തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള മിഷന് 2025 ന്റെ പേരില്‍ കോണ്‍ഗ്രസില്‍ ഉടലെടുത്ത ഭിന്നത രൂക്ഷമാകുന്നു. കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ പക്ഷം പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരായ വികാരം പ്രകടിപ്പിച്ചതോടെ മിഷന് 2025 ന്റെ നടത്തിപ്പില്‍ നിന്ന് വി.ഡി. സതീശന് പിന്മാറി. ഹൈക്കമാന്‍ഡ് ഇടപെടല്‍ ഇല്ലാതെ ഇനി മിഷന് 2025 ചുമതല ഏറ്റെടുക്കില്ലെന്നാണ സതീശന് അറിയിച്ചത്. മിഷന് ചുമതലയെക്കുറിച്ച് ഇറക്കിയ സര്‍ക്കുലറിന്റെ പേരിലുണ്ടായ വിമര്‍ശനങ്ങളില്‍ സതീശന് എഐസിസിയെ പ്രതിഷേധം അറിയിച്ചു. കൂടുതല്‍ വഷളാകുന്നതിന് മുമ്പേ അനുനയ നീക്കങ്ങളിലൂടെ പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ് നേതാക്കള്‍.
തര്‍ക്കങ്ങള്‍ രൂക്ഷമായതോടെ തദ്ദേശ തെരഞ്ഞെടുപ്പിന് നേട്ടമുണ്ടാക്കാന്‍ ലക്ഷ്യമിട്ട് കോണ്‍ഗ്രസ് തീരുമാനിച്ച മിഷന് 2025ന്റെ പ്രവര്‍ത്തനങ്ങള്‍ തുടക്കത്തിലേ പരാജയമായി. നിലവില്‍ ജില്ലകളില്‍ ചുമതല ഉള്ള കെപിസിസി ഭാരവാഹികളെ മറികടന്ന് പുതിയ നേതാക്കള്‍ക്ക് മിഷന്റെ ചുമതല നല്‍കിയതാണ് സതീശനെതിരെ ഒരു വിഭാഗം വിമര്‍ശനവുമായി രംഗത്തുവരാന്‍ കാരണം. വയനാട്ടില്‍ ചേര്‍ന്ന ലീഡേഴ്സ് മീറ്റില്‍ എഐസിസി നിര്‍ദേശ പ്രകാരം മിഷന് ചുമതല സതീശന് ഏറ്റെടുത്തിരുന്നു. എന്നിട്ടും വിമര്‍ശനം ഉയരുന്നതിനാലാണ് സതീശന് ചോടിച്ചത്.
താഴെത്തട്ടിലുള്ള അണികള്‍ നിരാശയില്‍
ഇടതുപക്ഷ സര്‍ക്കാരിനെതിരായ ശക്തമായ വികാരം ജനങ്ങള്ക്കിടയിലുള്ളപ്പോഴും അതു മനസിലാക്കി ഒന്നിച്ചു നില്ക്കാന് കോണ്ഗ്രസിനാകുന്നില്ലെന്ന നിരാശയിലാണ് താഴെത്തട്ടിലുള്ള അണികള്‍. തര്‍ക്കം വരുംദിവസങ്ങളില്‍ കൂടുതല്‍ രൂക്ഷമാകാനാണ് സാധ്യത. തുടക്കത്തിലേ പ്രവര്‍ത്തനങ്ങളില്‍ പാളിച്ച വന്നതോടെ തദ്ദേശ തെരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ പ്രവര്‍ത്തനം മെച്ചിപ്പെടില്ലെന്നാണ് വിലയിരുത്തല്‍.
അതിനിടെ, സര്‍ക്കാരിനെതിരായ ജനവികാരം ശക്തമാണെന്ന് ലോക്സഭാ തെരഞ്ഞെടുപ്പിലൂടെ വ്യക്തമായതാണെന്നും, അത് മനസിലാക്കി കോണ്‍ഗ്രസ് ഒരുമിച്ച് പോകണമെന്നും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. എല്ലാവരും യോജിച്ച് പോകണമെന്നാണ് ആഗ്രഹം. പാര്‍ട്ടിക്കകത്ത് ചര്‍ച്ച ചെയ്യുന്നത് പുറത്തുപറയാന്‍ പാടുള്ളതല്ല, പ്രശ്നം വഷളാക്കുന്നതും ശരിയല്ലെന്ന് ചെന്നിത്തല വ്യക്തമാക്കി.
അതേസമയം പാര്‍ട്ടിയില്‍ തര്‍ക്കമില്ലെന്ന നിലപാടിലാണ് കെ. മുരളിധരന്. യോഗങ്ങള്‍ ചേരുന്നത് തെറ്റ് ചൂണ്ടിക്കാട്ടാനാണെന്നും അദ്ദേഹം പറഞ്ഞു. നടക്കാത്ത കാര്യങ്ങളാണ് ചിലര്‍ നടന്നുവെന്ന് പറയുന്നത്. അത് ഗുണകരമല്ല. മുരളി പറഞ്ഞു.
ഏത് വീട്ടിലാണ് പ്രശ്നം ഇല്ലാത്തതെന്ന മറുചോദ്യം ഉന്നയിച്ചായിരുന്നു എംപി എം. കെ. രാഘവന് വിഷയത്തെ അഭിമുഖീകരിച്ചത്. കെപിസിസിയില്‍ നിലനില്‍ക്കുന്ന തര്‍ക്കത്തില്‍ ഹൈക്കമാന്‍ഡ് ഇടപെടേണ്ട സാഹചര്യം നിലവില്‍ ഇല്ല. പാര്‍ട്ടിയില്‍ പുകയും തീയുമില്ലെന്നും മാധ്യമങ്ങള്‍ ഇനി കത്തിക്കാതിരുന്നാല്‍ മതിയെന്നുമായിരുന്നു എംപിയുടെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: