തിരുവനന്തപുരം: കേരളത്തിന്റെ ഏറ്റവും വലിയ റെയില്‍വേ വികസന സ്വപ്നങ്ങളിലൊന്നായ ശബരി പാതയ്ക്ക് ബജറ്റില്‍ 100 കോടി വിഹിതം മാറ്റിവെച്ചിട്ടുണ്ടെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. പക്ഷേ സംസ്ഥാനം ചെലവ് പങ്കിടുന്നതുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍ പണം ചെലവഴിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. തൈക്കാട് റെയില്‍വേ ആസ്ഥാനത്ത് വീഡിയോ കോണ്‍ഫറന്‍സിലൂടെ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
516 കോടി ചെലവ് പ്രതീക്ഷിക്കുന്ന ഷൊര്‍ണൂര്‍ എറണാകുളം മൂന്നാം പാതയ്ക്ക് തുക വകയിരുത്തി. തിരുവനന്തപുരം കന്യാകുമാരി പാത ഇരട്ടിപ്പിക്കല്‍ പണികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കും. 365 കോടിയുടെ പണികള്‍ ഈ വര്‍ഷം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് റെയില്‍വേ വിലയിരുത്തുന്നത്. എറണാകുളം കുമ്പളം രണ്ടാം പാതയ്ക്ക് 105 കോടിയും കുമ്പളം തുറവൂര്‍ രണ്ടാം പാതയ്ക്ക് 102 കോടിയും വകയിരുത്തിയിട്ടുണ്ട്.
ചെറിയ സ്റ്റേഷനുകള്‍ നവീകരിക്കാന്‍ വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്ത് വരികയാണ്. ആലപ്പുഴ, അങ്ങാടിപ്പുറം, അങ്കമാലി, ചാലക്കുടി, ചങ്ങനാശേരി, ചെങ്ങന്നൂര്‍, ചിറയിന്‍കീഴ്, എറണാകുളം, എറണാകുളം ടൗണ്‍, ഏറ്റുമാനൂര്‍, ഫറൂഖ്, ഗുരുവായൂര്‍, കണ്ണൂര്‍, കാസര്‍കോട്, കായങ്കുളം ജങ്ഷന്, കൊല്ലം ജങ്ഷന്, കോഴിക്കോട് മെയിന്‍, കുറ്റിപ്പുറം, മാവേലിക്കര, നെയ്യാറ്റിന്‍കര, നിലമ്പൂര്‍ റോഡ്, ഒറ്റപ്പാലം, പരപ്പനങ്ങാടി, പയ്യന്നൂര്‍, പുനലൂര്‍, ഷൊര്‍ണൂര്‍ ജങ്ഷന്, തലശേരി, തിരുവനന്തപുരം, തൃശ്ശൂര്‍, തിരൂര്‍, തിരുവല്ല, തൃപ്പൂണിത്തുറ, വടകര, വര്‍ക്കല, വടക്കാഞ്ചേരി സ്റ്റേഷനുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്.
2014 മുതല്‍ സംസ്ഥാനത്ത് 106 റെയില്‍വേ മേല്‍പ്പാലങ്ങളും അണ്ടര്‍ ബ്രിഡ്ജുകളും നിര്‍മിച്ചു. തിരുവനന്തപുരം, എറണാകുളം, കൊല്ലം, ഗുരുവായൂര്‍, തശ്ശൂര്‍, പുനലൂര്‍, ചാലക്കുടി, കോഴിക്കോട്, ആലപ്പുഴ എന്നിവയുള്‍പ്പെടെ 35 റെയില്‍വേ സ്റ്റേഷനുകള്‍ അമൃത ഭാരത് റെയില്‍വേയായി ഉയര്‍ത്തും. തിരുവനന്തപുരം സെന്‍ട്രല്‍, വര്‍ക്കല സ്റ്റേഷനുകളില്‍ ഈ വര്‍ഷം സ്റ്റേഷന് പദ്ധതി, പ്രധാന പുനര്‍വികസന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. വള്ളത്തോള്‍ നഗര്‍ എറണാകുളം സെക്ഷനില്‍ ആധുനിക സിഗ്നലിങ് അനുവദിച്ചതായി ദക്ഷിണ റെയില്‍വേ തിരുവനന്തപുരം ഡിവിഷണല്‍ മാനേജര്‍ ഡോ. മനീഷ് തപ്ല്യാല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: