മംഗലപുരം: മംഗലപുരം ടെക്നോസിറ്റിയിലും പിരപ്പൻ കോട്ടും ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടുപോത്തിനെ മയക്കുവെടി വച്ചു. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് തിരുവനന്തപുരം ഡിഎഫ്ഒ അനില്‍ ആന്റണിയുടെ നേതൃത്വത്തില്‍ അഞ്ചല്‍, കുളത്തൂപുഴ, പാലോട്, പരുത്തിപ്പള്ളി എന്നിവിടങ്ങളില്‍ നിന്നും അന്‍പതിലധികം വനപാലകരും റാപ്പിഡ് റെസ്‌പോണ്‍സിബിള്‍ ടീമും സ്ഥലത്തത്തിയിരുന്നു
ബുധനാഴ്ച രാവിലെ ഏഴോടെയാണ് കാട്ടുപോത്തിനെ പിടികൂടാന്‍ തുടങ്ങിയ ശ്രമം തുടങ്ങിയത്. ഇന്ന് രാവിലെ പിരപ്പൻ കോട്ട് വച്ച് നാട്ടുകാർ കാട്ടുപോത്തിനെ കണ്ടതായി വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഇവിടെ എത്തിയ വനപാലകർ പോത്തിനെ കണ്ടെത്തുകയും മയക്കുവെടി വയ്‌ക്കുകയുമായിരുന്നു. മയക്കുവെടിയേറ്റ പോത്ത് ഏറെ നേരെ വിരണ്ടോടിയത് ജനങ്ങളെ പരിഭ്രാന്തിയാക്കി. നിരവധി വീടുകളുള്ള പ്രദേശത്താണ് പോത്ത് വിരണ്ടോടിയത്. രണ്ട് വീടിന്റെ മതിലും പോത്ത് തകര്‍ത്തു. മതിൽ തകർത്ത് പോത്ത് ദൂരേക്ക് ഓടിപ്പോയി. കപ്പ തോട്ടത്തിനുള്ളില്‍ മയങ്ങിക്കിടക്കുന്ന നിലയിലാണ് പിന്നീട് പോത്തിനെ വനംവകുപ്പ് കണ്ടെത്തിയത്.
വീടുകളുടെ പരിസരത്തായും കാടുപിടിച്ച് കിടക്കുന്ന ടെക്‌നോസിറ്റിയുടെയും സ്വകാര്യവ്യക്തികളുടെ സ്ഥലത്തുമാണ് കാട്ടുപോത്ത് താവളം ഉറപ്പിച്ചിരിക്കുന്നത്. മംഗലപുരം ടെക്‌നോസിറ്റിക്ക് സമീപത്തെ പുരയിടങ്ങളില്‍ കാട്ടുപോത്ത് മേഞ്ഞു നടക്കുന്നത് ഹോസ്റ്റലില്‍ താമസിക്കുന്ന ടെക്‌നോ സിറ്റിയിലെ ജീവനക്കാരും നാട്ടുകാരും മൊബൈലില്‍ പകര്‍ത്തിയതാണ് കാട്ടുപോത്തിന്റെ സാന്നിധ്യം പുറത്തുവരാന്‍ ഇടയാക്കിയത്. ആദ്യം പശുവാണെന്ന് കരുതിയെങ്കിലും പിന്നീട് കാട്ടുപോത്താണെന്ന സംശയം ഉയര്‍ന്നു. തുടര്‍ന്ന് നാട്ടുകാര്‍ പഞ്ചായത്തധികൃതരേയും പോലീസിനെയും വിവരമറിയിച്ചു.
കാല്‍പ്പാടുകളും വിസര്‍ജ്യവും കണ്ടാണ് കാട്ടുപോത്താണെന്ന് ഉറപ്പിച്ചത്. ശേഷം നാല് സംഘങ്ങളായി തിരിഞ്ഞാണ് വനപാലകര്‍ കാട്ടുപോത്തിനെ കണ്ടെത്താനുള്ള ശ്രമം നടത്തിയത്. കുറ്റിക്കാട്ടിനുള്ളില്‍ കാട്ടുപോത്തിനെ കണ്ടെത്തിയെങ്കിലും മയക്കുവെടിവയ്‌ക്കാന്‍ കഴിഞ്ഞില്ല. കാരമൂട് പള്ളിപ്പുറം സിആര്‍പിഎഫ് റോഡ് വഴിയുള്ള ഗതാഗതം തിരിച്ചുവിട്ടു. ജനവാസ മേഖല ആയതിനാല്‍ ആവശ്യമെങ്കില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തുമെന്നും ഡിഎഫ്ഒ പറഞ്ഞു. ഡ്രോണ്‍ ഉപയോഗിച്ചും തെരച്ചില്‍ നടത്തിയിരുന്നു.
തഹസില്‍ദാര്‍, പഞ്ചായത്ത് അധികൃതര്‍, റവന്യൂ ഉദ്യോഗസ്ഥര്‍ പോലീസ്, അഗ്‌നിശമനസേന അടക്കം വലിയൊരു സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. കാട്ടു പോത്തിനെ കാണാന്‍ നാട്ടുകാരും തടിച്ചുകൂടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: