Kerala

വിശാല്‍ വധക്കേസ്: പ്രതികള്‍ കൂടിയാലോചന നടത്തുന്നത് കണ്ടെന്ന് സാക്ഷി

Published by

ആലപ്പുഴ: കാമ്പസ് ഫ്രണ്ട് ഭീകരര്‍ ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജിന് മുന്നില്‍വച്ച് എബിവിപി പ്രവര്‍ത്തകന്‍ വിശാലിനെ കൊലപ്പെടുത്തിയ കേസില്‍ വിശാലിന് പരിക്കേറ്റതിന് തലേദിവസം രാത്രി ഒന്നാം പ്രതി നാസിമും വിശാലിനെ കുത്തിയ ഷഫീക്കും ഉള്‍പ്പെടെയുള്ള പ്രതികള്‍ പന്തളം മുട്ടാറിന് സമീപം ഒന്നാം പ്രതിയുടെ വീട്ടുമുറ്റത്ത് കൂടി നിന്ന് ആലോചിക്കുന്നത് കണ്ടതായി പന്തളം സ്വദേശിയായ ഗോപിനാഥന്‍ നായര്‍ മാവേലിക്കര അഡീ. സെഷന്‍സ് കോടതി ജഡ്ജി പി.പി. പൂജ മുമ്പാകെ മൊഴി നല്കി.

സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. പ്രതാപ് ജി. പടിക്കലിന്റെ ചീഫ് വിസ്താര വേളയില്‍ കോളജില്‍ നടന്ന സംഘര്‍ഷത്തില്‍ വിശാല്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്ക് പറ്റിയ സംഗതിയും താന്‍ അറിഞ്ഞുവെന്നും എല്‍ഐസി ഏജന്റായ താന്‍ ബിസിനസ് ആവശ്യത്തിനായുള്ള യാത്രയിലാണ് പ്രതികളെ കണ്ടതെന്നും കോടതിയില്‍ വ്യക്തമാക്കി.

ഇപ്രകാരം കണ്ട പ്രതികളെ ഇനിയും കണ്ടാല്‍ തിരിച്ചറിയാമോ എന്ന പ്രോസിക്യൂട്ടറുടെ ചോദ്യത്തിന് സാധിക്കുമെന്ന് മറുപടി പറഞ്ഞ സാക്ഷി പ്രതികളായ നാസിം, ആസിഫ്, ഷെഫീഖ് തുടങ്ങിയവരെ കോടതിയില്‍ തിരിച്ചറിഞ്ഞു.

2012 ജൂലൈ 15ന് ഒന്നാം പ്രതിയുടെ വീട്ടില്‍ രാത്രി ഒന്നിച്ച് കൂടിയ പ്രതികള്‍ വിശാല്‍ ഉള്‍പ്പെടെയുള്ളവരെ ആക്രമിക്കുന്നതിനായുള്ള തീരുമാനങ്ങള്‍ എടുത്തിരുന്നു എന്നാണ് പ്രോസിക്യൂഷന്‍ കേസ്. കേസില്‍ അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവന്‍, ഹരീഷ് കാട്ടൂര്‍ എന്നിവരും ഹാജരാകുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by