല്‍ മികച്ച തിരക്കഥകള്‍ കണ്ടെത്തുന്നതിന് വേണ്ടി നടത്തിയ മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ തിരക്കഥയായിരുന്നു ക്രിസ്റ്റോ ടോമിയുടെ ഉള്ളൊഴുക്ക്. ലാപത ലേഡീസ് ആയിരുന്നു രണ്ടാം സ്ഥാനം കിട്ടിയ തിരക്കഥ. റോണി സ്ക്രൂവാലയും ഹണി തെഹറാനും അഭിഷേക് ചൗബേയും ചേര്‍ന്ന് ആര് എസ് വി പി യുടെയും മക്ഗഫിന് പിക്ചേഴ്സിന്റെയും ബാനറുകളിലാണ് ചിത്രം നിര്‍മ്മിച്ചത്. ഇവര്‍ക്ക് ഇതിനോടകം ചെറിയൊരു ലാഭം കിട്ടിക്കഴിഞ്ഞു. മികച്ച രീതിയില്‍ ക്യാമറ ചലിപ്പിച്ച സിനിമാറ്റോഗ്രഫര്‍ ഷെഹനാദ് ജലാലും ഏറെ അഭിനന്ദനങ്ങള്‍ നേടിയിരുന്നു.
മാധ്യമങ്ങളിലെ സിനിമാനിരൂപകര്‍ മികച്ച അഭിപ്രായപ്രകടനങ്ങളാണ് നടത്തിയത്. റീഡിഫ് ഡോട്ട് കോമിന്റെ ദിവ്യനായരും ദ ഹിന്ദുവിന്റെ എസ്.എസ്. പ്രവീണും ഇന്ത്യന്‍ എക്സ്പ്രസിന്റെ കിറുബാകരന്‍ പുരുഷോത്തമനും ന്യൂസ് മിനിറ്റിന്റെ സൗമ്യ രാജേന്ദ്രനും ഫസ്റ്റ് പോസ്റ്റിന്റെ പ്രിയങ്ക സുന്ദറും മനോരമയുടെ സ്വാതി പി. അജിതും ഫിലിം കമ്പാനിയന്റെ അശ്വതി ഗോപാലകൃഷ്ണനും സിനിമയെയും അതിന്റെ പ്രധാന വേഷങ്ങളിട്ട ഉര്‍വ്വശിയുടെയും പാര്‍വ്വതിയുടെയും അഭിനയത്തെയും ശ്ലാഘിച്ചിരുന്നു. ടൈംസ് ഓഫ് ഇന്ത്യ ഉള്‍പ്പെടെ മിക്ക മാധ്യമങ്ങളും മികച്ച റേറ്റിംഗാണ് നല്‍കിയത്. എന്നിട്ടും പുരസ്താരസാധ്യതകളില് നിന്നും ചിത്രം തള്ളിമാറ്റപ്പെടുന്നത് വേദനയുളവാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: