മുംബൈ: നവി മുംബൈയിലെ സിബിഡി ബേലാപൂര്‍ പ്രദേശത്ത് നാല് നില കെട്ടിടം തകര്‍ന്ന് മൂന്ന് പേര് മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ പുലര്‍ച്ചെ 4.50നാണ് സംഭവം.
കെട്ടിടത്തിലെ മറ്റ് 52 താമസക്കാരെ ദുരന്തനിവാരണസേന രക്ഷപ്പെടുത്തി. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ ഒരു പുരുഷനെയും സ്ത്രീയെയും രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി നവി മുംബൈ മുനിസിപ്പല്‍ കോര്പ്പറേഷന് കമ്മിഷണര്‍ കൈലാസ് ഷിന്‍ഡെ പറഞ്ഞു.
മുഹമ്മദ് മിറാജ് അല്‍ത്താഫ് ഹുസൈന് (30), മിറാജ് സെയ്ഫ് അന്‍സാരി (24), സഫീഖ് അഹമ്മദ് റഹ്മത്ത് അലി അന്‍സാരി (28) എന്നിവരാണ് മരിച്ചത്. തകര്‍ന്ന കെട്ടിടത്തിന് പത്ത് വര്‍ഷം പഴക്കമുണ്ടെന്നും തകര്‍ച്ചയുടെ കാരണം അന്വേഷിക്കുമെന്നും മുനിസിപ്പല്‍ കമ്മിഷണര്‍ പറഞ്ഞു.
പുലര്‍ച്ചെ ചിലര്‍ കെട്ടിടത്തില്‍ വിള്ളലുകള്‍ കാണുകയും അധികൃതരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അഗ്നിരക്ഷാ സേനാ സംഘം സ്ഥലത്തെത്തി പതിമൂന്ന് കുട്ടികളടക്കം 52 പേരെ ഒഴിപ്പിച്ചു. കുറച്ച് സമയത്തിന് ശേഷം കെട്ടിടം തകര്‍ന്നു. പരിക്കേറ്റവര്‍ക്കും ദുരിതബാധിതര്‍ക്കും ആവശ്യമായ സഹായം നല്‍കണമെന്ന് മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ നവി മുംബൈ മുനിസിപ്പല്‍ കമ്മിഷണര്‍ക്ക് നിര്‍ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: