തൊടുപുഴ: തൂലിക ആയുധമാക്കി മാറ്റത്തിനൊപ്പം നടന്ന വ്യക്തിത്വമാണ് പി. നാരായണനെന്ന് ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി സദസ്യന്‍ വി. ഭാഗയ്യ. ജന്മഭൂമി മുന്‍ മുഖ്യപത്രാധിപരും എഴുത്തുകാരനും ആദ്യകാല ആര്‍എസ്എസ് പ്രചാരകനും പ്രാന്തകാര്യകാരി അംഗവുമായ പി. നാരായണന്റെ നവതി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് തൊടുപുഴ ജോഷ് പവലിയനില്‍ ചേര്‍ന്ന സംഘപഥത്തിലെ നാരായണം പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ശോഭനമായ വ്യക്തിജീവിതം ഉപേക്ഷിച്ച് സമാജ സേവനത്തിന്റെ വഴിയാണ് നാരായണ്‍ജി തെരഞ്ഞെടുത്തതെന്ന് ഭാഗയ്യ ചൂണ്ടിക്കാട്ടി. ജീവിതത്തിലെ ഒരു വഴിത്തിരിവിലും അദ്ദേഹത്തിന് മാറ്റമുണ്ടായിട്ടില്ല. പ്രതിസന്ധികളിലും അണുവിട ചലിക്കാതെ ഉറച്ചുനിന്നു. എല്ലാ ആരാധനാ സമ്പ്രദായങ്ങളെയും മാനിച്ച വ്യക്തിയാണ് നാരായണ്‍ജി, അദ്ദേഹം പറഞ്ഞു.
മലയാള മനോരമ മുന്‍ എഡിറ്റോറിയല്‍ ഡയറക്ടറും പ്രസ് അക്കാദമി മുന്‍ ചെയര്‍മാനുമായ തോമസ് ജേക്കബ് അധ്യക്ഷനായി. മുന്‍ ഡിജിപി ജേക്കബ് തോമസ്, രാഷ്ട്രീയ നിരീക്ഷകന് അഡ്വ. എ. ജയശങ്കര്‍, മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന് എസ്. സേതുമാധവന്, ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ ആര്. സഞ്ജയന്, ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. രാമന്‍പിള്ള, തപസ്യ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ്, ബിജെപി ദേശീയ കൗണ്‍സിലംഗം കുമ്മനം രാജശേഖരന്, നവതി ആഘോഷ സമിതി സംയോജകന്‍ എ. സന്തോഷ് ബാബു എന്നിവര്‍ അദ്ദേഹത്തിന് നവതി ആശംസ അറിയിച്ച് സംസാരിച്ചു.
യോഗത്തിന് മുന്നോടിയായി പി. നാരായണന് രചനയും പരിഭാഷയും നടത്തിയ പുസ്തകങ്ങളുടെ പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം ഉത്തര കേരള പ്രാന്ത കാര്യവാഹ് പി.എന്‍. ഈശ്വരന് നിര്‍വഹിച്ചു. ഡോക്യുമെന്ററിയുടെ പ്രദര്‍ശനോദ്ഘാടനം ചലച്ചിത്രതാരം കൃഷ്ണപ്രസാദ് നിര്‍വഹിച്ചു.
പി. നാരായണന് രചിച്ച സംഘപഥത്തിലൂടെ എന്ന പുസ്തകത്തിന്റെ രണ്ടാം ഭാഗം പ്രീ പബ്ലിക്കേഷന്റെ കവര്‍ പേജ് പ്രകാശനം ദക്ഷിണ ക്ഷേത്ര കാര്യവാഹും ജന്മഭൂമി എംഡിയുമായ എം. രാധാകൃഷ്ണന് നിര്‍വഹിച്ചു. തുടര്‍ന്ന് പുസ്തകത്തിന്റെ പ്രീ പബ്ലിക്കേഷന്‍ ഉദ്ഘാടനം ജന്മഭൂമി ജനറല്‍ മാനേജരും ദക്ഷിണ കേരള പ്രാന്ത സഹകാര്യവാഹുമായ കെ.ബി. ശ്രീകുമാറും നിര്‍വഹിച്ചു.
നാരായണ്‍ജി പരിഭാഷപ്പെടുത്തിയ മധുശ്രീ മുഖര്‍ജിയുടെ ‘ബ്രിട്ടീഷ് ഇന്ത്യ ഇരുണ്ട കാലം’ എന്ന പുസ്തകത്തിന്റെ പ്രകാശനം ദക്ഷിണ കേരള പ്രാന്ത സംഘചാലക് പ്രൊഫ. എം.എസ്. രമേശനും നിര്‍വഹിച്ചു. തുടര്‍ന്ന് നെല്ലിക്കാവ് ബാലഗോകുലം, കുടയത്തൂര്‍ ശബരി ബാലിക സദനം എന്നിവിടങ്ങളിലെ കുട്ടികള്‍ അവതരിപ്പിച്ച കലാനിശയും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: