കോഴിക്കോട്: കൊയിലാണ്ടി ഗുരുദേവ കോളജിലെ പ്രിന്‍സിപ്പലിനെ മര്‍ദിച്ച സംഭവത്തില്‍ സസ്പെന്‍ഡ് ചെയ്ത നാല് എസ്എഫ്ഐ പ്രവര്‍ത്തകരെ തിരിച്ചെടുത്തു. രണ്ടാം വര്‍ഷ ബിബിഎ വിദ്യാര്‍ത്ഥി എം.കെ. തേജു സുനില്‍, മൂന്നാം വര്‍ഷ ബിബിഎയിലെ ടി. കെ. തേജു ലക്ഷ്മി, രണ്ടാം വര്‍ഷ ബികോമിലെ ആര്.പി. അമാല്‍ രാജ്, രണ്ടാം വര്‍ഷ സൈക്കോളജിയിലെ അഭിഷേക് എസ്. സന്തോഷ് എന്നിവരെയാണ് കോളജ് കൗണ്‍സില്‍ തീരുമാനത്തിന് ശേഷം തിരിച്ചെടുത്തത്.
രക്ഷിതാക്കളില്‍ നിന്നും വിദ്യാര്‍ത്ഥികളില്‍ നിന്നും തിരിച്ചെടുക്കാനുള്ള അപേക്ഷ ഉണ്ടായിരുന്നു. ഇത്തരം പ്രവര്‍ത്തികള്‍ ഇനി ആവര്‍ത്തിക്കില്ലെന്ന് ഉറപ്പു നല്‍കിയതോടെയാണ് സസ്പെന്ഷന് പിന്‍വലിച്ച് വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്തത്. അതേസമയം പോലീസ് കേസ് മുന്നോട്ടു പോകുമെന്നും കോളജ് അധികൃതര്‍ അറിയിച്ചു.
കോളജില്‍ ബിരുദ ക്ലാസുകളിലേക്കുള്ള അഡ്മിഷന് നടന്നു കൊണ്ടിരിക്കെയാണ് ജൂലൈ ഒന്നിന് സംഘര്‍ഷമുണ്ടായത്. ഡിഗ്രി പ്രവേശനവുമായി ബന്ധപ്പെട്ട് ഹെല്‍പ്പ് ഡസ്ക് ഇടുന്നതില്‍ എസ്എഫ്ഐ പ്രവര്‍ത്തകരും കോളജ് പ്രിന്‍സിപ്പലും തമ്മിലുള്ള വാക്കേറ്റമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഭവത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകന്റെ പരാതിയില്‍ പ്രിന്‍സിപ്പലിനും സ്റ്റാഫ് സെക്രട്ടറിക്കുമെതിരെയും, പ്രിന്‍സിപ്പലിനെ അക്രമിച്ച സംഭവത്തില്‍ ഇരുപതോളം എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെയും പോലീസ് കേസ് എടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: