ന്യൂദല്‍ഹി: ഇടുക്കിയിലെ വനഭൂമി സംബന്ധിച്ച തര്‍ക്കത്തില്‍ ബന്ധപ്പെട്ട കക്ഷികളുടെ വാദങ്ങള്‍ കേട്ടശേഷമുള്ള സെന്‍ട്രല്‍ എംപവേഡ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് അമിക്കസ് ക്യൂറി വഴി സുപ്രീംകോടതിക്കു കൈമാറി. കേസ് ബുധനാഴ്ച പരിഗണിക്കാനാണ് ലിസ്റ്റു ചെയ്തിരിക്കുന്നത്.
ഇടുക്കിയിലെ രണ്ട് ലക്ഷം ഏക്കറിലേറെ സ്ഥലം വനഭൂമിയാണെന്ന് സ്ഥാപിക്കാന്‍ സുപ്രീംകോടതി മുമ്പാകെ സമര്‍പ്പിക്കപ്പെട്ടത് കൃത്രിമ രേഖകള്‍ ആണെന്നാണ് കാര്‍ഡമം ഗ്രോവേഴ്സ് അസോസിയേഷന് സെന്‍ട്രല്‍ എംപവേഡ് കമ്മിറ്റിക്കു മുമ്പാകെ ഉയര്‍ത്തിയ പ്രധാന വാദം. ഇതു സംബന്ധിച്ച ചില രേഖകളും അസോസിയേഷന് കൈമാറിയിരുന്നു.
തൊടുപുഴ താലൂക്കിലെ കരിമണ്ണൂര്‍, കാരിക്കോട് വില്ലേജുകളില്‍ ഉള്‍പ്പെടെ 15720 ഏക്കര്‍ സ്ഥലം റിസര്‍വ് വനമായി 1897 ഓഗസ്റ്റ് 24 തിരുവിതാംകൂര്‍ സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നുവെന്നും ഈ വിജ്ഞാപനത്തിലെ പേര് നമ്പറിലും സ്ഥലവിസ്തീര്ണ്ണത്തിലും തിരുത്തുവരുത്തിയെന്നും അസോസിയേഷന് അരോപിച്ചു.
യഥാര്‍ത്ഥ വിജ്ഞാപനത്തിലെ വനഭൂമി 15720 ഏക്കര്‍ എന്നതിനു മുന്നില്‍ 2 കൂട്ടിച്ചേര്‍ത്ത് 215720 ഏക്കര്‍ എന്നാക്കി. ഇത് 334 ചതുരശ്രമൈല്‍ എന്നും തിരുത്തി. ഗസറ്റിലെ പേജ് നമ്പര്‍ 1392 എന്നതിന് പകരം 1932 എന്നു തിരുത്തി തുടങ്ങിയ വാദങ്ങളാണ് അസോസിയേഷന് വേണ്ടി ഹാജരായവര്‍ ചൂണ്ടിക്കാട്ടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: