ദില്ലി: വിക്കി കൗശൽ ഇപ്പോള്‍ ബാഡ് ന്യൂസ് എന്ന ചിത്രത്തിന്റെ വിജയ തിളക്കത്തിലാണ്. അനുരാഗ് കശ്യപിന്റെ ഗാങ്‌സ് ഓഫ് വാസിപൂർ എന്ന സിനിമയിൽ അസിസ്റ്റന്‍റ് ഡയറക്ടറായിരുന്ന കാലത്തെ ഒരു വിചിത്രമായ സംഭവം താരം ഇപ്പോള്‍ പങ്കുവച്ചിരിക്കുകയാണ്. തൻമയ് ഭട്ടിന്റെ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മണൽ മാഫിയയുടെ 500 ഗുണ്ടകള്‍ വളഞ്ഞതും തല്ലിന്റെ വക്കോളം എത്തിയ സംഭവവും വിവരിച്ചത്.
“സിനിമയിൽ കാണിച്ച കൽക്കരി കള്ളക്കടത്ത് യഥാർത്ഥമാണ്. ഞങ്ങൾ അത് നേരിട്ട് ഷൂട്ട് ചെയ്തതാണ്. അനധികൃത മണൽ ഖനനത്തിന്റെ ദൃശ്യങ്ങൾ പകർത്താൻ പോയപ്പോഴായിരുന്നു മറ്റൊരു സംഭവം. ഞാൻ ഞെട്ടിപ്പോയി യഥാർത്ഥ കള്ളക്കടത്ത് ആണെന്ന് നിങ്ങൾക്ക് തോന്നാതിരിക്കാൻ ഇത് വളരെ പരസ്യമായി നടത്തുകയാണെന്ന് ഞാന്‍ അപ്പോഴാണ് മനസ്സിലാക്കയത്. ഒന്നോ രണ്ടോ ട്രക്കുകൾ അല്ല. 500 ട്രക്കുകൾ ഒരേ സമയം മണല്‍ കടത്തും. അതിനാല്‍ തന്നെ അത് നിയമപരമായി നടത്തുന്ന ബിസിനസ്സാണെന്ന് ആളുകള്‍ക്ക് തോന്നും.
ഞങ്ങൾ അവരെ രഹസ്യമായി അത് ഷൂട്ട് ചെയ്യുകയായിരുന്നു. ചിലര്‍ അത് കണ്ട് നമ്മുടെ ചുറ്റും കൂടി. പിന്നീട് അത് കൂടി കൂടി വന്ന് 500 പേരായി. ഞങ്ങളുടെ ക്യാമറ അറ്റൻഡന്‍റ് പ്രായമായ വ്യക്തിയായിരുന്നു. ഏകദേശം 50 വയസ്സിനു മുകളിൽ പ്രായം അദ്ദേഹത്തിനുണ്ട്. അതേ സമയം ചുറ്റും ആളുകൂടിയതിനാല്‍ ഷൂട്ടിംഗിന് സമയം എടുക്കുമെന്ന് ക്യാമറ തിരിച്ചെത്താന്‍ വൈകുമെന്ന് ഇദ്ദേഹം ഫോണില്‍ യൂണിറ്റിനോട് പറഞ്ഞു. എന്നാല്‍ ചുറ്റും കൂടിയതില്‍ ചിലര്‍ ഇയാള്‍ പൊലീസിലോ, അധികാരികളെയോ വിളിച്ചുപറയുകയാണ് എന്ന് കരുതി. തുടര്‍ന്ന് ഞങ്ങളെ അവര്‍ അടിക്കും എന്ന അവസ്ഥയിലായി. ക്യാമറ തട്ടിയെടുക്കുകയും ക്യാമറ തകർക്കുമെന്ന് ഞങ്ങളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. അവിടുന്ന് ഭാഗ്യത്തിനാണ് അന്ന് രക്ഷപ്പെട്ടത്” – ഗാങ്‌സ് ഓഫ് വാസിപൂരില്‍ സഹ സംവിധായകനായ കാലത്തെ അനുഭവം വിക്കി കൗശല്‍ പങ്കുവച്ചു.
അതേ സമയം വിക്കി കൗശലിന്റെ ബാഡ് ന്യൂസ് എന്ന കോമഡി ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം 19, വെള്ളിയാഴ്ചയാണ് തിയറ്ററുകളില്‍ എത്തിയത്. ആദ്യദിനം ഇന്ത്യയില്‍ നിന്ന് ചിത്രം നേടിയത് 8.62 കോടി ആയിരുന്നു. രണ്ടാം ദിനമായ ശനിയാഴ്ച കളക്ഷനില്‍ വര്‍ധന രേഖപ്പെടുത്തി. 10.55 കോടിയാണ് ചിത്രത്തിന്റെ രണ്ടാം ദിന കളക്ഷന്‍. മൂന്നാം ദിനമായിരുന്ന ഞായറാഴ്ച കളക്ഷനില്‍ വീണ്ടും വര്‍ധനവാണ് ഉണ്ടായത്. 11.45 കോടിയാണ് മൂന്നാം ദിനം നേടിയത്. എല്ലാ തുകകളും ഇന്ത്യയില്‍ നിന്നുള്ള നെറ്റ് ബോക്സ് ഓഫീസ് കളക്ഷനാണ്.
ആദ്യ വാരാന്ത്യം 30.62 കോടി എന്നത് ബോളിവുഡിന്റെ ഇന്നത്തെ സാഹചര്യത്തില്‍ മികച്ച കളക്ഷനാണ്. വിക്കി കൗശലിന്റെ കരിയറിലെ ഏറ്റവും മികച്ച ഓപണിംഗുമാണ് ചിത്രം നേടിയത്. അനിമലിലൂടെ തരംഗം തീര്‍ത്ത തൃപ്തി ദിംറി നായികയാവുന്ന ചിത്രമെന്ന നിലയിലും പ്രേക്ഷകശ്രദ്ധ നേടിയിട്ടുണ്ട് ബാഡ് ന്യൂസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: