ഡാംബുള്ള: ഏഷ്യാ കപ്പ് വനിതാ ടി 20 ക്രിക്കറ്റില്‍ ഭാരതത്തിന് മൂന്നാം വിജയം. ഗ്രൂപ്പ് എയിലെ അവസാന മത്സരത്തില്‍ നേപ്പാളിനെ 82 റണ്‍സിന് തകര്‍ത്തു. ആദ്യം ബാറ്റ് ചെയ്ത ഭാരതം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സ് അടിച്ചുകൂട്ടി. മറുപടി ബാറ്റിങ്ങില്‍ നേപ്പാള്‍ വനിതകള്‍ക്ക് 20 ഓവറില്‍ 9 വിക്കറ്റിന് 96 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. നേരത്തെ തന്നെ സെമി ഉറപ്പിച്ച ഭാരതം മൂന്ന് മത്സരങ്ങളും ജയിച്ച് ഗ്രൂപ്പ് ജേതാക്കളുമായി.
നാല് പേര് മാത്രം രണ്ടക്കം കണ്ട നേപ്പാള്‍ ഇന്നിങ്സില്‍ 18 റണ്‍സെടുത്ത സീതാ റാണാ മഗറാണ് ടോപ് സ്കോറര്‍. റുബിന ചേത്രി 15ഉം ഇന്ദു ബര്‍മ 14ഉം റണ്‍സ് നേടി. ബിന്ദു റാവല്‍ 17 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഭാരതത്തിനുവേണ്ടി ദീപ്തി ശര്‍മ മൂന്നും അരുന്ധതി റെഡ്ഡി, രാധ യാദവ് എന്നിവര്‍ രണ്ടും വിക്കറ്റുകള്‍ വീതം വീഴ്ത്തി.
നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഭാരതം 48 പന്തില്‍ നിന്ന് 81 റണ്‍സെടുത്ത ഓപ്പണര്‍ ഷെഫാലി വര്‍മ്മയുടെയും 42 പന്തില്‍ നിന്ന് 47 റണ്‍സെടുത്ത ദയാലന്‍ ഹേമലതയുടെയും കരുത്തിലാണ് 178 റണ്‍സ് അടിച്ചുകൂട്ടിയത്. 15 പന്തില്‍ നിന്ന് 28 റണ്‍ുമായി ജെമിമ റോഡ്രിഗസും മൂന്ന് പന്തില്‍ നിന്ന് 6 റണ്‍സുമായി റിച്ച േഘാഷും പുറത്താകാതെ നിന്നു. മലയാളി താരം സജ്ന സജീവന് 10 റണ്‍സെടുത്തു.
മറ്റൊരു മത്സരത്തില്‍ യുഎഇയെ 10 വിക്കറ്റിന് പരാജയപ്പെടുത്തി പാകിസ്ഥാനും സെമിയിലെത്തി. ആദ്യം ബാറ്റ് ചെയ്ത യുഎഇ എട്ട് വിക്കറ്റിന് 103 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ 14.1 ഓവറില്‍ ഒരു വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെ 107 റണ്‍സെടുത്ത് പാകിസ്ഥാന് വിജയം സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: