ന്യൂദൽഹി: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നതിനു മുൻപു തന്നെ രാജ്യത്തിന്റെ ഓഹരി സൂചികകളിൽ വളർച്ച. ബജറ്റ് ദിനത്തിൽ നേട്ടത്തോടെയാണ് ഓഹരി വിപണി വ്യാപാരം തുടങ്ങിയത്. സെൻസെക്സ് 229 പോയിൻ്റ് കൂടി 80,731 ൽ വ്യാപാരം ആരംഭിച്ചു. നിഫ്റ്റിയിൽ 59 പോയിന്റ് നേട്ടം.
അൾട്രാടെക് സിമന്‍റ്, മഹീന്ദ്ര & മഹീന്ദ്ര, ഐടിസി, ലാർസൻ & ടൂബ്രോ, എൻടിപിസി തുടങ്ങിയവയാണ് ബിഎസ്ഇ സെൻസെക്സിൽ വളർച്ച കൈവരിച്ചത്. എച്ച്സിഎൽ ടെക്, പവർ ഗ്രിഡ്, ജെഎസ്ഡബ്ല്യു സ്റ്റീൽ എന്നിവയ്‌ക്ക് ഇടിവ്.
അതേസമയം വളര്‍ച്ചയും, നിക്ഷേപവും മുന്‍നിര്‍ത്തിയുള്ള പ്രഖ്യാപനങ്ങള്‍ കുതിപ്പിനു വഴിവയ്‌ക്കും. ഇന്നത്തെ വ്യാപാരത്തില്‍ നിക്ഷേപകര്‍ അതീവ ജാഗ്രതയോടെ നീങ്ങണമെന്നു വിദഗ്ധര്‍ പറയുന്നു.വ്യാപാരികള്‍ ലോ-ബീറ്റ കൗണ്ടറുകളില്‍, പ്രത്യേകിച്ച് പ്രതിരോധ മേഖലകളില്‍ വാങ്ങാനുള്ള അവസരങ്ങള്‍ തേടണമെന്ന് വിദഗ്ധർ പറയുന്നു. കൂടാതെ മറ്റ് മേഖലകളില്‍ സെലക്ടീവായി തുടരാനും നിര്‍ദേശിക്കുന്നു.
ബജറ്റിൽ സുപ്രധാന പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷയിലാണ് നിക്ഷേപകരും. നികുതി ഇളവുകളും തൊഴിലവസരങ്ങളും വർദ്ധിക്കുമെന്നാണ് പ്രതീക്ഷ. ഇതും വിപണികൾക്ക് അനുകൂലമായ ചലനം സൃഷ്ടിക്കുമെന്നാണ് അനുമാനം. പുതിയ ബാങ്കിംഗ് ലൈസൻസുകൾ നൽകുന്ന കാര്യത്തിലും ഇപ്പോഴുള്ള പൊതുമേഖലാ ബാങ്കുകളുടെ ലയനവും സംയോജനവും സംബന്ധിച്ച നയതീരുമാനങ്ങളും ബജറ്റിൽ നിക്ഷേപകർ പ്രതീക്ഷിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: