തിരുവനന്തപുരം: ശബരിമലയുടെ അധികാരാവകാശം പന്തളം രാജകൊട്ടാരത്തിനല്ലെന്ന് പറയുന്ന വ്യാജ ചെമ്പോല നല്‍കിയത് മോണ്സണ് മാവുങ്കല്‍ എന്ന പുരാവസ്തു തട്ടിപ്പുവീരന്. ഈ ചെമ്പോല ചരിത്രപ്പഴമയുള്ള ആധികാരിക ചെമ്പോലയാണെന്ന് അന്ന് സ്ഥിരീകരിച്ചത് പൈതൃക പഠനകേന്ദ്ര ഡയറക്ടര്‍ കൂടിയായിരുന്ന പുരാവസ്തു വിദഗ്ധന്‍ ഡോ.എം.ആര്. രാഘവവാരിയര്‍ ആണ്. തട്ടിപ്പാണെന്നറിഞ്ഞിട്ടും മനപൂര്‍വ്വം ഇടതുപക്ഷസര്‍ക്കാരിന്റെ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി, ശബരിമലയിലെ സ്ത്രീപ്രവേശനത്തിനെതിരായ ഹിന്ദു സമരത്തെ അടിച്ചമര്‍ത്താന്‍ രാഘവവാരിയര്‍ ഇത് ശരിയായ ചെമ്പോലതിട്ടൂരമാണെന്ന് പ്രസ്താവനയിറക്കുകയായിരുന്നുവെന്ന് പിന്നീട് മറ്റൊരു ചരിത്രകാരന് കൂടിയായ ഡോ.എം.ജി. ശശിഭൂഷണ്‍ പ്രസ്താവിച്ചിരുന്നു. ഈ രാഘവവാരിയര്‍ക്ക് കേരള സാഹിത്യഅക്കാദമി കഴിഞ്ഞ ദിവസം വിശിഷ്ടാംഗത്വം നല്കാന് തീരുമാനിച്ചിരിക്കുകയാണ്. സാംസ്കാരിക രംഗത്ത് കേരള സാഹിത്യ അക്കാദമിയെ ചുറ്റിപ്പറ്റി ഇതോടെ മറ്റൊരു വിവാദം പുകയുകയാണ്.
പിന്നീടാണ് ആ സത്യം പുറത്തുവന്നത്. ശബരിമലയിലെ ഹിന്ദു സമരം തകര്‍ക്കാന്‍ ശ്രീകണ്ഠന് നായരുടെ 24 ന്യൂസിലെ അന്നത്തെ കൊച്ചി ബ്യൂറോ ചീഫായ ഷഹീന് ആന്റണിയും മോന്സണ് മാവുങ്കലും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയായിരുന്നു ഈ ചെമ്പോല. 400 വര്‍ഷം പഴക്കമുള്ള ‘ചെമ്പോല തിട്ടൂരം’ എന്ന പേരിലാണ് മോണ്സന് മാവുങ്കല്‍ ഈ ചെമ്പോല തയ്യാറാക്കിയത്. ഇത് 24 ചാനലിന്റെ ഷഹീന് ആന്റണി മുന്‍കൂട്ടിയുള്ള ഗൂഢാലോചനപ്രകാരം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. ഈ ചെമ്പോല തിട്ടൂരപ്രകാരം ഈഴവര്‍ക്കാണ് ശബരിമലയില്‍ ആചാര അനുഷ്ഠാനങ്ങള്‍ നടത്താന്‍ അവകാശമുള്ളതെന്നും ഇതിനെ മറികടന്ന് തന്ത്രികുടുംബം എങ്ങിനെ ശബരിമലയില്‍ സുപ്രധാന അധികാരസ്ഥാനങ്ങളിലെത്തപ്പെട്ടു എന്നത് വിചിത്രമാണെന്നായിരുന്നു അന്നത്തെ 24 ന്യൂസിന്റെ റിപ്പോര്‍ട്ട്.
പിന്നീട് തട്ടിപ്പുകാരന് മോന്സണ് മാവുങ്കലിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുന്നതിനിടയിലാണ് ശബരിമലയുടേതെന്ന് പറഞ്ഞ് താന്‍ നല്കിയ ചെമ്പോല തിട്ടൂരം വ്യാജമായിരുന്നെന്നും താന്‍ തന്നെ എഴുതിയുണ്ടാക്കിയതാണ് ഇതെന്നും മോന്സണ് മാവുങ്കല്‍ തന്നെ തുറന്നുപറഞ്ഞത്. ഇതോടെയാണ് കള്ളി വെളിച്ചത്തായത്. അന്ന് ഈ ചെമ്പോല പരിശോധിച്ച് ഈ ചെമ്പോല തിട്ടൂരം ഒറിജിനല്‍ തന്നെയാണെന്നും ചരിത്രരേഖയാണെന്നും പുരാവസ്തുവിദഗ്ധനായ ഡോ.എം.കെ. രാഘവവാരിയര്‍ പ്രസ്താവന ഇറക്കിയിരുന്നു. ശബരിമല ക്ഷേത്രത്തിലെ കാണിക്കയ്ക്ക് സമീപം കുടില്‍കെട്ടി പാര്‍ത്തിരുന്നത് തണ്ണീര്‍മുക്കം ചീരപ്പന്‍ചിറയിലെ കുഞ്ഞന്പണിക്കരാണെന്നും ചെമ്പോലയില്‍ പറഞ്ഞിരുന്നെന്നും ഈ ചെമ്പോല വസ്തുനിഷ്ഠമാണെന്നും ആശ്രയിക്കാന്‍ പറ്റുന്ന ചരിത്രരേഖയാണെന്നുമാണ് അന്ന് ഹില്‍പാലസിലെ പൈതൃക പഠനകേന്ദ്രം ഡയറക്ടറായിരുന്ന ഡോ.എം.ആര്.രാഘവവാരിയര്‍ സ്ഥിരീകരിച്ചത്. ഇതോടെ മാധ്യമങ്ങള്‍ തന്ത്രികുടുംബത്തിനെതിരെ തിരിഞ്ഞു. അന്ന് ശബരിമലയിലെ സ്ത്രീപ്രവേശനത്തിനെതിരെ നടന്ന ഹിന്ദു സമരത്തെ അടിച്ചമര്‍ത്താന്‍ പിണറായി സര്‍ക്കാരിന് ഇത് ഒരു അവസരമാവുകയും ചെയ്തു.
പിന്നീട് സത്യം പുറത്തുവന്നപ്പോള്‍ 24ന്യൂസില്‍ നിന്നും വ്യാജറിപ്പോര്ട്ടറായ ഷഹീന് ആന്റണിയെ പുറത്താക്കി. ചെമ്പോല തിട്ടൂരം വ്യാജമാണെന്ന് എം.ആര്.രാഘവവാരിയര്‍ക്ക് അറിയാമായിരുന്നെന്ന് മറ്റൊരു ചരിത്രകാരന് ഡോ.എം.ജി. ശശിഭൂഷണ്‍ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം രാഘവവാരിയര്‍ തന്നോട് തന്നെ പറഞ്ഞിരുന്നതായും ശശിഭൂഷണ്‍ പ്രസ്താവിച്ചിരുന്നു. എന്തായാലും കേരള സാഹിത്യ അക്കാദമി ഇങ്ങിനെ ഒരാള്‍ക്ക് വിശിഷ്ടാംഗത്വം നല്‍കിയതിലെ സാംഗത്യമാണ് ചോദ്യം ചെയ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: