ന്യൂദല്‍ഹി: സിവില്‍ സര്‍വീസ് കോച്ചിങ് സെന്ററിന്റെ വെള്ളം കയറി മലയാളി അടക്കം മൂന്ന് വിദ്യാർഥികൾ മരിച്ച സംഭവത്തിൽ സ്ഥാപന ഉടമയേയും കോർഡിനേറ്ററേയും പോലീസ് അറസ്റ്റുചെയ്തു. സംഭവത്തിൽ ക്രിമിനൽ കേസാണ് റജിസ്റ്റർ ചെയ്തിരിക്കുന്നത് എന്ന് ഡി.സി.പി എം.ഹർഷവർദ്ധൻ അറിയിച്ചു. അപകടത്തെ കുറിച്ച് വിശദമായി മനസ്സിലാക്കാൻ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയാണെന്നും ഫോറൻസിക് സംഘം സ്ഥലത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അപകടത്തിൽ ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് തേടിയ ദൽഹി സർക്കാർ മജിസ്റ്റീരിൽ അന്വേഷണം പ്രഖ്യാപിച്ചു. ദൽഹിയിലെ ഓൾഡ് രാജേന്ദ്ര നഗറിൽ പ്രവർത്തിക്കുന്ന റാവു സിവിൽ സർവീസ് അക്കാദമിയുടെ ബേസ്മെന്റിൽ പ്രവർത്തിച്ചിരുന്ന ലൈബ്രറിയിലാണ് വെള്ളം കയറിയത്. ഇവിടെ പഠിക്കാനെത്തിയ വിദ്യാർഥികളാണ് കുടുങ്ങിയത്. രണ്ട് പെണ്‍കുട്ടികൾക്കും ഒരു ആണ്‍കുട്ടിക്കുമാണ് ജീവൻ നഷ്ടമായത്. കനത്ത മഴയെ തുടർന്ന് ഓടയിലും റോഡിലുമുണ്ടായ വെള്ളം ബേസ്മെന്റിലേക്ക് ഒഴുകിയിറങ്ങുകയായിരുന്നു. 3 നില കെട്ടിടത്തിന്റെ ബേസ്മെന്റിൽ 7 അടിയോളം ഉയരത്തിലാണ് വെള്ളം പൊങ്ങിയത്.
എറണാകുളം സ്വദേശി നവീന്‍ ഡെല്വിന് (28) ആണ് മരിച്ച മലയാളി. ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ (ജെ.എന്‍.യു.) ഗവേഷക വിദ്യാര്‍ഥിയാണ് നവീന്‍. ദേശീയ ദുരന്ത നിവാരണ സേന കെട്ടിടത്തിൽ കുടുങ്ങിയിരുന്ന 14 പേരെ രക്ഷപ്പെടുത്തി. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ വെള്ളം വറ്റിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്. സംഭവ സമയത്ത് 30 ഓളം വിദ്യാർഥികളാണ് ഇവിടെ ഉണ്ടായിരുന്നത്.
തെലങ്കാന സ്വദേശി തനിയ സോണി (25), ഉത്തര്‍പ്രദേശ് സ്വദേശി ശ്രേയ യാദവ് (25) എന്നിവരാണ് മരിച്ച മറ്റുള്ളവര്‍. ശനിയാഴ്ച വൈകീട്ട് ഏഴ് മണിയോടെയായിരുന്നു അപകടം. ഡ്രെയിനേജ് തകര്‍ന്നതാണ് ബേസ്മെന്റിലേക്ക് വെള്ളം കയറാന്‍ കാരണമെന്നാണ് പറയപ്പെടുന്നത്. സംഭവത്തിന് പിന്നാലെ വലിയ പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍ രംഗത്തെത്തി. കോച്ചിങ് സെന്ററിന് പുറത്ത് റോഡില്‍ വിദ്യാര്‍ഥികള്‍ മുദ്രാവാക്യങ്ങളുമായി പ്രതിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: