കഴിഞ്ഞ ആറുപതിറ്റാണ്ടായി സംഘ-വിശ്വഹിന്ദു പരിഷത്ത്-വിദ്യാനികേതന്‍ പ്രവര്‍ത്തനങ്ങളില്‍ കര്‍മനിരതനായ തച്ചനാട്ടുകര വി.കെ. അപ്പുക്കുട്ടിക്ക് ഇന്ന് ശതാഭിഷേകം. ആയിരം പൂര്‍ണചന്ദ്രന്മാരെ കണ്ട അദ്ദേഹം ജീവിതത്തിലും സംഘടനാ പ്രവര്‍ത്തനത്തിലും പൂര്‍ണ തൃപ്തനാണ്. സംഘടനാ പ്രവര്‍ത്തനത്തില്‍ നൈപുണ്യവും പ്രവര്‍ത്തകരുടെ ഹൃദയം കവര്‍ന്നെടുക്കാന്‍ ആത്മബന്ധവുമാണ് വേണ്ടതെന്ന് തന്റെ പ്രവര്‍ത്തനത്തിലൂടെ തെളിയിച്ച അപ്പുക്കുട്ടി ഇന്നും സംഘപ്രവര്‍ത്തനത്തില്‍ സജീവമാണ്. തന്റെ കുടുംബത്തെയും സംഘപ്രവര്‍ത്തനത്തിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ഥ്യവും അദ്ദേഹത്തിനുണ്ട്.
‘വിളയും വിത്ത് മുളയില്‍ അറിയാം’ എന്നതിന് വ്യക്തമായ ഉദാഹരണമാണ് അദ്ദേഹം. പ്രവര്‍ത്തനത്തില്‍ ഒരിക്കല്‍പ്പോലും പിന്നോട്ട് നോക്കേണ്ടിവന്നിട്ടില്ല. എതിരാളികളെപ്പോലും എളിമയാര്‍ന്ന പ്രവര്‍ത്തനത്തിലൂടെ സംഘപഥത്തിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞ വ്യക്തി. ഏറ്റവും താഴേത്തട്ടിലുള്ള പ്രവര്‍ത്തകര്‍ മുതല്‍ സംഘത്തിന്റെയും വിശ്വഹിന്ദുപരിഷത്തിന്റെയും ഉന്നത സ്ഥാനീയരുമായും അടുത്തിടപഴകുവാനും അവരുടെ ഹൃദയത്തില്‍ ഇടം നേടിയെടുക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.
ശ്രീരാമകൃഷ്ണ വചനാമൃതവും വിവേകാനന്ദ സാഹിത്യ സര്‍വസ്വവുമാണ് ജീവിതത്തെ വഴിതിരിച്ചുവിട്ടത്. അതിനു കടപ്പാട് അധ്യാപകനായിരുന്ന ബാലകൃഷ്ണന്‍ മാസ്റ്ററോടാണ്. 1969ല്‍ പന്തളത്തും 70ല്‍ തൃശൂരിലും 72ല്‍ നാഗ്പൂരിലും നടന്ന ഒടിസിയില്‍ പങ്കെടുത്തു. നാഗ്പൂരിലെ ഡോക്ടര്‍ജിയുടെ സ്മൃതി മണ്ഡപം സന്ദര്‍ശിച്ച ശേഷം പൂര്‍ണ സംഘപ്രചാരകനാകാന്‍ എടുത്ത തീരുമാനം ശരിയായിരുന്നുവെന്ന്് പിന്നീടുള്ള പ്രവര്‍ത്തനങ്ങള്‍ തെളിയിച്ചു. അടിയന്തരാവസ്ഥാ കാലത്ത് അറസ്റ്റുവരിച്ച അദ്ദേഹം ഇപ്പോള്‍ അസോസിയേഷന്‍ ഓഫ് ദി എമര്‍ജന്‍സി വിക്ടിംസ് സംഘടനയുടെ പാലക്കാട് ജില്ലാ പ്രസിഡന്റാണ്.
ഭാരതീയ കിസാന്‍ സംഘിന്റെ ആദ്യ ആലോചനായോഗത്തിലും അദ്ദേഹം പങ്കാളിയായി. 1982 ജനുവരിയില്‍ വാരാണസിയില്‍ നടന്ന ആദ്യ ദേശീയ സമ്മേളനത്തില്‍ വി.കെ. അപ്പുക്കുട്ടിയടക്കം കേരളത്തില്‍നിന്ന് 32 പേരാണ് പങ്കെടുത്തത്. 1982 ഏപ്രില്‍ നാലിന് എറണാകുളത്തുനടന്ന വിശാലഹിന്ദു സമ്മേളനത്തോടെ സംസ്‌കൃത രക്ഷായോജന, ബാലഗോകുലം എന്നിവയിലും സജീവമായി.
പി.എസ്. കാശിയേട്ടന്‍, മോറോപന്ത് പിംഗ്‌ളെ എന്നിവരുമായി ബന്ധപ്പെട്ട് സംസ്‌കൃത രക്ഷായോജനയുടെ ദേശീയ സമിതിയില്‍ പങ്കെടുത്തതോടെയാണ് വിശ്വഹിന്ദു പരിഷത്തില്‍ സജീവമാകുന്നത്. സര്‍സംഘചാലക് മധുകര്‍ ദത്താത്രേയ ദേവറസ്, ഹരിമോഹന്‍ലാല്‍, അശോക് സിംഗാള്‍, എം.പി. ഡിഡോള്‍ക്കര്‍, മൊറോപന്ത് പിംഗ്‌ളെ, ഗ്വാളിയോര്‍ രാജമാതാ വിജയരാജ സിന്ധ്യ, ആചാര്യ ഗിരിരാജ കിഷോര്‍ തുടങ്ങിയ നിരവധി പ്രഗത്ഭര്‍ ശിബിരത്തിന് നേതൃത്വം നല്‍കി. പിന്നീട് പാലക്കാട്, മലപ്പുറം റവന്യു ജില്ലകളുടെ ചുമതല വഹിച്ചു. അട്ടപ്പാടിക്കും വഴിക്കടവിനും പ്രത്യേക പരിഗണന നല്കി. വിഎച്ച്പിയുടെ പാലക്കാട്, കോഴിക്കോട്, കോട്ടയം വിഭാഗ് കാര്യദര്‍ശിയുമായിരുന്നു. ഏകാത്മതായജ്ഞം, രാമജന്മഭൂമി പ്രക്ഷോഭം, രഥയാത്രകള്‍, ശ്രീരാമശിലാപൂജ, ശ്രീരാമപാദുകപൂജ പരാവര്‍ത്തനം അങ്ങനെ സംഭവബഹുലമായ പതിനാലു വര്‍ഷങ്ങള്‍ 1982 മുതല്‍ 96 വരെ സുദീര്‍ഘമായ പ്രയാണം. ഏലംകുളം മനയിലെ ശ്രീരാമ ശിലാപൂജ ചരിത്രമായി.
തുടര്‍ന്ന് വിദ്യാനികേതന്‍ പരിശീലനം കഴിഞ്ഞ് വഴിക്കടവിലും അട്ടപ്പാടി കാളിമലയിലും ഓരോ വിദ്യാലയവും തുടങ്ങി. കാളിമല കിരാതമൂര്‍ത്തി ക്ഷേത്രം വീണ്ടെടുത്ത് പ്രവര്‍ത്തനകേന്ദ്രമാക്കി. മല്ലീശ്വരനിലേക്കും അത് പടര്‍ന്നു. ഇന്നവിടെ ക്ഷേത്രസങ്കേതങ്ങളായി.
മണ്ണാര്‍ക്കാട് ശ്രീമൂകാംബിക വിദ്യാനികേതന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാവുകയും നിരന്തരപ്രയത്നത്തിലൂടെ വിദ്യാലയത്തെ സിബിഎസ്ഇ അംഗീകാരമുള്ള സ്ഥാപനമാക്കി മാറ്റുകയും ചെയ്തു. 27 വര്‍ഷത്തോളം വിദ്യാനികേതന്‍ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണമായും മുഴുകാന്‍ കഴിഞ്ഞുവെന്ന ചാരിതാര്‍ഥ്യം ഏറെയാണ്. വിദ്യാഭ്യാസ കാലഘട്ടത്തില്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കാത്ത ജീവിതാഭിലാഷം ഇതിലൂടെ പൂവണിയിക്കാനും അദ്ദേഹത്തിന് സാധ്യമായി. ഒരു വ്യാഴവട്ടം സംഘത്തിലും 14 വര്‍ഷം വിശ്വഹിന്ദു പരിഷത്തിന്റെ ചുമതലയിലും 27 വര്‍ഷം വിദ്യാലയ പ്രവര്‍ത്തനങ്ങളിലും മുഴുകി.
അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തില്‍ എന്നും താങ്ങും തണലുമായി ഭാര്യ വിജയലക്ഷ്മിയുമുണ്ട്. മകന്‍ ഡോ. വി.കെ. രാജകൃഷ്ണന്‍ ശ്രീകൃഷ്ണപുരം എച്ച്എസ്എസില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം സംസ്‌കൃതാധ്യാപകനാണ്. മരുമകള്‍ ധന്യ പ്രൈഡ് ക്രെഡിറ്റ് മള്‍ട്ടി സ്റ്റേറ്റ് സൊസൈറ്റിയില്‍ അസി. മാനേജരാണ്. മകള്‍ രാജലക്ഷ്മി വിവാഹിതയായി ബെംഗളൂരുവിലാണ്. മരുമകന്‍ ബാലസുബ്രഹ്മണ്യന്‍ ബെംഗളൂരുവില്‍ നാഗാര്‍ജുന കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ എന്‍ജിനീയറാണ്. ദര്‍ശനലക്ഷ്മി, ധീരജ് കൃഷ്ണന്‍, സൂരജ് കൃഷ്ണന്‍, സൗപര്‍ണിക എന്നിവരാണ് പേരക്കുട്ടികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: