ഇതിഹാസങ്ങളായ രാമായണവും മഹാഭാരതവും ശരിയായി മനസ്സിലാവണമെന്നുണ്ടെങ്കില്‍ അവയിലെ ദര്‍ശനവും ധര്‍മസങ്കല്‍പ്പവും അറിഞ്ഞിരിക്കണം. വലിയ എഴുത്തുകാരില്‍ പലര്‍ക്കും ഇതിന് കഴിയാത്തതിന്റെ അപഭ്രംശങ്ങള്‍ മലയാള സാഹിത്യത്തില്‍ വേണ്ടുവോളമുണ്ട്. കഥകളിലും കവിതകളിലും നോവലുകളിലും പ്രബന്ധങ്ങളിലുമൊക്കെയായി വായനക്കാരിലെത്തിക്കൊണ്ടിരുന്ന ഈ ധര്‍മവിലോപങ്ങള്‍ ആസ്വാദനത്തെ മലിനമാക്കുകയും, ഭാരതീയമായ മൂല്യബോധത്തെയും ധര്മസങ്കല്പ്പങ്ങളെയും തകിടം മറിക്കുകയും ചെയ്യുന്നു.
‘ഭാരത പര്യടനം’ എഴുതിയ കുട്ടികൃഷ്ണ മാരാരെപ്പോലുള്ള ഒരു മഹാമനീഷിക്കുപോലും ഈ തെറ്റ് പറ്റിയിരിക്കുമ്പോള്‍ മറ്റു പലരുടെയും കാര്യം പറയേണ്ടതില്ലല്ലോ. മഹാഭാരതത്തിലെ ആദര്‍ശപുരുഷനായി ഭീഷ്മരെ ഉയര്‍ത്തിക്കാട്ടുന്ന കുട്ടികൃഷ്ണമാരാര് ഇതിഹാസത്തില്‍ എവിടെയൊക്കെ ധര്‍മമുണ്ടോ അതെല്ലാം അധര്‍മമായും, അധര്‍മത്തെ ധര്‍മമായും ചിത്രീകരിച്ചുവെന്ന പ്രൊഫ. എം. കൃഷ്ണന് നായരുടെ വിമര്‍ശനം പ്രസിദ്ധമാണല്ലോ.
വി.എസ്. ഖാണ്ഡേക്കറുടെ യയാതിയിലും ശിവാജി സാവന്തിന്റെ കര്‍ണനിലും പ്രതിഭാ റായിയുടെ ദ്രൗപദിയിലും നരേന്ദ്ര കോഹ്ലിയുടെ മുക്തിയിലും എം.ടി. വാസുദേവന്‍ നായരുടെ രണ്ടാമൂഴത്തിലും പി.കെ. ബാലകൃഷ്ണന്റെ ഇനി ഞാന്‍ ഉറങ്ങട്ടെയിലും രചയിതാക്കള്‍ വ്യാസന്റെ ദര്‍ശനത്തെയും ധര്മസങ്കല്പ്പങ്ങളെയും സമീപിച്ചിരിക്കുന്നത് വ്യത്യസ്തമോ വിരുദ്ധമോ ആയാണ്. ഇവയില്‍ ചിലത് മഹാഭാരതത്തോട് നീതിപുലര്‍ത്തുമ്പോള്‍ മറ്റു ചിലത് ഇതിഹാസത്തെ നിന്ദിക്കുന്നു.
മഹാഭാരതമെന്നപോലെ പല വീക്ഷണങ്ങളിലൂടെയും കടന്നാക്രമിക്കപ്പെട്ടിട്ടുണ്ട് ആദികാവ്യമായ രാമായണവും. ഭാരതത്തിന്റെ ധര്‍മസങ്കല്‍പ്പത്തെ അരക്കിട്ടുറപ്പിക്കുന്ന കഥാപാത്രങ്ങളെയും കഥാസന്ദര്‍ഭങ്ങളെയും ആദികവി പിന്‍പറ്റിയ ദര്‍ശനത്തില്‍നിന്നും ധര്മസങ്കല്പ്പത്തില്നിന്നും വേര്‍പെടുത്തിയെടുത്ത് വിമര്‍ശിക്കുകയും പരിഹസിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്ന രീതി കാലങ്ങളായി തുടരുന്നു. വാല്മീകി രാമായണവും, അദ്ധ്യാത്മ രാമായണം ഉള്‍പ്പെടെയുള്ള രാമായണങ്ങളും ജനകോടികള്‍ വായിക്കുകയും ആരാധിക്കുകയും ചെയ്യുന്നതിനാല്‍ തെറ്റിദ്ധാരണകളും ആശയക്കുഴപ്പങ്ങളും നിലനില്ക്കുകയും, ധര്‍മസങ്കല്‍പ്പം കളങ്കപ്പെടുകയും ചെയ്യുന്നു. രാമായണങ്ങളുടെ ഈ ദുര്‍വായനകള്‍ക്ക് വാല്മീകി രാമായണത്തിന് നല്‍കാനുള്ള മറുപടികളാണ് ഡോ. വി.സുജാതയുടെ ‘ആദികാവ്യത്തിലെ അനശ്വര മൂല്യങ്ങള്‍’ എന്ന പുസ്തകം.
ഗ്രിഗോറിയന്‍ കാലഗണനയും യൂറോപ്യന്‍ ചരിത്രാവബോധവും മുന്‍നിര്‍ത്തി വാല്മീകി രാമായണത്തിന്റെ പൗരാണികതയെ വന്‍തോതില്‍ കുറച്ചു കാണിക്കുകയും, രാമനുള്പ്പെടെയുള്ള ആദര്‍ശ കഥാപാത്രങ്ങളെ ഇകഴ്ത്തിക്കാണിക്കുകയും, രാവണന് മുതലായ അധാര്‍മികതയുടെ പ്രതിരൂപങ്ങളെ മഹത്വവല്‍ക്കരിക്കുകയും ചെയ്യുന്ന ദുര്വായനകളെ മുന്‍കാല പ്രാബല്യത്തോടെ നിരാകരിച്ച് ധര്‍മസങ്കല്‍പ്പത്തെ ഉയര്‍ത്തിപ്പിടിക്കുകയാണ് ഈ കൃതി. ഉത്തരാധുനിക അപനിര്മാണക്കാരും പുനര്വായനക്കാരും എന്തു പറയുന്നുവെന്നല്ല, വാല്മീകി രാമായണത്തിന്റെ അഭിമതങ്ങള്‍ പരിശോധിക്കുകയാണ് ഗ്രന്ഥകാരി. ഇതിലൂടെ രാമായണത്തെ സംബന്ധിച്ച മിഥ്യാധാരണകള്‍ പലതും പിഴുതെറിയപ്പെടുന്നു.
രാമന് എങ്ങനെയാണ് ഒരേസമയം ലോകര്‍ക്ക് മാതൃകയായ ഉത്തമ മനുഷ്യനും, ആരാധനാ മൂര്‍ത്തിയായ അവതാര പുരുഷനുമാകുന്നതെന്ന് ഗ്രന്ഥകാരി ആധികാരികമായി വിശദീകരിക്കുന്നു. ആത്മീയമാര്ഗമായ വിരക്തി ജീവിതനിരാസമല്ലെന്ന് വ്യക്തമാക്കുകയും ചെയ്യുന്നു. വാല്മീകിയുടെ സ്ത്രീ കഥാപാത്രങ്ങളായ സീതയെയും അഹല്യയെയും താടകയെയും ശൂര്‍പ്പണഖയെയും താരയെയും മണ്ഡോദരിയെയുമൊക്കെ സ്ത്രീ സമത്വത്തിന്റെയും ലിംഗനീതിയുടെയും കാഴ്ചപ്പാടുകളിലൂടെ അപനിര്മിക്കുന്നതിനു പിന്നിലെ ഗൂഢലക്ഷ്യത്തെ തുറന്നുകാട്ടുന്നുമുണ്ട്. വാല്മീകിയുടെ രാമന് സീതയോട് അനീതി കാണിച്ചിട്ടില്ലെന്നും, സന്ദര്‍ഭം ആവശ്യപ്പെട്ടപ്പോഴൊക്കെ രാമനെപ്പോലും ആശ്രയിക്കാതെ സ്വന്തം കാര്യങ്ങളില്‍ തീരുമാനമെടുത്തവളാണ് സീതയെന്നും ഗ്രന്ഥകാരി തെളിയിക്കുന്നു.
ഇന്ദ്രന്റെ ഇംഗിതത്തിനു വഴങ്ങിയതിനാല്‍ ഗൗതമന്റെ ശാപമേറ്റ് ശിലയായിത്തീരുകയും, രാമന്റെ പാദസ്പര്ശത്താല് മോക്ഷം ലഭിക്കുകയും ചെയ്തതല്ല അഹല്യയുടെ ചരിതമെന്ന് വാല്മീകി സാക്ഷ്യപ്പെടുത്തിയിട്ടുള്ളത് ഗ്രന്ഥകാരി എടുത്തുകാട്ടുന്നു. അഹല്യയോട് അദൃശ്യയായി തപസ്സനുഷ്ഠിക്കാന്‍ പറഞ്ഞ് ഗൗതമന് തപസ്സിനായി ഹിമാലയത്തിലേക്കു പോവുകയും, കാലങ്ങള്‍ക്കുശേഷം രാമന്റെ ദര്‍ശനം ലഭിക്കുമ്പോള്‍ അഹല്യക്ക് പൂര്‍വരൂപം തിരിച്ചുകിട്ടുകയുമാണ്. അഹല്യയാകുന്ന ശിലയില്‍ രാമന്റെ പാദസ്പര്ശമേല്ക്കുകയല്ല, തപസ്സുകൊണ്ട് വിശുദ്ധി നേടിയ അഹല്യയുടെ പാദങ്ങളില്‍ ശ്രീരാമലക്ഷ്മണന്മാര് പ്രണമിക്കുകയാണ് ചെയ്യുന്നത്. താടക, ശൂര്‍പ്പണഖ, മണ്ഡോദരി, താര എന്നിവരെ സംബന്ധിക്കുന്ന സത്യങ്ങള്‍ വിശദീകരിക്കുമ്പോഴും ദുര്വായനക്കാരും അപനിര്മാതാക്കളും കെട്ടിപ്പൊക്കിയ നുണക്കോട്ടകള്‍ തകര്‍ന്നടിയുകയാണ്.
ശംബൂക വധത്തെ പുനര്‍വായിച്ച് രാമനെയും വാല്മീകിയെപ്പോലും അപഹസിക്കുന്നവര്‍ക്ക് ഈ പുസ്തകം ഉചിതമായ മറുപടി നല്കിയിരിക്കുന്നു. ശംബൂകന് വധിക്കപ്പെട്ടത് ശൂദ്രനായതുകൊണ്ടാണെന്ന് ആദികാവ്യത്തില്‍ എവിടെയുമില്ല. ബ്രാഹ്മണ വിധേയത്വംകൊണ്ട് ശംബൂകനെ വധിക്കുകയായിരുന്നില്ല രാമന്. തന്റെ മകന് സര്‍പ്പദംശനമേറ്റത് ശംബൂകന്റെ തപസ്സുകൊണ്ടാണെന്ന ബ്രാഹ്മണന്റെ ആവലാതിയെക്കുറിച്ച് ഋഷിമാരുടെ സഭ വിളിച്ചുചേര്‍ത്ത് ചര്‍ച്ചചെയ്യുന്നുണ്ട് രാമന്. നാരദന്റെ നിര്‍ദ്ദേശപ്രകാരം ശംബൂകനെ കണ്ടെത്തി എന്താണ് കഠിന തപസ്സിന്റെ ലക്ഷ്യമെന്ന് രാമന് ചോദിക്കുന്നു. ”ദേവലോകത്തെ ജയിക്കാന്‍ ഇച്ഛിക്കുന്ന എനിക്ക് അങ്ങയോട് അസത്യം പറയാനാവില്ല” എന്നായിരുന്നു മറുപടി. ശംബൂകന്റെ ഈ സത്യസന്ധത പോലും രാമന്റെ ഉത്തരാധുനിക വിമര്ശകര്ക്കില്ലാതെപോകുന്നു.
സൃഷ്ടിക്രമങ്ങളെ അലങ്കോലപ്പെടുത്തിയതിനാലാണ് ശൂദ്രനായ ശംബൂകന് വധിക്കപ്പെടുന്നത്. ഇക്കാരണത്താല്‍ തന്നെയാണ് ബ്രാഹ്മണനായ രാവണനെയും രാമന് വധിക്കുന്നത്. വനവാസം നിരര്‍ത്ഥകമാണെന്നും, ഐഹിക സുഖങ്ങള്‍ അനുഭവിക്കുകയാണ് വേണ്ടതെന്നുമുള്ള ബ്രാഹ്മണനായ ജാബാലിയുടെ ഉപദേശവും നിരസിക്കുകയാണല്ലോ രാമന്. ഇപ്രകാരം ഏഴ് അധ്യായങ്ങളിലായി രാമായണത്തിന്റെ ചരിത്രപരതയും ആത്മീയതലവും വിശദീകരിക്കുന്നതിനൊപ്പം വിശ്വാസത്തിന്റെ ദാര്‍ഢ്യം ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്നു. ഇതിനാല്‍ വലിയ വൈകാരിക സുരക്ഷിതത്വം ഈ പുസ്തകം വായനക്കാര്‍ക്കു നല്‍കും. ഉള്ളടക്കത്തിന്റെ ഗരിമയും, സാംസ്കാരിക പ്രതിരോധത്തിന് ഇങ്ങനെയൊരു പുസ്തകത്തിന്റെ ആവശ്യകതയും അടിവരയിട്ടു പറയുന്നതാണ് കേസരി വാരികയുടെ മുഖ്യ പത്രാധിപര്‍ ഡോ. എന്‍.ആര്. മധുവിന്റെ അവതാരിക.
ഇതിഹാസ പഠനങ്ങള്‍ പലപ്പോഴും പാണ്ഡിത്യ പ്രകടനമായിത്തീരാറുണ്ട്. വായിച്ചു പഠിച്ചത് പകര്‍ത്തി വയ്ക്കുകയും, ചിന്ത അകന്നുനില്ക്കുകയും ചെയ്യും. ഇതല്ല ഡോ. സുജാതയുടെ എഴുത്തു രീതി. അതേസമയം പാണ്ഡിത്യത്തിനും പ്രതിഭയ്ക്കും യാതൊരു കുറവുമില്ല. വാല്മീകി രാമായണത്തിന്റെ സംഗ്രഹം പരിഭാഷപ്പെടുത്തിയിരിക്കുന്നത് ഇതിനുദാഹരണം. ഈ പുസ്തകത്തില്‍ അധികവും ഉദ്ധരിച്ചിട്ടുള്ളത് ‘വാല്മീകി രാമായണ സംഗ്രഹം’ എന്ന സ്വന്തം കൃതിയില്‍ നിന്നാണ്.
ആഴത്തിലുള്ള പഠനവും ദുര്‍ഗ്രഹതയില്ലാത്ത ആശയവിനിമയവും ‘ആദികാവ്യത്തിലെ അനശ്വര മൂല്യങ്ങള്‍’ എന്ന പുസ്തകത്തിന്റെ സവിശേഷതയാണ്. ഭാരതീയ സംസ്കാരത്തിന്റെ ഈടുവയ്പുകളായ ഇതിഹാസങ്ങളെ കടന്നാക്രമിച്ച് സനാതനധര്‍മത്തെ നിഷ്പ്രഭമാക്കാന്‍ ശ്രമിക്കുന്നവരെ ഇതിന്റെ ഉള്ളടക്കം നിരായുധരാക്കും. രാമന് എന്ന പേരില്‍ തന്നെ ഭാരതം അഭിമാനം കൊള്ളുന്നുവെന്ന് അല്ലാമ ഇക്ബാല്‍ പറയുന്നുണ്ടല്ലോ. ‘ആദികാവ്യത്തിലെ അനശ്വരമൂല്യങ്ങള്‍’ വായിക്കുമ്പോള്‍ ഈ അഭിമാനം വര്‍ധിക്കുക തന്നെ ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: