ഇസ്ലാമാബാദ്: ഊര്‍ജ്ജ മേഖലയിലെ വായ്പകള്‍ പുനഃക്രമീകരിക്കുന്നതുമായി ബന്ധപ്പെട്ട് ചൈനയുമായുള്ള ചര്‍ച്ചകള്‍ പ്രതിസന്ധിയിലായതോടെ പാകിസ്ഥാന്റെ സാമ്പത്തിക മേഖലയില്‍ ആശങ്കകള്‍ വര്‍ദ്ധിക്കുന്നുവെന്ന് ഡോണിന്റെ റിപ്പോര്‍ട്ട്.
വെള്ളിയാഴ്ച, പാക് ധനമന്ത്രി മുഹമ്മദ് ഔറംഗസേബ്, ചൈനയുടെ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ പാന്‍ ഗോങ്ഷെങ്ങുമായി കൂടിക്കാഴ്ച നടത്തി ഉഭയകക്ഷി സാമ്പത്തിക സഹകരണം ചര്‍ച്ച ചെയ്തെങ്കിലും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല.
വ്യാഴാഴ്ച ബെയ്ജിങ്ങില്‍ എത്തിയ ഔറംഗസേബ്, അന്താരാഷ്‌ട്ര നാണയ നിധി (ഐഎംഎഫ്) ശിപാര്‍ശ ചെയ്യുന്ന ഘടനാപരമായ പരിഷ്‌കാരങ്ങള്‍ക്കൊപ്പം പാക്കിസ്ഥാന്റെ ഊര്‍ജ്ജമേഖലയിലെ വലിയ വായ്പയ്‌ക്ക് ആശ്വാസമേകുന്ന നടപടികളെപ്പറ്റിയാണ് ചര്‍ച്ച ചെയ്തത്. എന്നാല്‍ ചര്‍ച്ചകളുടെ ഫലം ഓഹരി ഉടമകള്‍ക്കിടയില്‍ വലിയ ആശങ്കയാണ് സൃഷ്ടിച്ചത്. ചര്‍ച്ചകള്‍ അനുകൂലമായില്ലെങ്കില്‍ വിദേശ നിക്ഷേപത്തിലും വിനിമയ നിരക്ക് സ്ഥിരതയിലും വലിയ പ്രത്യാഘാതമുണ്ടാകും.
ഊര്‍ജ്ജ മേഖലയുടെ വായ്പകള്‍ പുനഃക്രമീകരിക്കാനുള്ള പാകിസ്ഥാന്റെ അഭ്യര്‍ത്ഥന ചൈന പൂര്‍ണമായും നിരസിക്കില്ലെന്നാണ് പ്രതീക്ഷയെന്ന് പാക് ധനമന്ത്രാലയും പറയുന്നു. പക്ഷേ അന്തിമഫലം ശുഭകരമല്ലെന്ന വിവരമാണ് പുറത്തുവരുന്നത്. പ്രശ്‌നം പരിഹരിക്കാനുള്ള ചൈന വിമുഖത കാട്ടുകയാണെന്നും ഇത് ചര്‍ച്ചകള്‍ മുന്നോട്ടുപോകുന്നതിന് തടസമാവുന്നുവെന്നും ധനമന്ത്രാലയം തന്നെ ചൂണ്ടിക്കാട്ടുന്നു.
ചൈന വളരെക്കാലമായി പാകിസ്ഥാന്റെ ഏറ്റവും വലിയ വിദേശ നിക്ഷേപക രാജ്യമാണ്. ചൈനീസ് നിക്ഷേപങ്ങളില്‍ കുറവുണ്ടാകുമ്പോള്‍ ഹോങ്കോങ്ങിനെയാണ് പാകിസ്ഥാന്‍ ആശ്രയിക്കുന്നത്. ചൈനയില്‍ നിന്നും ഹോങ്കോങ്ങില്‍ നിന്നുമുള്ള സംയോജിത നിക്ഷേപങ്ങള്‍ പാകിസ്ഥാന്റെ മൊത്തം വിദേശ നിക്ഷേപത്തിന്റെ പകുതിയോളം വരും, ഇത് ഇപ്പോള്‍ 17 ശതമാനം വര്‍ധിച്ച് 1.9 ബില്യണ്‍ ഡോളറായി. പാകിസ്ഥാന്റെ കരുതല്‍ ശേഖരം വര്‍ദ്ധിപ്പിക്കുന്നതിന് ചൈനീസ് വായ്പയാണ് വലിയ പങ്കു വഹിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: