ന്യൂദല്‍ഹി: സ്വദേശി ദര്ശന് പദ്ധതിയില്‍ സംസ്ഥാനത്തെ നാല് വിനോദസഞ്ചാര കേന്ദ്രങ്ങളെകൂടി ഉള്‍പ്പെടുത്തി കേന്ദ്രം. വര്‍ക്കല, കുമരകം, ബേപ്പൂര്‍, തലശ്ശേരി എന്നിവയാണ് പുതിയതായി സ്വദേശി ദര്ശന് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. ഇക്കോ, റൂറല്‍, സ്പിരിച്വല്‍ സര്‍ക്യൂട്ട് തീമുകള്‍ക്ക് കീഴിലാണ് സംസ്ഥാനത്ത് പദ്ധതികള്‍ അനുവദിച്ചിരിക്കുന്നതെന്ന് കേന്ദ്രടൂറിസം വകുപ്പ് മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത് ലോക്സഭയില്‍ അറിയിച്ചു.
ശിവഗിരി ടൂറിസം സര്‍ക്യൂട്ട് പദ്ധതിക്കും പുതിയ നാല് പദ്ധതികള്‍ക്കുമായി 312.47 കോടിരൂപയാണ് കേന്ദ്രം അനുവദിച്ചിട്ടുള്ളത്. ശിവഗിരി ടൂറിസം സര്‍ക്യൂട്ട് പദ്ധതിക്കായി 66.42 കോടി രൂപയാണ് നീക്കിവച്ചത്. ഇതില്‍ 42 കോടി രൂപ അനുവദിച്ചതില്‍ 26.54 കോടി രൂപ മാത്രമേ ഇതുവരെ ചെലവഴിച്ചിട്ടുള്ളൂ. അനുവദിച്ച തുകയുടെ വിനിയോഗ സര്‍ട്ടിഫിക്കറ്റ് ലഭിച്ചെങ്കില്‍ മാത്രമേ അടുത്ത ഗഡു അനുവദിക്കൂ എന്നും മന്ത്രി പറഞ്ഞു.
ടൂറിസം മന്ത്രാലയം സ്വദേശി ദര്ശന് 2.0 ആയാണ് ഇപ്പോള്‍ പദ്ധതി നടപ്പാക്കുന്നത്. വര്‍ക്കല, കുമരകം, ബേപ്പൂര്‍, തലശ്ശേരി അടക്കം രാജ്യത്താകമാനമുള്ള 57 കേന്ദ്രങ്ങളുടെ വികസനമാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കുമരകം പക്ഷി സങ്കേത അനുഭവം എന്ന പദ്ധതിക്ക് മാത്രം 13.92 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: