തിരുവനന്തപുരം: കേരളത്തിലെ നഗരസഭകളുടെ വരുമാനം സംസ്ഥാന ജിഡിപിയുടെ അനുപാതത്തില്‍ വര്‍ധിക്കണമെന്നത് കേന്ദ്ര ധനകാര്യ കമ്മീഷന്റെ നിബന്ധനയാണെന്നും അതുകൊണ്ടാണ് കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ഫീസ് ഇരുപതിരട്ടിയോളം വര്‍ദ്ധിപ്പിച്ചതെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷിന്റെ വിചിത്ര ന്യായീകരണം. പൊതുജനങ്ങളെ കൊള്ളയടിച്ചതും പോര, കേന്ദ്ര നിര്‍ദേശം പാലിക്കുകയായിരുന്നെന്ന കള്ളപ്രചാരണത്തിനുമാണ് മന്ത്രി പത്രസമ്മേളനത്തില്‍ ശ്രമിച്ചത്. നഗരസഭകളുടെ വരുമാനത്തിന്റെ തോത് കൈവരിച്ചില്ല എന്ന കാരണം ചൂണ്ടിക്കാട്ടി 24 നഗരസഭകളുടെ ധനകാര്യ കമ്മീഷന് ഗ്രാന്റ് നഷ്ടപ്പെടുന്ന അവസ്ഥയുണ്ടായെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ കയറിക്കിടക്കാന്‍ ഒരു കിടപ്പാടം ഉണ്ടാക്കാന്‍ ശ്രമിച്ചവര്‍ക്ക് നിലവിലുണ്ടായിരുന്നതില്‍ നിന്ന് ഇരുപതിരട്ടിയോളം ഫീസ് വര്‍ദ്ധിപ്പിച്ച് പകല്‍ക്കൊള്ള നടത്താനല്ല കേന്ദ്ര ധനകാര്യ കമ്മീഷന് നിര്‍ദേശിച്ചതെന്ന് മന്ത്രി സൗകര്യപൂര്‍വം മറച്ചുവച്ചു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ തനതുവരുമാനം വര്‍ധിപ്പിക്കാനുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നായിരുന്നു നിര്‍ദേശം, മറിച്ച് ജനങ്ങളെ കത്തികാട്ടി കൊള്ളയടിക്കാനല്ല. പിരിക്കാതെ കിടക്കുന്ന നികുതികള്‍ പിരിച്ചെടുക്കാനും മറ്റു തരത്തില്‍ വരുമാന വര്‍ദ്ധന കണ്ടെത്താനുമായിരുന്നു. സിഎജിയും സംസ്ഥാന ധനകാര്യ കമ്മീഷനും ഇക്കാര്യം നിരന്തരം ആവശ്യപ്പെട്ടിരുന്നുവെന്നും മന്ത്രി തന്നെ സമ്മതിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: