ന്യൂഡൽഹി: രാജ്യം ഇന്ന് കാർഗിൽ യുദ്ധവിജയത്തിന്റെ ഓർമ്മ പുതുക്കുന്നു. കാർഗിൽ യുദ്ധവിജയത്തിന്റെ ഇരുപത്തഞ്ചാം വാർഷികം രാജ്യം രജത് ജയന്തി ദിവസമായി ആചരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ദ്രാസിലെ യുദ്ധസ്മാരകത്തിലെത്തി ശ്രദ്ധാഞ്ജലി ചടങ്ങുകളിൽ പങ്കെടുക്കും. രാവിലെ ഒമ്പതരക്ക് യുദ്ധസ്മാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പചക്രം അർപ്പിക്കും. തുടർന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും.
വീരമൃതു വരിച്ച സൈനികരുടെ കുടുംബാംഗങ്ങളെയും പ്രധാനമന്ത്രി കാണും. പ്രധാനമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ദ്രാസിൽ ഒരുക്കിയിരിക്കുന്നത്. നിയന്ത്രണങ്ങൾ അടക്കം നടപ്പാക്കിയിട്ടുണ്ട്. കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയടക്കം സൈനിക ഉദ്യോഗസ്ഥരും പരിപാടിയിൽ പങ്കെടുക്കും.
1999-ൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നടന്ന കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ സ്മരണയ്‌ക്കായി ഇന്ത്യൻ സൈന്യം നിർമ്മിച്ച സ്മാരകമാണ് ദ്രാസ് യുദ്ധ സ്മാരകം എന്ന് അറിയപ്പെടുന്ന കാർഗിൽ യുദ്ധ സ്മാരകം. കേന്ദ്രഭരണ പ്രദേശമായ ലഡാക്കിലെ കാർഗിൽ ജില്ലയിലെ ദ്രാസിലാണ് ഈ സ്മാരകം സ്ഥിതി ചെയ്യുന്നത്. 1999ലെ കാർഗിൽ യുദ്ധത്തിൽ സൈനികർ നടത്തിയ ത്യാഗങ്ങൾ വെറുതെയാകില്ലെന്ന് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. രാജ്യത്തെ യുവാക്കൾക്കും ഇത് പ്രചോദനമാകുമെന്നും അദ്ദേഹം പറഞ്ഞു.
1999 മെയ് രണ്ടിനാണ് അറുപത് ദിവസത്തിലേറെ നീണ്ടു നിന്ന കാർഗിൽ യുദ്ധത്തിന്റെ തുടക്കം. കലാപകാരികളുടെ വേഷത്തിൽ പാക് സൈന്യം കാർഗിലിലെ തന്ത്രപ്രധാനമായ മേഖലകളിൽ നുഴഞ്ഞുകയറി. 1999ലെ കൊടുംശൈത്യത്തിൽ ഇന്ത്യ, സൈന്യത്തെ പിൻവലിച്ച തക്കം നോക്കി, ഉപാധികളും കരാറുകളും കാറ്റിൽ പറത്തി, നിയന്ത്രണ രേഖയിലൂടെ പർവേഷ് മുഷറഫിന്റെ ഗൂഡ സംഘം അതിർത്തി കടന്നു.
ഇന്ത്യ സൈനികനീക്കം അറിയുന്നത് ആട്ടിടയൻമാരിലൂടെയായിരുന്നു. പക്ഷേ നിജസ്ഥിതി അറിയാൻ അതിർത്തിയിലേക്ക് പോയ സൈനികർ മടങ്ങി എത്തിയില്ല. മലനിരകൾക്ക് മുകളിൽ നിലയുറപ്പിച്ച പാക് സൈന്യത്തിനെ തുരത്താൻ ഇന്ത്യ ഓപ്പറേഷൻ വിജയ് എന്ന സൈനിക നടപടിക്ക് തുടക്കമിട്ടു. നുഴഞ്ഞുകയറിയ പാക് സൈന്യത്തെ നേരിടാൻ ആദ്യമിറങ്ങിയത് കരസേന. പിന്നാലെ ഓപ്പറേഷൻ തൽവാറുമായി നാവിക സേനയെത്തി.
പാക് തുറമുഖങ്ങൾ നാവിക സേന ഉപരോധിച്ചു. ശ്രീനഗർ വിമാനത്താവളം ലക്ഷ്യമിട്ട് മലമുകളിൽ നിലയുറപ്പിച്ച പാക് സൈന്യത്തെ തുരത്താൻ വ്യോമസേനയുടെ ഓപ്പറേഷൻ സഫേദ് സാഗർ. ദിവസങ്ങൾ നീണ്ട പോരാട്ടം. ജൂലൈ നാലിന് ടൈഗർ ഹിൽസിന് മുകളിൽ ത്രിവർണ പതാക ഉയർത്തുന്നതു വരെ അത് നീണ്ടു നിന്നു. ഒടുവിൽ കരളുറപ്പുള്ള ഇന്ത്യൻ സൈന്യത്തിന്റെ പോരാട്ടവീര്യമറിഞ്ഞ പാക് പട തോറ്റു മടങ്ങി. ജൂലൈ 14ന് കാർഗിലിൽ ഇന്ത്യ വിജയം വരിച്ചതായി പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി പ്രഖ്യാപിച്ചു.
ജൂലൈ 26 ന് യുദ്ധം അവസാനിച്ചതായുള്ള ഔദ്യോഗിക പ്രഖ്യാപനം. ക്യാപ്റ്റൻ വിക്രം ബത്ര, ക്യാപ്റ്റൻ സൗരബ് കാലിയ, ലെഫ്റ്റ് കേണൽ ആർ വിശ്വനാഥൻ, ക്യാപ്റ്റൻ ആർ ജെറി പ്രേംരാജ്.. മഞ്ഞു മലയിൽ അമരത്വം നേടിയത് ഇന്ത്യയുടെ 527 ധീര യോദ്ധാക്കൾ. കാർഗിൽ വിജയ ദിനത്തിൽ ആ ധീര രക്തസാക്ഷികളെ അഭിമാനത്തോടെ അനുസ്മരിക്കുകയാണ് രാജ്യം .
പ്രതികരിക്കാൻ ഇവിടെ എഴുതുക: