കോട്ടയം: ശബരിമല ദര്‍ശനത്തിനെത്തുന്ന ഭക്തജനങ്ങള്‍ക്ക് സുരക്ഷിതമായ ദര്‍ശനത്തിനാവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ദേവസ്വം മന്ത്രി വി എന്‍ വാസവന്‍. പ്രതിദിനം 80000 ഭക്തരെ വെര്‍ച്വല്‍ ക്യൂവിലൂടെ ദര്‍ശനത്തിനനുവദിക്കും. നിലക്കലില്‍ പതിനായിരത്തിനു മുകളില്‍ വാഹനങ്ങളുടെ പാര്‍ക്കിങ്ങിനാവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. എരുമേലിയില്‍ പാര്‍ക്കിംഗ് രണ്ടായിരമായി വര്‍ധിപ്പിക്കും. ആവശ്യമായ ആറേക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിനാവശ്യമായ നടപടികള്‍ ജില്ലാ കളക്ടര്‍ സ്വീകരിച്ചു വരികയാണ്.
52 ലക്ഷം പേരാണ് കഴിഞ്ഞ വര്‍ഷം മണ്ഡല മകരവിളക്ക് കാലയളവില്‍ സന്നിധാനത്ത് ദര്‍ശനത്തിനെത്തിയത്. പശ്ചാത്തല സൗകര്യങ്ങളൊരുക്കുന്നതിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പ് റോഡുകളുടെ നിര്‍മാണത്തിനും അറ്റകുറ്റപ്പണികള്‍ക്കുമാവശ്യമായ ടെന്‍ഡര്‍ നടപടികളടക്കം അതിവേഗം പൂര്‍ത്തീകരിക്കും. ബി എം ബി സി നിലവാരത്തിലുള്ള മികച്ച റോഡുകളാണെങ്കിലും ചാലക്കയം ഭാഗത്ത് ശ്രദ്ധയില്‍പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കും. ഭക്തര്‍ക്ക് ശുദ്ധമായ ദാഹജലം നല്‍കുന്നതിനുള്ള 4000 ലിറ്റര്‍ പ്ലാന്റിന്റെ ശേഷി പതിനായിരമാക്കി ഉയര്‍ത്തുമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചിട്ടുണ്ട്. കടകളില്‍ വില്‍ക്കുന്ന കുടിവെള്ളത്തിലെ കോളിഫോം ബാക്ടീരിയ ഉള്‍പ്പെടെയുള്ളവയുടെ സാന്നിധ്യം മലിനീകരണ നിയന്ത്രണ ബോര്‍ഡ് പരിശോധിക്കും. മാലിന്യ നിര്‍മാര്‍ജനം സമയബന്ധിതമായി നടത്തും. മാലിന്യം തരംതിരിച്ച് കൈമാറുന്നതിനാവശ്യമായ നടപടി ശുചിത്വമിഷന്‍ സ്വീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: