തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കായുള്ള കോണ്‍ഗ്രസിന്റെ മിഷന്‍ 2025 തുടക്കത്തിലെ പൊളിഞ്ഞു. ജില്ലകള്‍ കേന്ദ്രീകരിച്ചുള്ള ആദ്യ ക്യാമ്പില്‍ തന്നെ പൊട്ടിത്തെറി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെപിസിസി പ്രസിഡന്റ് കെ. സുധാകരനും രണ്ടുതട്ടില്‍. റിപ്പോര്‍ട്ടിങ് നടത്തേണ്ട വി.ഡി. സതീശന്‍ വിട്ടുനിന്നു.
കഴിഞ്ഞ 16, 17 തീയതികളില്‍ വയനാട് ചേര്‍ന്ന ലീഡേഴ്‌സ് മീറ്റ് യോഗത്തിലാണ് എല്ലാ ഡിസിസികളും കേന്ദ്രീകരിച്ച് മിഷന്‍ 2025ന്റെ റിപ്പോര്‍ട്ടിങ് നടത്താന്‍ തീരുമാനിച്ചത്. ഇതിന്റെ ചുമതല സതീശന് നല്കി. തിരുവനന്തപുരത്ത് ഇന്നലെ ആരംഭിച്ച ക്യാമ്പില്‍ വയനാട്ടിലെ യോഗ തീരുമാനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന കെപിസിസി ഭാരവാഹി യോഗത്തില്‍ സതീശനെതിരേ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു.
തദ്ദേശ തെരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സജ്ജമാക്കുന്നതിനായി മുതിര്‍ന്ന നേതാക്കള്‍ക്ക് ജില്ലയുടെ ചുമതല നല്കിയതില്‍ ജില്ലാ ചുമതല വഹിക്കുന്ന കെപിസിസിയുടെ ജനറല്‍ സെക്രട്ടറിമാര്‍ ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ വിമര്‍ശനം ഉന്നയിച്ചു. കൂടാതെ സതീശന്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ മുതിര്‍ന്ന നേതാക്കളെയടക്കം അധിക്ഷേപിക്കുന്ന തരത്തിലാണെന്നും പുതിയ ചുമതല സമാന്തര സംവിധാനമാകുന്നുവെന്ന വിമര്‍ശനവും ഉയര്‍ന്നു. വി.ഡി. സതീശന്‍ ഓണ്‍ലൈന്‍ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. പരാതികള്‍ പരിഹരിക്കാമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ മറുപടിയും നല്കി. പിന്നാലെ വാര്‍ത്തകളും പുറത്തുവന്നു. ഇത് സതീശനെ ചൊടിപ്പിച്ചു. ഇതോടെയാണ് വി.ഡി. സതീശന്‍ ക്യാമ്പ് ബഹിഷ്‌കരിച്ചത്.
സതീശന്‍ വിട്ടുനിന്നതില്‍ വിമര്‍ശനവുമായി കെ. സുധാകരന്‍ രംഗത്തെത്തി. ഇതിനു പിന്നാലെ സതീശന്‍ സുധാകരന് മറുപടിയുമായി എത്തി. യോഗത്തില്‍ പറഞ്ഞതും പറയാത്തതും വാര്‍ത്ത കൊടുത്തവര്‍ പാര്‍ട്ടി ബന്ധുക്കളാണോയെന്ന് അന്വേഷിച്ചാല്‍ മതിയെന്ന് സതീശന്‍ തിരിച്ചടിച്ചു. കെപിസിസി യോഗത്തില്‍ വിമര്‍ശനം ഉണ്ടായാല്‍ അത് വാര്‍ത്തയാകേണ്ട കാര്യമില്ലെന്നും വിമര്‍ശിക്കുന്ന കാര്യങ്ങള്‍ ശരിയാണെങ്കില്‍ താന്‍ ഉള്‍പ്പെടെ എല്ലാവരും തിരുത്തുമെന്നും സതീശന്‍ പറഞ്ഞു. വരും ദിവസങ്ങളില്‍ കോണ്‍ഗ്രസിലെ പോര് കൂടുതല്‍ കടുക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: