Kerala

ആഹ്ളാദത്തില്‍ റബ്ബര്‍ കര്‍ഷകര്‍; റബ്ബറിന് റെക്കോഡ് വില; ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയുടെ മോഹം സഫലമായി

Published by

തിരുവനന്തപുരം: റബ്ബര്‍ റെക്കോഡ് വില രേഖപ്പെടുത്തിയതോടെ കേരളത്തിലെ റബ്ബര്‍ കര്‍ഷകര്‍ ആഹ്ളാദത്തിലാണ്. കേരളത്തിനുള്ളില്‍ ചെറുകിട വ്യവസായികള്‍ ഇപ്പോള്‍ റബ്ബര്‍ ഷീറ്റ് ശേഖരിക്കുന്നത് കിലോയ്‌ക്ക് 220 രൂപയ്‌ക്കാണ്.

റബര്‍ വില കൂട്ടിയാല്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയെ സഹായിക്കാമെന്ന് തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി പ്രഖ്യാപിച്ചത് വലിയ വിവാദമായിരുന്നു.. കേരളത്തില്‍ ഒരു എംപിപോലുമില്ലെന്ന ബിജെപിയുടെ വിഷമം കുടിയേറ്റ ജനത പരിഹരിച്ചു തരുമെന്നും അന്ന് ജോസഫ് പാംപ്ലാനി പറഞ്ഞത് കോണ്‍ഗ്രസും സിപിഎമ്മും വലിയ വിവാദമാക്കിയിരുന്നു. എന്തായാലും ജോസഫ് പാംപ്ലാനിയുടെ ആഗ്രഹമാണ് റബ്ബര്‍ വില കൂടിയതിലൂടെ സഫലമായിരിക്കുന്നത്.

രാജ്യാന്തര റബ്ബര്‍ വില ഉയരുന്നതും കേരളത്തിലെ റബ്ബര്‍ കര്‍ഷകര്‍ക്ക് ആശ്വാസം പകരുന്ന വാര്‍ത്തയാണ്. ബാങ്കോക്കില്‍ ഇപ്പോള്‍ 188 രൂപ വരെയാണ് വില. ഇതിനേക്കാള്‍ 20 രൂപ കൂടുതലാണ് ആഭ്യന്തര വില എന്നത് വലിയ ആശ്വാസം തന്നെയാണ്. റബ്ബര്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന കേരളത്തിലെ റബ്ബര്‍ കര്‍ഷകരുടെ നെടുനാളത്തെ ആഗ്രഹമാണ് ഇപ്പോള്‍ സഫലമായിരിക്കുന്നത്.

കേരളത്തിലെ റബ്ബര്‍ തോട്ടങ്ങള്‍ കൂടുതല്‍ റബ്ബര്‍ വിപണിയിലേക്ക് വരും നാളുകളില്‍ ഇറക്കാനിരിക്കുകയാണ്. റബ്ബറിന്റെ ലഭ്യത കൂടിയാല്‍ വില കുറയുമോ എന്ന് ആശങ്കയുണ്ട്. അതുപോലെ ടയര്‍ കമ്പനികള്‍ പ്രകൃതിദത്ത റബ്ബറിനുള്ള ഇറക്കുമതി തീരുവ കുറയ്‌ക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിരിക്കുകയാണ്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഒരു തീരുമാനം എടുത്തിട്ടില്ല. ഇറക്കുമതി തീരുവ കുറച്ചാല്‍ വിദേശത്ത് നിന്നും റബ്ബര്‍ വന്‍തോതില്‍ കുറഞ്ഞ വിലയ്‌ക്ക് എത്തിയാലും അത് റബ്ബര്‍ കര്‍ഷകരെ ബാധിക്കും.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക