കൊൽക്കത്ത: പശ്ചിമബംഗാളിൽ ഗവർണർക്കെതിരായ പരാതിയിൽ നടന്ന ജുഡീഷ്യൽ അന്വേഷണത്തിൽ ഗവർണർക്ക് ക്ളീൻചിറ്റ്. ആരോപണം അടിസ്ഥാനരഹിതവും പോലീസ് പിന്തുണയോടെ കെട്ടിച്ചമച്ചതുമാണെന്ന് വ്യക്തമാക്കുന്ന അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രി മമതാബാനര്ജിക്ക് മറ്റൊരു കനത്ത തിരിച്ചടിയായി.
അഴിമതിക്കും അക്രമത്തിനുമെതിരെ പടവാളെടുത്ത ഗവർണറെ വിദ്വേഷപ്രചാരണത്തിലൂടെ ആരോപണങ്ങളുടെ തടവറയിൽ തളയ്‌ക്കാൻ മുനയൊടിഞ്ഞ ആയുധങ്ങൾ കൂർപ്പിച്ചെടുത്ത മമത ഇപ്പോൾ ആരോപണങ്ങളുടെ പരമ്പരയിൽ നട്ടംതിരിയുകയാണ്. അക്രമം, അഴിമതി, .വിഘടനവാദം, ഭരണഘടനാലംഘനം എന്നിങ്ങനെ മമ്തയ്‌ക്കെതിരെ ഒന്നിനു പുറകേ ഒന്നായി തെളിവുകൾ സഹിതമുള്ള കുറ്റാരോപണങ്ങളുടെ കുത്തൊഴുക്കാണ് ഇപ്പോൾ ബംഗാളിൽ.
ബംഗാളിൽ രാഷ്‌ട്രീയ എതിരാളികളെ തളയ്‌ക്കാൻ പതിവായി പ്രയോഗിക്കുന്ന അവസാന അടവാണ് സ്ത്രീപീഡന ആരോപണം. തിരഞ്ഞെടുപ്പിൽ തിരിച്ചടി ഭയന്ന് ഗവര്ണര്ക്കെതിരെ മറ്റൊന്നും പറയാനില്ലാതെ വന്നപ്പോൾ മമത അതും പ്രയോഗിച്ചു.
എന്നാൽ രാജ്ഭവനിലെ സിസിടിവി ദൃശ്യങ്ങൾ സ്വയം പുറത്തുവിട്ടും ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചും ഗവർണർ സധൈര്യം മുന്നോട്ടുവന്നപ്പോൾ മമത കടുത്ത പ്രതിരോധത്തിലായി. ഹൈക്കോടതിയിൽ നൽകിയ ഹർജികൾ ഒന്നൊന്നായി തള്ളിപ്പോയി. ഗവർണർ മുഖ്യമന്ത്രിക്കെതിരെ നൽകിയ അപകീർത്തിക്കേസിൽ ഇനി നാവനക്കരുതെന്ന് കോടതി വിധിക്കുകയും ചെയ്തു.
ആരോപണമുന്നയിയിച്ച രാജ്ഭവനിലെ മുൻ താൽക്കാലിക ജീവനക്കാരിയെക്കൊണ്ട് സുപ്രീംകോടതിയിൽവരെ കേസെത്തിച്ച് വാർത്തയിൽ ഗവർണറെ തളച്ചിടാനാണ് ഇപ്പോഴത്തെ ശ്രമം. എന്നാൽ ജുഡീഷ്യൽ അന്വേഷണ റിപ്പോർട്ട് പുറത്തുവന്നതോടെ അതും മമതയ്‌ക്ക് വെള്ളിടിയായി. വിശദമായ അന്വേഷണത്തിൽ പരാതിക്കാരി ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തി ഗവർണർക്ക് ക്ളീൻ ചിറ്റ് നൽകിയിരിക്കുകയാണ് പുതുച്ചേരിയിൽ നിന്നുള്ള മുൻ ജഡ്ജി.
.
“ആരോപിക്കപ്പെടുന്ന സംഭവത്തിൽ ദൃക്സാക്ഷികളിൽ നിന്നും സാഹചര്യതെളിവുകളിൽ നിന്നും ലഭിച്ച വിവരങ്ങളും തെളിവുകളും വിശകലനം ചെയ്യുമ്പോൾ പരാതിക്കാരിയുടെ പെരുമാറ്റം, ആരോപണമുന്നയിക്കാൻ തിരഞ്ഞെടുത്ത സമയം, തിരഞ്ഞെടുത്ത തന്ത്രങ്ങൾ എന്നിവ സംശയങ്ങൾ ഉളവാക്കുന്നു.” എന്നാണ് ജുഡീഷ്യൽ അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്.
തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ്, പ്രധാനമന്ത്രി രാജ്ഭവനിലെത്തിയ ദിവസം രാജ്ഭവൻ വൻ സുരക്ഷാസന്നാഹത്തിലായിരിക്കുമ്പോഴാണ് ഗവർണർ തന്റെ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന പരാതിയുമായി ഒരു താൽക്കാലിക ജീവനക്കാരി കൊല്കത്തപോലീസിന്റെ സഹായത്തോടെ മാധ്യമങ്ങൾക്കു മുന്നിലെത്തിയതെന്നതുതന്നെ അതിനു പിന്നിലുള്ള ഗൂഡാലോചനയുടെ ഗൗരവം സൂചിപ്പിക്കുന്നതാണ്.
വിഘടനവാദം ഉയർത്തുന്ന മമതയുടെ സമീപകാല പ്രസംഗങ്ങളും സ്ത്രീകളെ ആൾക്കൂട്ട ആക്രമണങ്ങളിലൂടെ വകവരുത്തുന്ന സോഷ്യൽ മീഡിയ ദൃശ്യങ്ങളും അഴിമതിയിൽ മുങ്ങിക്കുളിച്ച സഹമന്ത്രിമാരുടെ ജയിൽയാത്രകളും നിരന്തരം സർക്കാരിനെ വേട്ടയാടുമ്പോൾ പിരിച്ചുവിടൽ ഭീതിയുടെ തടവറയിലായിരിക്കുകയാണ് മമതയും തൃണമൂലും.
ബംഗാളിലെ ക്രമസമാധാനതകർച്ച , അഴിമതി, സാമ്പത്തിക പ്രതിസന്ധി, തിരഞ്ഞെടുപ്പിലെ ക്രമക്കേടുകൾ, ഭരണഘടനാലംഘനം എന്നിവ സംബന്ധിച്ച ഗവർണറുടെ രൂക്ഷമായ റിപ്പോർട്ടുകളിന്മേൽ ഡൽഹിയിൽ നിന്നുള്ള നടപടികൾ സംബന്ധിച്ച് ഊഹാപോഹങ്ങൾ നിറഞ്ഞ നിരവധി റിപ്പോർട്ടുകളും ചർച്ചകളും ഇതിനകം ബംഗാളിലെ മുൻനിര മാധ്യമങ്ങളിൽ ഇടംപിടിച്ചുകഴിഞ്ഞു. അതേസമയം മമതാസർക്കാരിന്റെ പതനം ആസന്നമാണെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ് സോഷ്യമീഡിയ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: