ന്യൂദൽഹി: മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ ആദ്യ ബജറ്റിൽ ഭൂരിഭാഗം സംസ്ഥാനങ്ങളെയും തഴഞ്ഞെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിന് രാജ്യസഭയിൽ മറുപടിയുമായി കേന്ദ്രധനമന്ത്രി നിർമ്മലാ സീതാരാമൻ. ബജറ്റ് പ്രസംഗത്തിൽ ഒരു സംസ്ഥാനത്തിന്റെ പേര് പറഞ്ഞില്ലെന്ന് കരുതി, കേന്ദ്ര സർക്കാരിന്റെ സഹായങ്ങൾ ആ സംസ്ഥാനങ്ങൾക്ക് ലഭിക്കില്ലെന്നാണോ അർത്ഥമെന്ന് നിർമല സീതാരാമൻ ചോദിച്ചു.
എല്ലാ ബജറ്റിലും ഈ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളുടെയും പേര് പറയാൻ അവസരം ലഭിക്കില്ല. വധവൻ തുറമുഖത്തിനായി കേന്ദ്ര മന്ത്രിസഭായോഗം തീരുമാനം എടുത്തിരുന്നു. എന്നാൽ ബജറ്റിൽ മഹാരാഷ്‌ട്രയുടെ പേര് എടുത്തു പറഞ്ഞില്ല. മഹാരാഷ്‌ട്ര അവഗണിക്കപ്പെട്ടു എന്നാണോ ഇതിനർഥം എന്ന് അവർ ചോദിച്ചു.
പ്രസംഗത്തിൽ ഒരു പ്രത്യേക സംസ്ഥാനത്തിന്റെ പേരുണ്ടെങ്കിൽ, ഇന്ത്യാ സർക്കാരിന്റെ പദ്ധതികൾ മറ്റിടങ്ങളിലേക്ക് പോകില്ല എന്നാണോ? നമ്മുടെ സംസ്ഥാനങ്ങൾക്ക് ഒന്നും നൽകിയിട്ടില്ലെന്ന പ്രതീതി ജനങ്ങളിൽ സൃഷ്ടിക്കാൻ കോൺഗ്രസ് നേതൃത്വം നൽകുന്ന പ്രതിപക്ഷത്തിന്റെ ബോധപൂർവമായ ശ്രമമാണിത്. ഇത് ക്രൂരമായ ആരോപണമാണെന്ന് നിർമല സീതാരാമൻ പറഞ്ഞു.
എല്ലാ ബജറ്റിലും രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളുടെയും പേര് പറയാൻ സാധിക്കില്ലെന്നത് വളരെക്കാലം രാജ്യം ഭരിച്ച കോൺഗ്രസിന് വ്യക്തമായി അറിയാം. കോൺഗ്രസിന്റെ ബജറ്റ് പ്രസംഗങ്ങളിൽ എല്ലാ സംസ്ഥാനങ്ങളുടെയും പേര് പറഞ്ഞിട്ടുണ്ടോയെന്ന് വ്യക്തമാക്കാൻ വെല്ലുവിളിക്കുകയാണെന്നും നിർമല സീതാരാമൻ കൂട്ടിച്ചേർത്തു.
കസേര സംരക്ഷിക്കാനുള്ള ബജറ്റെന്ന രാഹുൽ ഗാന്ധിയുടെ ആരോപണം, രാജ്യസഭയിലെ പ്രതിപക്ഷ നേതാവായ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ സഭയിൽ ആവർത്തിച്ചിരുന്നു. ബജറ്റിൽ പരാമർശിക്കാത്ത സംസ്ഥാനങ്ങളുടെ പേരെടുത്ത് പറഞ്ഞായിരുന്നു ഖാർഗെയുടെ വിമർശനം. ഇതിന് മറുപടിയായാണ് ധനമന്ത്രിയുടെ പ്രസംഗം. ഇതിന് പിന്നാലെ പ്രതിപക്ഷാംഗങ്ങൾ സഭയിൽ വലിയ പ്രതിഷേധമുയർത്തി. ജോൺ ബ്രിട്ടാസിനെയും പ്രിയങ്ക ചതുർവേദിയേയും സഭാധ്യക്ഷൻ ജഗ്ദീപ് ധൻകർ പേരെടുത്ത് പറഞ്ഞ് താക്കീത് ചെയ്യുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: