ഗുരുവായൂര്‍: ഗുരുവായൂരില്‍ ഒരു ലക്ഷം ചതുരശ്ര അടിയില്‍ നാല് നിലകളിലായി ഉയരാന്‍ പോകുന്ന ആശുപത്രിക്ക് റിലയന്‍സ് ഉടമ മുകേഷ് അംബാനി ധനസഹായം നല്‍കും. ഈ സൂപ്പര്‍ സ്പെഷ്യാല്‍റ്റി ആശുപത്രിക്ക് മുകേഷ് അംബാനി നല്‍കുക 56 കോടി രൂപയാണ്.
ഇതോടെ ഗുരുവായൂർ ദേവസ്വത്തിന്റെ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിനിർമാണത്തിന് അനുമതിയായി. ദേവസ്വം വകുപ്പ് മന്ത്രി വിഎൻ വാസവൻ ജൂലായ് 30-ന് ആശുപത്രിക്ക് തറക്കല്ലിടും. മുകേഷ് അംബാനി 56 കോടി രൂപ ആശുപത്രിയുടെ നിർമാണത്തിന് വാഗ്ദാനം ചെയ്തിട്ടുണ്ട്. നിലവിലുള്ള ദേവസ്വം മെഡിക്കൽ സെന്‍ററിന്റെ തെക്ക് രണ്ടരയേക്കറിലാണ് ആശുപത്രി വരുന്നത്.
മുകേഷ് അംബാനി ഒരു അസ്സല്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണ ഭക്തനാണ്. നേരത്തെ അദ്ദേഹം ഏറെ പണച്ചെലവുള്ള പല വഴിപാടുകളും ഗുരുവായൂരില്‍ നടത്തിയിട്ടുണ്ട്. മുകേഷ് അംബാനിയുടെ അമ്മ കോകില ബെന്‍ അംബാനിക്കും ഗുരുവായൂരിനോട് പ്രത്യേക മമതയുണ്ട്. അനന്ത് അംബാനി-രാധികാ മെര്‍ച്ചെന്‍റ് വിവാഹനിശ്ചയത്തിന് ശേഷം ഭഗവാന്റെ അനുഗ്രഹം തേടി മുകേഷ് അംബാനി ഗുരുവായൂരില്‍ എത്തിയിരുന്നു. 2022ല്‍ ഗുരുവായൂര്‍ സന്ദര്‍ശിച്ചപ്പോള്‍ അന്നദാന ഫണ്ടിലേക്ക് 1.5 കോടി നല്‍കിയിരുന്നു. അന്ന് ദേവസ്വം അധികൃതര്‍ ഗുരുവായൂര്‍ സ്പെഷ്യാല്‍റ്റി ആശുപത്രിയെക്കുറിച്ച് ശ്രദ്ധയില്‍ പെടുത്തിയിരുന്നു. ആ അപേക്ഷക്കാണ് ഇപ്പോള്‍ മുകേഷ് അംബാനി പച്ചക്കൊടി വീശിയിരിക്കുന്നത്.
കാഞ്ഞങ്ങാടുള്ള ദാമോദരന്‍ ആര്‍കിടെക്റ്റ് എന്ന സ്ഥാപനമാണ് രൂപരേഖ തയ്യാറാക്കിയത്. ആശുപത്രിയുടെ രൂപരേഖ അംബാനിക്ക് നല്‍കിയിട്ടുണ്ട്. 56 കോടി രൂപ ആശുപത്രി നിര്‍മ്മാണത്തിന് വേണ്ടി മാത്രമാണ്. ബാക്കി ആവശ്യമായ തുക ദേവസ്വം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: