ആലുവ : ലഹരി വസ്തുക്കളുടെ ഉപയോഗം തടയുന്നതിന് കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേന പറഞ്ഞു. കുട്ടമ്പുഴ എളംബ്ലാശേരി ട്രൈബൽ സെറ്റിൽമെൻ്റ് പ്രദേശം സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലഹരി വസ്തുക്കൾക്കെതിരെ കൂടുതൽ ബോധവൽക്കരണം നടത്തും. ഇവ ഉപയോഗിക്കുന്നതോ വിൽക്കുന്നതോ ശ്രദ്ധയിൽപ്പെട്ടാൽ പോലീസിനെ അപ്പോൾത്തന്നെ അറിയിക്കണം. ലഹരി വിരുദ്ധ സ്ക്വാഡായ ഡാൻസാഫിനേയും അറിയിക്കാം. അവരുടെ നമ്പറുകൾ നൽകിയിട്ടുണ്ട്.
വിവരം കൈമാറുന്നവരെ സംബന്ധിച്ചുള്ള കാര്യങ്ങൾ രഹസ്യമായി സൂക്ഷിക്കും. പ്രദേശത്തെ പ്രധാന ആളുകളെയും ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി വാട്സ് ആപ്പ് ഗ്രൂപ്പ് തുടങ്ങും. ഇതിലുടെയും കാര്യങ്ങൾ പങ്കുവയ്‌ക്കാം. പോലീസ് ഈ പ്രദേശങ്ങളിൽ ദിവസവും പട്രോളിംഗ് നടത്തും. ആഴ്ചയിലൊരിക്കൽ ഇൻസ്പെക്ടർ ഇവിടങ്ങളിലെത്തും, പരാതികൾ കേൾക്കും, പരിഹാരമുണ്ടാക്കും ജില്ലാ പോലീസ് മേധാവി ഉറപ്പുനൽകി.
ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ഡോക്ടർകൂടിയായ എസ്.പി പറഞ്ഞു. സ്ഥിരമായി രോഗം വരുന്നവരുണ്ടോ എന്ന് അദ്ദേഹം തിരക്കി. മരുന്നുകൾ കൃത്യമായി കഴിക്കേണ്ടതിനെക്കുറിച്ചും ഊര് നിവാസികളെ ബോധ്യപ്പെടുത്തി. എന്താവശ്യത്തിനും എപ്പോഴും കൂടെയുണ്ടാകുമെന്നും, എപ്പോൾ വേണമെങ്കിലും പോലീസിനെ സമീപിക്കാമെന്നും എസ്.പി. പറഞ്ഞു.
ലഹരി വസ്തു ഉപയോഗം മൂലമുണ്ടാകുന്ന പ്രശ്നങ്ങളും, വന്യമൃഗശല്യവും നാട്ടുകാർ ചൂണ്ടിക്കാട്ടി. കായിക വിനോദത്തിലേർപ്പെടാൻ ഊരിൽ ഒരു മൈതാനം വേണമെന്ന് പ്രദേശവാസികൾ എസ്.പി യോട് ചൂണ്ടിക്കാട്ടിയപ്പോൾ അതിനുള്ള വിശദമായ കത്ത് തയ്യാറാക്കി അധികൃതർക്ക് നൽകാൻ എസ്.എച്ച്.ഒയ്‌ക്ക് നിർദ്ദേശം നൽകി.
ഊര് മൂപ്പൻമാരായ മൈക്കിൾ, രാഘവൻ എന്നിവർ ജില്ലാ പോലീസ് മേധാവിയെ സ്വീകരിച്ചു. ഇൻസ്പെക്ടർ പി.എം ഫൈസൽ, എ.എസ്.ഐമാരായ വി.ആർ സുരേഷ്, ടി.ആർ മനോജ്, പ്രമോട്ടർ ദിവ്യ മറ്റ് ഉദ്യോഗസ്ഥർ എന്നിവർ ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: