Football

ഒളിംപിക്‌സ് ഫുട്‌ബോളിന് ഇന്ന് തുടക്കം

Published by

പാരീസ്: പാരീസ് ഒളിംപിക്‌സിന്റെ ഔദ്യോഗിക ഉദ്ഘാടനം വെള്ളിയാഴ്ചയാണെങ്കിലും പുരുഷ ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ഫുട്‌ബോളിനൊപ്പം റഗ്ബി സെവന്‍സും ഇന്ന് തുടക്കം. 1924ന് ശേഷം ആദ്യമായാണ് പാരീസ് നഗരം ഒളിംപിക്‌സിന് ആതിഥേയരാകുന്നത്.

നിലവിലെ സ്വര്‍ണ ജേതാക്കളായ ബ്രസീല്‍ ഇല്ലാതെയാണ് ഫുട്‌ബോള്‍ മത്സരങ്ങള്‍ തുടങ്ങുന്നത്്. ഒളിംപിക്‌സ് യോഗ്യത നേടാതെ പോയതാണ് അവര്‍ക്ക് തിരിച്ചടിയായത്. നാല് ഗ്രൂപ്പുകളിലായി 16 രാജ്യങ്ങളാണ് ഒളിംപിക്‌സ് സ്വര്‍ണത്തിനായി മാറ്റുരയ്‌ക്കുന്നത്. എല്ല ടീമുകളും ഇന്ന് ആദ്യ മത്സരത്തിനിറങ്ങും. നാല് ഗ്രൂപ്പുകളിലായി എട്ട് മത്സരങ്ങള്‍ ഇന്ന് നടക്കും. ഗ്രൂപ്പുകളിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറും. ആഗസ്റ്റ് ഒന്‍പതിനാണ് സ്വര്‍ണപോരാട്ടം.

ലോക ഫുട്‌ബോളിലെ കരുത്തരായ അര്‍ജന്റീന, ആതിഥേയരായ ഫ്രാന്‍സ്, യൂറോ ചാമ്പ്യന്മാരായ സ്‌പെയിന്‍, ഏഷ്യന്‍ കരുത്തുമായി ജപ്പാന്‍, ഇറാഖ് തുടങ്ങിയവരെല്ലാം കാല്‍പ്പന്തുകളി സ്വര്‍ണം ലക്ഷ്യമിട്ട് ഇന്ന് മൈതാനത്തിറങ്ങുന്നു. ലിയോണിലെ സെയ്ന്റ് എറ്റീന്‍ സ്റ്റേഡിയത്തില്‍ ഗ്രൂപ്പ് ബിയില്‍ അര്‍ജന്റീന-മൊറോക്കോ, ഗ്രൂപ്പ് സിയില്‍ പാരീസിലെ പാര്‍ക് ഡെസ് പ്രിന്‍സസില്‍ സ്‌പെയിന്‍-ഉസ്ബക്കിസ്ഥാന്‍ ഫുട്ബോള്‍ മത്സരങ്ങളോടെയാണ് മത്സരവേദി ഉണരുക.

മറ്റ് മത്സരങ്ങളില്‍ ഭാരത സമയം രാത്രി 8.30ന് ഗ്രൂപ്പ് സിയില ഈജിപ്ത്-ഡൊമിനിക്കന്‍ റിപ്പബ്ലിക്, ഗ്രൂപ്പ് എയില്‍ ഗ്വിനിയ-ന്യൂസിലാന്‍ഡ് പോരാട്ടവും നടക്കും. രാത്രി 10.30ന് ഗ്രൂപ്പ് ബിയില്‍ ഇറാഖ്-ഉക്രെയ്‌നുമായും ഗ്രൂപ്പ് ഡിയില്‍ ജപ്പാന്‍ പരാഗ്വെയുമായും ഏറ്റുമുട്ടും. രാത്രി 12.30ന് ഗ്രൂപ്പ് എയില്‍ ആതിഥേയരായ ഫ്രാന്‍സ് ഇറങ്ങും. മാഴ്‌സെയില്‍ നടക്കുന്ന മത്സരത്തില്‍ എതിരാളികള്‍ യുഎസ്എയാണ്. ഗ്രൂപ്പ് ഡിയില്‍ മാലി ഇസ്രയേലുമായും കളിക്കും.

നാളെ അമ്പെയ്‌ത്തില്‍ ഭാരത താരങ്ങള്‍ ഇറങ്ങും. പുരുഷ-വനിതാ വ്യക്തിഗത റാങ്കിങ് റൗണ്ടിലാണ് മത്സരം. വനിത വിഭാഗത്തില്‍ ഭജന്‍ കൗര്‍, അങ്കിത ഭക്ത്, ദീപിക കുമാരി എന്നിവരും പുരുഷ വിഭാഗത്തില്‍ ധീരജ് ബൊമ്മദേവര, തരുണ്‍ദീപ് റായ്, പ്രവീണ്‍ രമേഷ് ജാദവ് എന്നിവരാണ് വ്യക്തിഗത വിഭാഗത്തില്‍ മത്സരിക്കാനിറങ്ങുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by