മുംബൈ: കാർഗിൽ വിജയ് ദിവസിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ച് ശ്രീനഗർ മുതൽ ദ്രാസ് വരെയുള്ള 160 കിലോമീറ്റർ മാരത്തൺ ഓട്ടം പൂർത്തിയാക്കി മുൻ വനിതാ സൈനിക ഉദ്യോഗസ്ഥ. ലഫ്റ്റനൻ്റ് കേണൽ ബർഷ റായ് (റിട്ട) ആണ് നാല് ദിവസം കൊണ്ട് ഓട്ടം പൂർത്തിയാക്കി ചരിത്രം കുറിച്ചത്. രാജ്യത്തിനുവേണ്ടി ജീവൻ ബലിയർപ്പിച്ച ഞങ്ങളുടെ ധീരഹൃദയരെ ആദരിക്കാനാണ് താൻ ഓടിയതെന്നും അവർ പറഞ്ഞു.
കാശ്മീരിൽ സൈനിക ഉദ്യോഗസ്ഥയായിരുന്ന ലഫ്റ്റനൻ്റ് കേണൽ റായ് ശ്രീനഗറിൽ നിന്നാണ് ദ്രാസ് സെക്ടറിലെ കാർഗിൽ യുദ്ധ സ്മാരകത്തിലേക്ക് ഓടിക്കയറിയത്. ജൂലായ് 19-ന് ആരംഭിച്ച ഓട്ടം ജൂലൈ 22-ന് അവസാനിച്ചു. ചിനാർ വാരിയേഴ്‌സ് മാരത്തൺ ടീമും അവരെ അനുഗമിച്ചു. ഓട്ടം പൂർത്തിയാക്കിയ ശേഷം അവർ കാർഗിൽ യുദ്ധ സ്മാരകത്തിൽ രക്തസാക്ഷികൾക്ക് റായ് ആദരാഞ്ജലികൾ അർപ്പിച്ചു.
അവർ ആദ്യ ദിനത്തിലെ ഓട്ടം ശ്രീനഗറിൽ നിന്ന് ആരംഭിച്ചതിന് ശേഷം രണ്ടാം ദിവസം അവർ വുസാനിലേക്ക് എത്തി. തുടർന്ന് 9,000 അടി ഉയരത്തിലുള്ള സോനാമാർഗിലേക്ക് ഓടി. മൂന്നാം ദിവസം ശ്രീനഗർ-ലേ ദേശീയ പാതയിലെ 11649 അടി ഉയരമുള്ള സോജില ചുരം താണ്ടി കാശ്മീർ താഴ്‌വരയെ ലഡാക്ക് മേഖലയുമായി ബന്ധിപ്പിക്കുന്ന മതായെനിൽ എത്തി. തുടർന്ന് നാലാം ദിവസം ദ്രാസിലെ സ്മാരകത്തിൽ എത്തിയത്.
ഈ ഓട്ടം എന്റെ വ്യക്തിപരമായ യാത്ര മാത്രമല്ല, കാർഗിൽ യുദ്ധത്തിൽ വീറോടെ പോരാടിയ സൈനികരുടെ അജയ്യമായ ആത്മാവിനുള്ള ആദരാഞ്ജലിയാണെന്ന് അവർ പറഞ്ഞു. യുദ്ധസമയത്ത് നമ്മുടെ സൈനികർ അഭിമുഖീകരിച്ച ബുദ്ധിമുട്ടുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ ഓട്ടത്തിൽ തന്റെ ശരീരം അനുഭവിച്ച ശാരീരിക വേദന ചെറുതാണ്. ഈ ഓട്ടത്തിലൂടെ, നമ്മുടെ സൈനികരുടെ ത്യാഗത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയായിരുന്നു തന്റെ ലക്ഷ്യമെന്നും അവർ പറഞ്ഞു.
ലഫ്റ്റനൻ്റ് കേണൽ ബർഷ റായ് തന്റെ കുടുംബത്തിലെ നാലാം തലമുറയിലെ സൈനിക ഉദ്യോഗസ്ഥയാണ്. ചെന്നൈയിലെ ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമിയിൽ നിന്ന് 2010 മാർച്ചിൽ ആർമി സർവീസ് കോർപ്‌സിലേക്ക് കമ്മീഷൻ ചെയ്തു. അവിടെ അവർക്ക് ഗർവാൾ മെഡൽ ലഭിച്ചിരുന്നു.
അതേ സമയം 1999ലെ യുദ്ധത്തിൽ പാക്കിസ്ഥാനെതിരെ ഇന്ത്യ നേടിയ വിജയത്തിന്റെ 25-ാം വാർഷിക ആഘോഷങ്ങളിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂലൈ 26ന് ലഡാക്കിലെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: