Kerala

ലോക മുങ്ങി മരണ നിവാരണ ദിനം ഇന്ന്, വീണ്ടെടുക്കാനാവുമോ അര്‍ജുനെ?

Published by

കോട്ടയം: ഇന്ന് ലോക മുങ്ങി മരണ നിവാരണ ദിനം. ഷിരൂരില്‍ മണ്ണിടിഞ്ഞ് ലോറിയടക്കം ഗംഗാവാലി പുഴയില്‍ മുങ്ങിക്കിടക്കുന്ന അര്‍ജുനെ വീണ്ടെടുക്കാന്‍ നാവിക സേന ഇറങ്ങുന്നതും ഇന്നാണെന്നത് വിധിവൈപരിത്യം. വിദേശ കപ്പലില്‍ നിന്ന് വീണ് കടലില്‍ കാണാതായ ആലപ്പുഴ സ്വദേശി വിഷ്ണു മോഹനായുള്ള തിരച്ചില്‍ അവസാനിപ്പിക്കേണ്ടിവന്നതും വേദനാജനകമായ മറ്റൊരു യാഥാര്‍ത്ഥ്യം.
‘ആരും മുങ്ങി മരിക്കരുത്, പ്രതിരോധിക്കാം നമുക്ക്’ എന്ന സന്ദേശത്തിന് ഊന്നല്‍ നല്‍കി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജൂലൈ 25 ന് ലോക മുങ്ങി മരണ ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാന, ജില്ലാ തലങ്ങളില്‍ വിവിധയിനം പരിപാടികള്‍ സംഘടിപ്പിക്കും. സംസ്ഥാന തലത്തില്‍ തിരുവനന്തപുരം ജില്ലയിലെ നാഷണല്‍ കേഡറ്റ് കോര്‍്, ഭാരത് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്, നെഹ്‌റു യുവ കേന്ദ്ര, സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് എന്നീ സംഘടനകളില്‍ നിന്നുള്ള കുട്ടികളാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്.
മുങ്ങിമരണ നിവാരണ ദിനാചരണത്തോടനുബന്ധിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലാ സ്‌കൂള്‍ തലങ്ങളില്‍ റീല്‍ മത്സരം സംഘടിപ്പിക്കും. പൊതുജനങ്ങളില്‍ അവബോധം വളര്‍ത്തുന്നതിലൂടെയും ഫലപ്രദമായ സുരക്ഷാ നടപടികള്‍ പ്രോത്സാഹിപ്പിക്കുന്നതിലൂടെയും മുങ്ങിമരണം ഗണ്യമായി കുറയ്‌ക്കാനും ജീവന്‍ രക്ഷിക്കാനും കഴിയും. സംസ്ഥാന ദുരന്ത സന്ദേശ പ്രചാരണവുമായി ബന്ധപ്പെട്ട് ജില്ലാ സ്‌കൂള്‍ തലത്തില്‍ വീഡിയോ റീല്‍ മത്സരം സംഘടിപ്പിക്കും. ‘മുങ്ങിമരണ പ്രതിരോധം കുട്ടികളിലൂടെ’ എന്നതാണ് വിഷയം. കൂടുതല്‍ വിവരങ്ങള്‍ക്ക് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വെബ്‌സൈറ്റും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും സന്ദര്‍ശിക്കുക.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by