ന്യൂദല്‍ഹി: പാകിസ്ഥാനു മേല്‍ ഭാരത സൈന്യം കാര്‍ഗിലില്‍ നേടിയ യുദ്ധ വിജയത്തിന് ഇന്നു കാല് നൂറ്റാണ്ട്. ദ്രാസിലെ കാര്‍ഗില്‍ യുദ്ധ സ്മാരകത്തില്‍ ഇന്നു രാവിലെ 9.20ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ധീര ജവാന്മാര്ക്കു പുഷ്ചക്രമര്പ്പിക്കും. ദ്രാസിലെ ബ്രിഗേഡ് ഹെലിപാഡില്‍ രാവിലെയെത്തുന്ന പ്രധാനമന്ത്രി, കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച ധീര സൈനികരുടെ ഭാര്യമാരുമായി പ്രത്യേകം കൂടിക്കാണും. സൈനിക മേധാവികളും കേന്ദ്ര മന്ത്രിമാരും ദേശീയ, അന്തര്‍ദേശീയ മാധ്യമങ്ങളും കാര്‍ഗില്‍ വിജയത്തിന്റെ 25-ാം വാര്ഷികാഘോഷത്തിനു കാര്ഗിലിലെത്തുന്നുണ്ട്.
കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത വീര സൈനികരെ മോദി ആദരിക്കും. കാര്‍ഗില്‍ യുദ്ധ മ്യൂസിയത്തിലെ സന്ദര്‍ശക പുസ്തകത്തില്‍ അദ്ദേഹം കുറിപ്പെഴുതും. കാര്‍ഗില്‍ മേഖലയില്‍ വിന്യസിച്ചിരിക്കുന്ന സൈനികരെയും സൈനികോദ്യോഗസ്ഥരെയും നേരില്‍ക്കണ്ട്, ഫോട്ടോയെടുത്താണ് പ്രധാനമന്ത്രി മടങ്ങുക. വര്‍ഷം മുഴുവനും ലേയിലെത്താനാകുന്ന തന്ത്ര പ്രധാന ഷിങ്കുന്ലാ ടണല്‍ പദ്ധതിയുടെ നിര്‍മാണോദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും.
1999 മേയില്‍ ആരംഭിച്ച് ജൂലൈ അവസാനം വരെ തുടര്‍ന്ന യുദ്ധത്തില്‍ പാക് സൈന്യം ദയനീയമായി പരാജയപ്പെട്ടു. പാക് സൈനികരും ഭീകരരുമടക്കം നാലായിരത്തോളം പേരെ ഭാരത സൈന്യം വധിച്ചു. ഭാരതത്തിന്റെ 527 സൈനികര്‍ക്കാണ് ജീവന് നഷ്ടമായത്. 1,363 പേര്‍ക്കു പരിക്കേറ്റു. പാകിസ്ഥാന് കൈക്കലാക്കിയ ഓരോ ഇഞ്ചും തിരിച്ചുപിടിച്ചതിനു ശേഷമാണ് യുദ്ധം അവസാനിപ്പിച്ചത്. പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തില്‍ അന്താരാഷ്ട്ര സമ്മര്‍ദങ്ങള്‍ നേരിട്ടാണ് ഭാരതത്തിനു വിജയം നേടാനായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: