ബെംഗളൂരു: അങ്കോളയിലെ മണ്ണിടിച്ചിലില്‍ കാണാതായ തമിഴ്നാട് സ്വദേശിയും ടാങ്കര്‍ ഡ്രൈവറുമായ ശരവണനായുള്ള കാത്തിരിപ്പിലാണ് കുടുംബം. അര്‍ജുനോടൊപ്പം തന്നെ കാണാതായതാണ് 39കാരനായ ശരവണനെയും. എന്നാല്‍ അര്ജുന് വേണ്ടി നാടൊന്നടങ്കവും സര്‍ക്കാര്‍ സംവിധാനങ്ങളും ഒന്നിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ തമിഴ്നാട് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഇതുവരെ ആരും അപകട സ്ഥലത്തേയ്ക്ക് എത്തിയില്ലെന്ന് ശരവണന്റെ അമ്മാവന് സെന്തില്‍ കുമാര്‍ പറഞ്ഞു.
പത്ത് ദിവസമായി കാത്തിരിപ്പിലാണ് ശരവണന്റേയും കുടുംബം. അര്‍ജുന്റെ തെരച്ചിലിന് ലഭിക്കുന്ന പിന്തുണ ശരവണനും കിട്ടണമെന്ന് സെന്തില്‍ ആവശ്യപ്പെട്ടു.
ശരവണനെക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടാന്‍ എന്ത് ചെയ്യണമെന്നോ ആരോട് പറയണമെന്നോ അറിയാതെ ദുരന്ത മുഖത്ത് പകച്ച് നില്‍ക്കുകയാണ് സെന്തില്‍ കുമാര്‍. മണ്ണിടിച്ചിലുണ്ടായി നാലാം നാള് തിരിച്ചറിയാനാകാത്ത ഒരു മൃതദേഹം കിട്ടിയപ്പോള്‍ ശരവണന്റെ അമ്മയെ വിളിച്ചുവരുത്തി ഡിഎന്‍എ സാംപിള്‍ എടുത്തിരുന്നുവെന്നും സെന്തില്‍ പറഞ്ഞു.
വെള്ളത്തിേലാ മണ്ണിന്റെ അടിയിലോ ശരവണന് ഉണ്ടോ എന്നോ ഒഴുകി പോയോ.. തെരിയാത്.. വിങ്ങലോടെ സെന്തില്‍ പറയുന്നു. തമിഴ്നാട് സര്‍ക്കാരിനെ ബന്ധപ്പെട്ടിരുന്നു. ആ സമയത്ത് തിരച്ചിലിന് സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും ഒരാളു പോലും നോക്കിയില്ല. ജില്ലാ കളക്ടറും എസ്പിയുമായും അര്ജുന് ലഭിക്കുന്ന അതേ പരിഗണന ശരവണനും നല്‍കാമെന്ന് അവര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. ആ വിശ്വാസത്തിലാണ് താനിവിടെ നില്‍ക്കുന്നത്.
അപകടമുണ്ടായ സ്ഥലത്ത് ജൂലൈ 16ന് രാവിലെ 7.30-ഓടെയാണ് ലോറിയുമായി ശരവണന് എത്തിയത്. ധാര്‍വാഡില്‍ ചരക്ക് ഇറക്കി മടങ്ങിവരികയായിരുന്നു. മംഗളൂരുവിലെത്തി ചരക്ക് കയറ്റുകയായിരുന്നു ലക്ഷ്യം. എപ്പോഴും ലോറി ഇവിടെ നിര്‍ത്താറുണ്ട്. രാവിലെ 7.36-ന് ശരവണന് വീട്ടുകാരുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. പത്തുമണിയോടെയാണ് അപകടവിവരം അറിഞ്ഞത്. ശരവണന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയെന്നും വിളിച്ചിട്ട് കിട്ടുന്നില്ലെന്നും വീട്ടുകാര്‍ എന്നെ അറിയിച്ചു. ലോറി ഉടമയെ ഉടന്‍ വിവരം അറിയിക്കുകയും അദ്ദേഹം അപകടസ്ഥലത്തേക്ക് എത്തുകയും ചെയ്തു. എന്തെങ്കിലും വിവരം ലഭിച്ചാല്‍ അറിയിക്കണമെന്ന് പറഞ്ഞ് ലോറി ഉടമ തിരികെപോയി. പിന്നീട് ഇതുവരെ ശരവണനെ കാണാന്‍ തനിക്ക് പറ്റിയിട്ടില്ലെന്നും സെന്തില്‍ പറഞ്ഞു.
ശരവണന് ആറ് വയസുള്ള മകനുണ്ട്. ലോറി ഓടിച്ചാണ് കുടുംബം നോക്കുന്നത്. വേറെ ജീവിതം മാര്‍ഗം ഒന്നുമില്ല. തമിഴ്നാട്ടിലെ സര്‍ക്കാര്‍ സംവിധാനങ്ങളൊന്നും തുണച്ചില്ലെങ്കിലും അര്ജുന് വേണ്ടി നടത്തുന്ന തെരച്ചിലില്‍ ശരവണനെയും കണ്ടെത്താനാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: