ന്യൂദല്‍ഹി: രാജ്യസുരക്ഷയ്ക്കായി സൈന്യം നടപ്പാക്കിയ പരിഷ്കരണത്തെ അട്ടിമറിക്കാന്‍ പ്രതിപക്ഷം നുണകളുടെ രാഷ്ട്രീയം തീര്‍ക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാര്‍ഗില്‍ യുദ്ധ വിജയത്തിന്റെ 25-ാം വാര്‍ഷികത്തില്‍ ദ്രാസിലെ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഗ്നിപഥ് പദ്ധതിയില്‍നിന്നു പിന്നോട്ടില്ല. സൈന്യത്തെ യുദ്ധ സന്നദ്ധരാക്കി യുവത്വത്തോടെ നിര്‍ത്താന്‍ ലക്ഷ്യമിട്ടാണ് അഗ്നിപഥ് നടപ്പാക്കുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. അഗ്നിപഥ് നടപ്പാക്കാനുള്ള സായുധ സേനയുടെ തീരുമാനത്തെ കേന്ദ്ര സര്‍ക്കാര്‍ മാനിക്കുന്നതായും രാഷ്ട്രീയ നേട്ടത്തെക്കാള്‍ രാഷ്ട്ര സുരക്ഷയാണ് പ്രധാനമെന്നും മോദി പറഞ്ഞു.
രാജ്യസുരക്ഷയ്ക്കായി സൈന്യം നടത്തിയ പരിഷ്കരണത്തെ ചില വ്യക്തികള്‍ അവരുടെ വ്യക്തിപരമായ നേട്ടത്തിനായി നുണകളുടെ രാഷ്ട്രീയം തീര്‍ത്ത് എതിര്‍ക്കുകയാണ്. യുദ്ധോപകരണങ്ങള്‍ വാങ്ങുന്നതിലും മറ്റും ആയിരക്കണക്കിനു
കോടി രൂപയുടെ അഴിമതി നടത്തി സൈന്യത്തെ ദുര്‍ബലപ്പെടുത്തിയ അതേയാളുകള്‍ തന്നെയാണ് ഇത്തരം നീക്കങ്ങള്‍ക്കും പിന്നില്‍, മോദി കുറ്റപ്പെടുത്തി.
അഗ്നിപഥിലൂടെ അഗ്നിവീരരായി സൈനിക സേവനം ചെയ്യുന്നവര്‍ക്ക് അര്‍ധ സൈനിക വിഭാഗങ്ങളിലും സ്വകാര്യ മേഖലയിലും ജോലിക്കു മുന്‍ഗണനയുണ്ട്. പെന്ഷന് ലാഭിക്കാനാണ് അഗ്നിപഥ് നടപ്പാക്കിയതെന്ന പ്രചാരണം പ്രധാനമന്ത്രി തള്ളി. സൈന്യത്തെ തകര്‍ക്കുന്ന കാര്യങ്ങളാണ് മോദി ചെയ്യുന്നതെന്ന് ആളുകളെ വിശ്വസിപ്പിക്കാനാണ് ചിലരുടെ ശ്രമം. ഇപ്പോള്‍ സൈന്യത്തിലേക്കു റിക്രൂട്ട് ചെയ്യുന്ന സൈനികര്‍ക്കു പെന്ഷന് നല്‍കേണ്ടി വരുന്നത് 30 വര്‍ഷത്തിനു ശേഷമാണ്. മോദിക്ക് അപ്പോള്‍ 105 വയസായിട്ടുണ്ടാകുമെന്ന് മറക്കരുത്. അതിനാല്‍ തന്നെ അഗ്നിപഥിനു പെന്‍ഷനുമായി ബന്ധമൊന്നുമില്ലെന്ന് വ്യക്തമാണ്, പ്രധാനമന്ത്രി പരിഹസിച്ചു.
മുന്‍ സര്‍ക്കാരുകള്‍ വണ്‍ റാങ്ക് വണ്‍ പെന്ഷന് എന്ന വ്യാജ വാഗ്ദാനം നല്കിയപ്പോള് എന്റെ സര്‍ക്കാരാണ് അതു നടപ്പാക്കിയത്. വിമുക്ത ഭടന്മാര്ക്ക് 1.25 ലക്ഷം കോടി രൂപയാണ് ഈ പദ്ധതി വഴി നല്‍കിയത്. സ്വാതന്ത്ര്യം ലഭിച്ച് ഏഴു പതിറ്റാണ്ടു കഴിഞ്ഞിട്ടും വീരമൃത്യു വരിച്ച സൈനികര്‍ക്കായി യുദ്ധ സ്മാരകം പണിയാതിരുന്നതും അതിര്‍ത്തിയില്‍ വിന്യസിച്ചിരുന്ന സൈനികര്‍ക്ക് ഗുണമേന്മയുള്ള ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ നല്‍കാതിരുന്നതും അതിവേഗ യുദ്ധ വിമാനങ്ങള്‍ക്കെതിരേ നിന്നതും കാര്‍ഗില്‍ യുദ്ധ വിജയത്തെ അവഗണിച്ചതും ഒരേ കൂട്ടര് തന്നെയാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: