കൊച്ചി: ശൈശവവിവാഹം തടഞ്ഞുകൊണ്ടുള്ള നിയമം കര്‍ശനമായി നടപ്പിലാക്കുമെന്ന് കേരള ഹൈക്കോടതി. എല്ലാ ഇന്ത്യക്കാര്‍ക്കും ഈ നിയമം ബാധകമായിരിക്കും. മതപരമായ വിലക്കുകള്‍ ഒന്നും അംഗീകരിക്കുകയില്ലെന്നും 2006 ലെ ശൈശവ വിവാഹ നിരോധന നിയമം മുസ്ലീം മതവിശ്വാസികൾക്കും ബാധകമാണെന്നും ഹൈക്കോടതി പറഞ്ഞു.
വടക്കഞ്ചേരി പോലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ലഭിച്ച ഹർജിയിൽ ആണ് കോടതിയുടെ നടപടി. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായ ബെഞ്ചാണ് ഈ വിധി പുറപ്പെടുവിച്ചത്. ഋതുമതിയായ 15 കാരിയെ വ്യക്തിനിയമ പ്രകാരം വിവാഹം കഴിച്ച് നൽകാൻ കഴിയുന്നില്ലെന്നും, അത് നിയമപരമായി തെറ്റാണെന്നും 18 വയസ്സാണ് കുട്ടികളുടെ വിവാഹപ്രായമെന്നും കോടതി വ്യക്താക്കി.
ഇനി മുതല്‍ പ്രായം കുറഞ്ഞ പെണ്‍കുട്ടികളെ വിവാഹം കഴിക്കുന്ന മുസ്ലിം സമുദായാംഗങ്ങള്‍ക്ക് നിയമപരിരക്ഷ ലഭിക്കുകയില്ല. പണ്ടൊക്കെ മുസ്ലിം വ്യക്തിനിയമത്തിന്റെ പേരില്‍ ശൈശവവിവാഹം സാധിക്കുമായിരുന്നു.
പെണ്‍കുട്ടി പ്രായപൂര്‍ത്തിയായാല്‍ അവള്‍ വിവാഹത്തിന് യോഗ്യയായി എന്ന് പറയുന്ന മുസ്ലിം വ്യക്തിഗത നിയമം ഇനി ശൈശവവിവാഹത്തില്‍ ന്യായീകരണമാവില്ലെന്നും കോടതി വ്യക്തമാക്കുന്നു. ശൈശവ നിയമത്തിന്റെ കാര്യത്തില്‍ മുസ്ലിം വ്യക്തിഗത നിയമം ഇനി ബാധകമാവില്ലെന്നും കോടതി വിശദീകരിക്കുന്നു.
നിയമത്തിന് മുന്‍പില്‍ പൗരത്വമാണ് മുഖ്യമെന്നും മതം രണ്ടാമത് വരുന്ന ഒന്ന് മാത്രമാണെന്നും കേരള ഹൈക്കോടതി വിധിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: