കര്‍ണാടകയിലെ ഷിരൂരില്‍ നിന്ന് ഒന്‍പതാം ദിവസം വന്ന വാര്‍ത്ത നേരിയ പ്രതീക്ഷ നല്കുന്നു. ഷിരൂരിലെ ഗംഗാവലി നദിയില്‍ കണ്ടെത്തിയ ട്രക്ക് അര്‍ജുന്റേതെന്ന് ജില്ലാ പൊലീസ് മേധാവി സ്ഥിരീകരിച്ചിട്ടുണ്ട്. ലോറി നദിയില്‍ നിന്ന് പുറത്തെടുക്കാനുള്ള നീക്കം പുരോഗമിക്കുകയാണ്. നാവിക സേന സംഘവും സ്ഥലത്തെത്തിയിരുന്നു. മൂന്നു ബോട്ടുകളിലായി 18 പേരാണ് സ്ഥലത്തേക്കു പുറപ്പെട്ടത്. ഇന്നലെ രാത്രിയും തിരച്ചില്‍ നടത്തുമെന്നു സൈന്യം അറിയിച്ചിരുന്നു. ഗംഗാവലി നദിയില്‍നിന്നു കഴിഞ്ഞ ദിവസം റഡാര്‍ സിഗ്നല്‍ ലഭിച്ച അതേ സ്ഥലത്തുനിന്നും ഇന്നലെ സോണാര്‍ സിഗ്നലും ലഭിച്ചിരുന്നു. ബൂം എക്സ്കവേറ്റര്‍ ഉപയോഗിച്ച് നദിയില്‍ തിരച്ചില്‍ നടത്തുന്നതിനിടെയാണ് ലോറി കണ്ടെത്തിയിരിക്കുന്നത്. കര്‍ണാടക റവന്യു മന്ത്രി കൃഷ്ണ ബൈര ഗൗഡയാണ് ട്രക്ക് കണ്ടെത്തിയതായി അറിയിച്ചത്. ലോറി ഡ്രൈവര്‍ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തിരച്ചില്‍ പുരോഗമിക്കവേയാണ് നിര്‍ണായക കണ്ടെത്തല്‍. അര്‍ജുന്റെ വാഹനമാണോ എന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്നും ട്രക്ക് കരയിലേക്ക് എത്തിക്കാനുള്ള നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നും കാര്‍വാര്‍ എസ്പി പറഞ്ഞു. കരയില്‍ നിന്ന് 40 അടി അകലെയാണ് ട്രക്ക് കിടക്കുന്നത്.
ഗംഗാവലിപ്പുഴയില്‍ റഡാര്‍ സിഗ്നല്‍ ലഭിച്ച അതേ ഇടത്തുനിന്നു തന്നെ നാവികസേന നടത്തിയ തിരച്ചിലില്‍ സോണാര്‍ സിഗ്നല്‍ ലഭിച്ചിരുന്നു. വെള്ളത്തിനടിയിലുള്ള വസ്തുക്കളെ കണ്ടെത്തുന്നതിനും അവയുടെ സഞ്ചാരദിശ, വേഗം തുടങ്ങിയവ മനസ്സിലാക്കുന്നതിനും ഉപയോഗിക്കുന്ന ശബ്ദശാസ്ത്ര സംവിധാനമാണു സോണാര്‍. ഇക്കഴിഞ്ഞ 16 നാണ് ലോറിയടക്കം മണ്ണിനടിയില്‍ അകപ്പെട്ടത്. അപ്പോള്‍ തന്നെ ജാഗ്രതയോടെയുള്ള പരിശോധനയോ നടപടികളോ ഉണ്ടായില്ല എന്നത് വെറുമൊരു കുറ്റപ്പെടുത്തലല്ല. കര്‍ണാടക സര്‍ക്കാരിന് അത്രയേ താല്പര്യമുണ്ടായിരുന്നുള്ളൂ എന്നതാണ് സത്യം. കേരളത്തിലെ രാഷ്ട്രീയ നേതാക്കളുടെ ഇടപെടലാണ് ഇത്രയെങ്കിലും കാര്യം നടത്താന്‍ സഹായിച്ചത്. കുടുംബവും മാധ്യമങ്ങളും നടത്തിയ ശ്രദ്ധയും ശ്രമവും മൂലമാണ് സൈന്യം തന്നെ രംഗത്തിറങ്ങാന്‍ കാരണം. എന്നിട്ടും കേരളത്തിലെ ഒരു മന്ത്രിയെങ്കിലും കര്‍ണാടകത്തില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ സന്നദ്ധമായിട്ടില്ല എന്നത് ഏറെ ദുഃഖകരമാണ്. മണ്ണിടിഞ്ഞ് കാണാതായ അര്‍ജുന്റെ ലോറിയുടെ ജിപിഎസ് അപകടം നടന്ന് ഏകദേശം 19 മിനിട്ട് മാത്രമേ പ്രവര്‍ത്തിച്ചിട്ടുള്ളൂ എന്നാണ് സൂചന. അപകടം നടന്ന് രണ്ടുമൂന്ന് ദിവസം കഴിഞ്ഞും ജിപിഎസ് പ്രവര്‍ത്തിച്ചുവെന്നും എന്ജിന് ഓണ്‍ ആയി എന്നുമുള്ള വാദം തെറ്റാണെന്ന് ഇതോടെ വ്യക്തമായി. ലോറി മണ്ണിടിച്ചിലില്‍പ്പെട്ട് അപകടം സംഭവിച്ചതിനു രണ്ടു ദിവസം കഴിഞ്ഞും ലോറിയുടെ എന്ജിന് ഓണ്‍ ആയി എന്ന രീതിയില്‍ വന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് വാര്‍ത്തയുണ്ടായിരുന്നു. ഇതിനു പിന്നാലെയാണു ലോറിയുടെ ജിപിഎസ് സംബന്ധിച്ചു കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.
ജിപിഎസ് ലൊക്കേഷന്‍ അവസാനമായി പ്രവര്‍ത്തിച്ചത് ജൂലൈ 16ന് രാവിലെ 8.49ന്. 8.30നാണു മണ്ണിടിച്ചിലുണ്ടായത് എന്നാണു നേരത്ത വന്ന റിപ്പോര്‍ട്ടുകള്‍. ഈ സമയത്തില്‍ ചെറിയ വ്യത്യാസം ഉണ്ടാവാം. അര്‍ജുന്റെ ലോറിയുടെ ലൊക്കേഷന്‍ അവസാനമായി ജിപിഎസില്‍ കാണിക്കുന്നത് ഷിരൂരില്‍ തന്നെയാണ്. വണ്ടി ഷിരൂരില്‍ ഓഫ്ലൈനായി എന്നു സൂചിപ്പിക്കുന്ന റെഡ് സിഗ്നലാണ് ജിപിഎസ് മാപ്പില്‍ അതിനുശേഷം കാണിക്കുന്നത്. കെഎ 15എ 7427 എന്ന റജിസ്ട്രേഷനുള്ള ‘സാഗര്‍ കോയ ടിംബേഴ്സ് ‘ ലോറിയാണ് അര്ജുന് ഓടിച്ചിരുന്നത്. സംഭവ ദിവസം അര്ജുന് 181 കിലോമീറ്റര്‍ വാഹനമോടിച്ചിട്ടുണ്ട്. ആകെ 6 മണിക്കൂര്‍ 30 മിനിറ്റ് യാത്രാ സമയം. അങ്ങനെയെങ്കില്‍ അര്ജുന് യാത്ര ആരംഭിച്ചത് പുലര്‍ച്ചെ 2ന് ആയിരിക്കണം. മണിക്കൂറില്‍ പരമാവധി 74 കി.മീ. വരെ വേഗതയിലാണ് വാഹനം ഓടിച്ചത്. പല ഘട്ടങ്ങളിലായി ഒരു മണിക്കൂര്‍ 15 മിനിറ്റ് വണ്ടി ഓണ്‍ ചെയ്തു വച്ചു വിശ്രമിച്ചതായും കാണാം. ഇതില്‍ ഏറ്റവും കൂടുതല്‍ വിശ്രമിച്ച സമയം 14 മിനിറ്റ് 25 സെക്കന്‍ഡാണ്. ഇതു ചിലപ്പോള്‍ മണ്ണിടിച്ചിലുണ്ടായ ഷിരൂരിലെ ധാബ(ചായക്കട)യ്ക്കു സമീപം ആവാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അങ്ങനെ എങ്കില്‍ 8.15നാവും അര്‍ജുനും ലോറിയും അപകടം നടന്ന സ്ഥലത്ത് എത്തിയിട്ടുണ്ടാവുക.
വണ്ടി ഓഫ് ചെയ്ത് കിടന്നുറങ്ങിയപ്പോള്‍ മണ്ണിടിച്ചിലുണ്ടാവാനും വണ്ടി തകര്‍ന്ന് പവര്‍ ഓഫ് ആയതുമാവാം ജിപിഎസ് കട്ട് ആവാന്‍ കാരണം. ലോറി ഉടമ ജിപിഎസ് ലൊക്കേഷന്‍ ആപ്പില്‍ നോക്കിയാണു വണ്ടി അപകടത്തില്‍പ്പെട്ടു എന്നു കണ്ടെത്തിയത്. ലഭ്യമായ രേഖകള്‍ പ്രകാരം അപകട സമയത്ത് പുകുതിയിലറെ ഇന്ധനവും ഓയിലും വണ്ടിയുടെ ടാങ്കിലുണ്ടായിരുന്നു. ലോറി ഉടമകളും പ്രക്ഷോഭം ആരംഭിച്ചിട്ടുണ്ട്. ലോറിയേയും അര്‍ജുനേയും കണ്ടെത്താന്‍ വൈകിയാല്‍ പ്രക്ഷോഭം രാജ്യവാപകമായി തന്നെ തുടങ്ങുമെന്ന മുന്നറിയിപ്പും വന്നിട്ടുണ്ട്. ഏതായാലും ഇത്രയും അലസതയും അലംഭാവവും ഉണ്ടാകാന്‍ പാടില്ലായിരുന്നു. കര്‍ണാടക, കേരള സര്‍ക്കാരുകളുടെ കുറ്റകരമായ നിസംഗതയാണ് പ്രശ്നങ്ങള്‍ക്കെല്ലാം കാരണമെന്ന് പറയാതിരിക്കാന്‍ വയ്യ. ഒടുവില്‍ സൈന്യവും ആധുനിക ഉപകരണങ്ങളും എത്തേണ്ടിവന്നു തെരച്ചില്‍ ഊര്‍ജ്ജിതമാക്കാന്‍. പ്രതികൂല കാലാവസ്ഥയും പ്രയത്നങ്ങള്‍ ദുഷ്കരമാക്കി.
റോഡിനായി മണ്ണിടിച്ചു താഴ്ത്തിയപ്പോള്‍ കുന്നിന്മുകളില് കുടുങ്ങിയ ആളുകളുടെ ജീവനു മാത്രമല്ല ഭീഷണി; താഴെ റോഡില്‍ക്കൂടി വാഹനത്തില്‍ പോകുന്നവരുടെ ജീവനും അപകടത്തിലാണ്. ഷിരൂരില്‍ മണ്ണിടിഞ്ഞ് വീണപ്പോള്‍ ചായക്കട നടത്തിയിരുന്ന ഒരു കുടുംബവും ലോറി ഡ്രൈവര്‍മാരും ഉള്‍പ്പെടെയാണ് ഇല്ലാതായത്. കേരളത്തില്‍ അതിവര്‍ഷവും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഓരോ വര്‍ഷവും വര്‍ധിക്കുകയാണ്. ഇതിനിടെയാണു നൂറുമീറ്ററോളം ഉയരത്തില്‍ 90 ഡിഗ്രി കുത്തനെ കുന്നിടിച്ച് റോഡ് നിര്‍മിക്കുന്നത്. ഇത്രയും ഉയരത്തില്‍നിന്നു ചെറിയ കല്ല് വാഹനങ്ങള്‍ക്കു മുകളില്‍ വീണാല്‍പോലും വന്‍ ദുരന്തമായിരിക്കും. അങ്ങനെയുള്ള സാഹചര്യം നിലനില്‍ക്കുമ്പോഴാണ് ചെങ്കുത്തായി ചെത്തിയിറക്കിയ മലയുടെ തുമ്പത്ത് നിരവധി വീടുകളില്‍ ആളുകള്‍ താമസിക്കുന്നത്. റോഡിലൂടെ സഞ്ചരിക്കുന്നവര്‍ക്കു തലയ്ക്കു മുകളിലെ അപകടത്തെക്കുറിച്ച് ധാരണയുണ്ടാകില്ല. എന്നാല്‍ മലയുടെ മുകളില്‍ താമസിക്കുന്നവരെ ഓരോ നിമിഷവും ഭയത്തിന്റെ നിഴല്‍ പിന്തുടരുകയാണെന്ന് പറയേണ്ടിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: