ന്യൂദല്‍ഹി: മലയാളത്തിനായി ശ്രേഷ്ഠഭാഷ പദവി വിഭാഗത്തില്‍ ഉള്‍പ്പെടുത്തി നടപ്പാക്കാന്‍ പുതിയ പദ്ധതി നിര്‍ദേശങ്ങളൊന്നും സമര്‍പ്പിക്കാതെ കേരളം. 2013ലാണ് മലയാളത്തിന് ശ്രേഷ്ഠഭാഷ പദവി ലഭിച്ചത്.
2020-21 മുതല്‍ 2023-24 വരെയുള്ള ബജറ്റുകളില്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി കേരളത്തിനാകെ 3.81 കോടി രൂപ ഗ്രാന്റ് ആയി അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി നടപ്പാക്കാന്‍ കേരളം പുതിയ പദ്ധതി നിര്‍ദേശങ്ങളൊന്നും സമര്‍പ്പിച്ചിട്ടില്ലെന്ന് കേന്ദ്രം വ്യക്തമാക്കുന്നു. കേന്ദ്ര സാംസ്കാരിക ടൂറിസം വകുപ്പ് മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത് ആണ് ലോക്സഭയില്‍ ഇക്കാര്യം അറിയിച്ചത്.
ആറ് ഭാഷകള്‍ക്കാണ് നിലവില്‍ ശ്രേഷ്ഠഭാഷ പദവി ലഭിച്ചത്. 2004ല്‍ തമിഴിനാണ് ആദ്യം ശ്രേഷ്ഠഭാഷ പദവി ലഭിക്കുന്നത്. 2005ല്‍ സംസ്കൃതം, 2008ല്‍ കന്നഡ, തെലുങ്ക്, 2013ല്‍ അഞ്ചാമതായി മലയാളത്തിനും ശ്രേഷ്ഠഭാഷ പദവി നല്കി. 2014ല്‍ ഒഡിയ ഭാഷയ്ക്കാണ് അവസാനമായി ശ്രേഷ്ഠഭാഷ പദവി നല്‍കിയത്.
ശ്രേഷ്ഠഭാഷകള്‍ ഉള്‍പ്പെടെ എല്ലാ ഭാരതീയ ഭാഷകളെയും പ്രോത്സാഹിപ്പിക്കുക എന്ന നയമാണ് നിലവില്‍ കേന്ദ്രസര്‍ക്കാര്‍ പിന്തുടരുന്നത്. 2020ലെ ദേശീയ ദേശീയ വിദ്യാഭ്യാസനയവും എല്ലാ ഭാരതീയ ഭാഷകളുടെയും പ്രോത്സാഹനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ്.
സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യന്‍ ലാംഗേജ്വസ് (സിഐഎഎല്‍) മലയാളം, കന്നഡ, തെലുങ്ക്, ഒഡിയ എന്നിവ ഉള്‍പ്പെടെ എല്ലാ ഭാരതീയ ഭാഷകളുടെയും പ്രോത്സാഹനത്തിനായി പ്രവര്‍ത്തിക്കുന്നു.
സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ക്ലാസിക്കല്‍ തമിഴ് ആണ് തമിഴ് ഭാഷയുടെ വികസനത്തിനും പ്രോത്സാഹനത്തിനുമായി പ്രവര്‍ത്തിക്കുന്നത്. സംസ്കൃതത്തിന്റെ പ്രോത്സാഹനത്തിനായി മൂന്ന് കേന്ദ്ര സര്വകലാശാലകളിലൂടെയാണ് പദ്ധതികള്‍ നടപ്പാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: