ന്യൂദല്‍ഹി: കൃഷിയറിയുന്ന, കര്‍ഷകന്റെ മര്‍മ്മമറിയുന്ന കൃഷിമന്ത്രിയുടെ കീഴില്‍ കര്‍ഷകന്റെ ഭാഗ്യജാതകം മാറി മറിയാന്‍ പോവുകയാണ്. ഭാരതത്തില്‍ കൃഷിയുടെ വ്യക്തമായ മുന്നേറ്റത്തിന് വേണ്ടുന്ന ധാരാളം പദ്ധതികള്‍ കേന്ദ്രകൃഷിമന്ത്രി ശിവരാജ് സിങ്ങ് ചൗഹാന് ധനമന്ത്രി നിര്‍മ്മല സീതാരാമന് നേരത്തെ നല്‍കിയിരുന്നു. എന്തായാലും കര്‍ഷകന്റെ ജീവിതം അടിമുടി മാറ്റുന്ന ലക്ഷ്യങ്ങളോടെയാണ് മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് എത്തിയിരിക്കുന്നത്.
ഗ്രാമീണ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുക എന്നതും കൃഷി രീതികള്‍ ഇന്നത്തെ കാലത്തിന് യോജിച്ച രീതിയില്‍ ആധുനികവല്‍ക്കരിക്കുക എന്നതും ബജറ്റിലെ ലക്ഷ്യങ്ങളാണ്. കര്‍ഷകന്റെ വരുമാനം വര്‍ധിപ്പിക്കലാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
വ്യക്തമായ ആസൂത്രണത്തോടെ കാര്ഷികോല്പാദനം വര്‍ധിപ്പിക്കാനാണ് ബജറ്റ് ലക്ഷ്യമാക്കുന്നത്. കാര്ഷികോല്പന്നങ്ങള് കയറ്റുമതി ചെയ്ത് 10000 കോടി ഡോളര്‍ (ഏകദേശം 8.37ലക്ഷം കോടി രൂപ) വരുമാനം നേടാനും ഈ ബജറ്റ് ലക്ഷ്യം വെയ്ക്കുന്നു.
ബജറ്റില്‍ കൃഷിക്ക് നീക്കിവെച്ചിരിക്കുന്നത് 1.52 ലക്ഷം കോടി രൂപ
കൃഷിയ്ക്കും കൃഷിയായി ബന്ധപ്പെട്ട അനുബന്ധമേഖലകള്‍ക്കും ബജറ്റില്‍ നീക്കിവെച്ചിരിക്കുന്നത് 1.52 ലക്ഷം കോടി രൂപയാണ്. കൃഷി മന്ത്രിയായി ചുമതലയേറ്റ ശേഷം ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലെയും കൃഷി മന്ത്രിമാരെ കണ്ട് ശിവരാജ് സിങ്ങ് ചൗഹാന് വിശദമായ ചര്‍ച്ചകള്‍ നടത്തിയിരുന്നു. സമ്പന്നമായ രാഷ്ട്രീയപരിചയം കൈമുതലായുള്ള വ്യക്തിയാണ് ശിവരാജ് ചൗഹാന്. 1990-91, 2006-2024 വരെ എംഎല്‍എ ആയിരുന്നു. 2005 മുതല്‍ 2018 വരെയും 2020 മുതല്‍ 2023 വരെയും മധ്യപ്രദേശ് മുഖ്യമന്ത്രിയുമായിരുന്നു. നല്ലൊരു കൃഷിക്കാരനായ ശിവരാജ് ചൗഹാന് കൃഷിക്കാരുടെ തുടിപ്പുകള്‍ അറിയാം.
32 വിളകളുടെ 109 ഇനങ്ങള്‍ പുറത്തിറക്കും
“1.52 ലക്ഷം കോടി രൂപയാണ് ബജറ്റില്‍ കൃഷിക്ക് നീക്കിവെച്ചിരിക്കുന്നത്. ഉയര്‍ന്ന വിളവുനല്കുന്ന, ഏത് കാലാവസ്ഥയ്ക്കും ഇണങ്ങുന്ന 32 വിളകളുടെ 109 വൈവിധ്യമാര്‍ന്ന ഇനങ്ങള്‍ ഉടനെ പുറത്തിറക്കാന്‍ പോവുകയാണ്. കാലാവസ്ഥയ്ക്ക് ഇണങ്ങുന്ന വിളകള്‍ സൃഷ്ടിക്കാന്‍ കാര്‍ഷിക ഗവേഷണം അടിയ്ക്കടി അവലോകനം ചെയ്യും. പയറുവര്‍ഗ്ഗങ്ങളും എണ്ണക്കുരുക്കളും (കടുക്, കപ്പലണ്ടി, എള്ള്, സോയബീന്‍, സൂര്യകാന്തി തുടങ്ങിയവ) തുടങ്ങിയ വിളകളുടെ ഉല്പാദനം ഒരു ദൗത്യമെന്ന രീതിയില്‍ തന്നെ വികസിപ്പിക്കും. വിളകളുടെ ഉല്പാദനം, സംഭരണം, വിപണനം എന്നിവ ശക്തിപ്പെടുത്തുക വഴി അതിന്റെ വരുമാന നേട്ടം കര്ഷകന് ലഭിക്കും. കര്‍ഷകന്റെ വരുമാനം ഉയരും.”- ശിവരാജ് ചൗഹാന് ബജറ്റിന്റെ അടിസ്ഥാനത്തിലുള്ള ഭാവി പദ്ധതികള്‍ വിവരിയ്ക്കുന്നു.
അടുത്ത രണ്ട് വര്‍ഷത്തില്‍ ഒരു കോടി കര്‍ഷകരെ നാച്വറല്‍ ഫാമിങ്ങില്‍ കണ്ണിചേര്‍ക്കും
“കാര്ഷികോല്പാദനം വര്ധിപ്പിക്കുകലും കൃഷിക്കുള്ള ചെലവ് ചുരുക്കലും പ്രധാനമാണ്. ഇതിന്റെ ഭാഗമായി അടുത്ത രണ്ട് വര്‍ഷത്തില്‍ ഒരു കോടി കര്‍ഷകരെ പ്രകൃതി സൗഹൃദ കൃഷിയുമായി ബന്ധപ്പെടുത്തും. പ്രകൃതിദത്ത കൃഷി ഭൂമിയുടെ ആരോഗ്യവും ഭൂമിയുടെ ആരോഗ്യവും ജനങ്ങളുടെ ആരോഗ്യവും സംരക്ഷിക്കും.”- ഭാവിയിലെ പദ്ധതികള്‍ ശിവരാജ് ചൗഹാന് വിശദീകരിക്കുന്നു.
മൂന്ന് വര്‍ഷത്തില്‍ 11 കോടി ഇന്ത്യന്‍ കര്‍ഷകരുടെ ഡിജിറ്റല്‍ വിവരശേഖരമുണ്ടാക്കും
“ഡിജിറ്റല്‍ ഭൂരേഖയ്ക്കൊപ്പം കര്‍ഷകരുടെ വിവരങ്ങളും ശേഖരിക്കും. ഇതുവഴി കര്‍ഷകര്‍ക്ക് എളുപ്പം സേവനമെത്തിക്കാന്‍ സാധിക്കും. അവരുടെ വിളകള്‍ ഡിജിറ്റലായി സര്‍വ്വേ ചെയ്യാനും സാധിക്കും. ഇപ്പോള്‍ കര്‍ഷകര്‍ക്ക് വായ്പ ലഭിക്കാന്‍ 20 ദിവസം വരെ വേണ്ടിവരുമെങ്കില്‍ പുതിയ ഡിജിറ്റല്‍ സംവിധാനം നിലവില്‍ വരുന്നതോടെ അര മണിക്കൂരില്‍ കാര്‍ഷിക വായ്പ നല്‍കാനാവും.ഡിജിറ്റല്‍ വിവരശേഖരം കരുത്തുറ്റതാക്കാന്‍ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 11 കോടി കര്‍ഷകരുടെ വിവരം ഡിജിറ്റലായി റെക്കോഡ് ചെയ്യും. “- ശിവരാജ് ചൗഹാന് പറയുന്നു.
കര്ഷകസമരങ്ങളിലൂടെരണ്ടാം മോദി സര്‍ക്കാരിന്റെ പ്രതിച്ഛായ നഷ്ടപ്പെടുത്താല്‍ ഇന്ത്യമുന്നണി ഗൂഢാലോചന നടത്തിയിരുന്നു. ദല്‍ഹി പോലുള്ള തലസ്ഥാന നഗരിയില്‍ കര്‍ഷകസമരത്തിന്റെ പേരില്‍ ഹൈവേകളിലൂടെയുള്ള ട്രാഫിക് തടസ്സപ്പെടുത്തുമാറ് സമരപ്പന്തല്‍ മാസങ്ങളോളം കെട്ടിയുയര്‍ത്തുക വഴി ഇന്ത്യയുടെ ഉല്പാദന ക്ഷമത വലിയ തോതില്‍ ദുര്‍ബലമായിരുന്നു. ഇനിയും ഒരു കര്‍ഷകസമരം ഉയരരുതെന്ന് മൂന്നാം മോദി സര്‍ക്കാര്‍ ആഗ്രഹിക്കുന്നു. കര്‍ഷകരെ അറിയുന്ന മന്ത്രിയിലൂടെ അത് സാധ്യമാകുമെന്നാണ് പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: