തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിൽ ഗുരുതര വീഴ്ചവരുത്തിയ തിരുവനന്തപുരം കോര്‍പറേഷനിലെ ഹെൽത്ത് ഇൻസ്പെക്ടറെ മേയര്‍ സസ്പെൻ്റ് ചെയ്തു. ഹെല്‍ത്ത് ഇന്‍സ്പെക്ടർ കെ ഗണേഷിനെയാണ് ആഭ്യന്തര അന്വേഷണ റിപ്പോർട്ടിനെ തുടർന്ന് സസ്പെന്റ് ചെയ്തത്. റിപ്പോർട്ടിൽ തോട്ടിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കിയ സ്ഥാപനം അടച്ചുപൂട്ടാൻ ആവശ്യപ്പെട്ടിട്ടും വേണ്ട നടപടികൾ ഗണേശ് സ്വീകരിച്ചില്ലന്നും പറയുന്നു.
ഒടുവിൽ പകരം സംവിധാനം ഏർപ്പെടുത്തിയാണ് സ്ഥാപനം അടപ്പിച്ചതെന്നും ആക്ഷേപം ഉയരുന്നു.ആമയിഴഞ്ചാൻ തോട് കടന്നുപോകുന്ന രാജാജി നഗർ, പാളയം, തമ്പാനൂർ ഭാഗങ്ങൾ ഉള്‍പ്പെടുന്ന പ്രദേശത്തിന്റെ മേൽനോട്ട ചുമതല സെക്രട്ടറിയേറ്റ് സര്‍ക്കിൾ ഹെല്‍ത്ത് ഇന്‍സ്പെകടർ കെ ഗണേഷിനാണ്. നിശ്ചിത ഇടവേളകളിൽ തോട് വൃത്തിയാക്കുക,സ്വകാര്യ സ്ഥാപനങ്ങള ഉള്‍പ്പെടെ തോട്ടിൽ മാലിന്യം ഇടുന്നത് തടയുക തുടങ്ങിയ ചുമതലകൾ ഗണേഷിനായിരുന്നു.
കോർപറേഷന്‍ ആരോഗ്യവിഭാഗം നടത്തിയ അന്വേഷണത്തിൽ ഗണേഷന‍്‍റെ ഭാഗത്ത് ഗുരുതര വീഴ്ച വന്നതായാണ് കണ്ടെത്തൽ.ഗണേഷ് കൃത്യമായി തന്റെ ജോലി ചെയ്തിരുന്നുവെങ്കിൽ ഇത്രയധികം മാലിന്യം അടിഞ്ഞു കൂടില്ലായിരുന്നുവന്നും മേയർ ആര്യ രാജേന്ദ്രന് സമര്‍പ്പിച്ച ആഭ്യന്തര അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
തോടിന്റെ തമ്പാനൂർ ഭാഗം ഉള്‍പ്പെടുന്ന പ്രദേശത്തിന്റെ ചുമതലയാണ് കെ ഗണേഷിനുള്ളത്. തോട് വൃത്തിയാക്കാത്തതിൽ മേയർ ആര്യ രാജേന്ദ്രൻ റെയില്‍വേയെ പഴിക്കുമ്പോഴാണ് കോർപറേഷന്റെ വീഴ്ചയിൽ ഉദ്യോഗസ്ഥനെതിരെയും നടപടിയെടുത്തത്. ആമയിഴഞ്ചാൻ തോട് ശുചിയാക്കുന്നതിനിടെ തൊഴിലാളിയായ ജോയി മരിച്ച സംഭവം വൻ വിവാദമായിരുന്നു.
തുടക്കം മുതൽ തന്നെ മേയറും സർക്കാരും റെയിൽവേയെ കുറ്റപ്പെടുത്തിയിരുന്നു. തമ്പാനൂർ സ്റ്റേഷനിലൂടെ കടന്നുപോകുന്ന തോടിന്റെ ഭാഗം വൃത്തിയാക്കുന്നതിൽ റെയില്‍വേ വരുത്തിയ ഗുരുതര വീഴ്ചയാണ് എല്ലാത്തിനും കാരണം എന്നായിരുന്നു കുറ്റപ്പെടുത്തൽ. ജോയിയുടെ മരണമുണ്ടായി ഒരാഴ്ച പിന്നിടുമ്പോഴാണ് കോർപറേഷൻ സ്വന്തം ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: