കേരളം അല്‍ കേരളമാണെന്നും താന്‍ അതിന്റെ സുല്‍ത്താനാണെന്നും ഒക്കെയുള്ള ഒരു മനോവിഭ്രാന്തി മുഖ്യമന്ത്രി പിണറായി വിജയന് തുടങ്ങിയത് രണ്ടാം തവണയും അധികാരത്തിലെത്തിയപ്പോഴാണ്. കേരളത്തിലെ ഒരു മുഖ്യമന്ത്രിക്കും ഇന്നേവരെ ഉണ്ടാകാത്തത്ര ഉപദേഷ്ടാക്കളും പ്രത്യേക വാഹനങ്ങളും 40ലേറെ അകമ്പടി വാഹനങ്ങളും പ്രത്യേക കമാന്ഡോഫോഴ്സും. കൂടാതെ രക്ഷാപ്രവര്‍ത്തനത്തിന് പ്രത്യേക സിഐടിയു- ഡിവൈഎഫ്ഐ ഗുണ്ടകള്‍ വേറെയും. ഇങ്ങനെയുള്ള ഇപ്പോഴത്തെ ഭരണ സംവിധാനത്തില്‍ മുഖ്യമന്ത്രിയെ തിരുത്താനോ, ഗുണദോഷങ്ങള്‍ ചൂണ്ടിക്കാട്ടാനോ, നേര്‍വഴിക്ക് നയിക്കാനോ ആരുമില്ലെന്നതാണ് സത്യം. ലെജിസ്ലേച്ചറിന്റെ ഭാഗമായ ഭരണ സംവിധാനത്തിന് പിഴവ് പറ്റിയാല്‍ ചൂണ്ടിക്കാണിക്കാനുള്ള ബാധ്യത എക്സിക്യൂട്ടീവ് അഥവാ ഉദ്യോഗസ്ഥന്മാര്‍ക്കുണ്ട്. ധാര്‍ഷ്ട്യത്തിന്റെയും ധിക്കാരത്തിന്റെയും അഹംഭാവത്തിന്റെയും ആള്‍രൂപമായി മാറിയ മുഖ്യമന്ത്രി പിണറായി വിജയനോട് നിയമമെന്താണെന്ന് പറയാനും റൂള്‍സ് ഓഫ് ബിസിനസ് എന്താണെന്ന് പഠിപ്പിക്കാനുമുള്ള ബാധ്യത ഉദ്യോഗസ്ഥന്മാരുടെ മേധാവിയായ ചീഫ് സെക്രട്ടറിക്കാണ്. ഇടതുപക്ഷ സഹയാത്രികനായ ഡോ.വി.വേണു കേരളത്തിലെ സമര്‍ത്ഥനായ ഐഎഎസ് ഉദ്യോഗസ്ഥരില്‍ ഒരാളാണ്. എല്ലാ അതിര്‍വരമ്പുകളും ലംഘിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ അടിമയായി നട്ടെല്ല് വളച്ച് എറാന്‍ മൂളി നില്‍ക്കാനല്ല ചീഫ് സെക്രട്ടറി പദവി എന്നത് ഡോ.വേണു തിരിച്ചറിയണം. അങ്ങനെ തിരിച്ചറിവുണ്ടായിരുന്നെങ്കില്‍ കേരള സുല്‍ത്താന്‍ വിദേശകാര്യ സെക്രട്ടറിയെ നിയമിച്ചുകൊണ്ട് ചരിത്രത്തില്‍ ആദ്യമായി ഒരു ഉത്തരവ് ഇറങ്ങില്ലായിരുന്നു.
മന്ത്രിസഭയുടെ പിഴവ് ചൂണ്ടിക്കാണിക്കാനും മന്ത്രിമാരുടെ തെറ്റ് തിരുത്താനും ഉദ്യോഗസ്ഥന് ചുമതലയുണ്ട്. ആ ചുമതല നിര്‍വഹിച്ചതിനു ശേഷവും മന്ത്രിസഭയും മന്ത്രിയും ആ തീരുമാനവുമായി തുടര്‍ന്നാല്‍ പിന്നെ ഇടപെടേണ്ട കാര്യമില്ല. പക്ഷേ അതുവരെ തീരുമാനം തെറ്റാണെന്നും നിയമാനുസൃതം അല്ലെന്നും പറയാനുള്ള കരുത്ത് ചീഫ് സെക്രട്ടറിയുടെ നട്ടെല്ലിന് ഉണ്ടാവണം. ആ തരത്തില്‍ നേരത്തെ ചൂണ്ടിക്കാട്ടിയ നിരവധി ഉദ്യോഗസ്ഥര്‍ കേരളത്തിലുണ്ട്. കെ.കരുണാകരന് തിരുവായ്ക്കെതിര്‍ വാ ഇല്ലാതെ വാഴുന്ന കാലത്ത് ് തീരുമാനം എഴുതിയ ഫയലില്‍ അദ്ദേഹത്തിന ‘ഐ ബെഗ് ടു ഡിഫര്‍ യൂ സര് ‘ നോട്ട് കുറിച്ചിട്ട സിപി നായര്‍. മുഖ്യമന്ത്രി നേരിട്ട് വിളിച്ച് വിശദീകരണം ചോദിച്ചപ്പോള്‍ ഞാന്‍ എന്റെ ഡ്യൂട്ടിയാണ് ചെയ്തത് അങ്ങേക്ക് വേണമെങ്കില്‍ അത് ഓവര്‍ റൂള്‍ (മറികടക്കാം ) ചെയ്യാം എന്നായിരുന്നു മറുപടി. പ്രായോഗിക രാഷ്ട്രീയവും പ്രത്യുല്‍പ്പന്ന മതിത്വവും പുലര്‍ത്തിയിരുന്ന കെ. കരുണാകരന് ചരിത്രത്തിലാദ്യമായി സ്വന്തം തീരുമാനം തിരുത്തി. അങ്ങനെ എത്രയെത്ര തിരുത്തലുകള്‍.
അഴിമതി കേസുകള്‍ കൊണ്ട് കുപ്രസിദ്ധനായ ഒരു പോലീസ് ഉദ്യോഗസ്ഥന് ഐപിഎസ് കൊടുക്കാനുള്ള ഫയല്‍ വന്നപ്പോള്‍ അന്നത്തെ ഹോം സെക്രട്ടറിയും വിജിലന്‍സ് കമ്മീഷണറും ആയിരുന്ന സി.പി. നായര്‍ ഇതേ രീതിയില്‍ തന്നെ ഫയല്‍ മടക്കി. സഹപാഠിയും ഒരുമിച്ച് പഠിച്ച സുഹൃത്തുമായ ചീഫ് സെക്രട്ടറി നേരിട്ട് ആവശ്യപ്പെട്ടിട്ടും അന്ന് സി.പി. നായര്‍ വഴങ്ങിയില്ല. പക്ഷേ ചീഫ് സെക്രട്ടറിയുടെ അധികാരം ഉപയോഗിച്ച് ആ ഉദ്യോഗസ്ഥന് ഐപിഎസ് കൊടുക്കാന്‍ നടത്തിയ നീക്കം യുപിഎസ്സിയില് എത്തിയപ്പോള്‍ തകിടം മറിഞ്ഞു. അതിനുമുമ്പ് 20ന് മുകളിലുള്ള വിജിലന്‍സ് കേസുകള്‍ എഴുതിത്തള്ളിയിരുന്നു. ഒരു ദിവസത്തിനു ശേഷം റിട്ടയര്‍മെന്റ് പ്രായം 60 ആയി ഉയര്‍ത്തിയപ്പോള്‍ 58-ാമത്തെ വയസ്സില്‍ സി.പി. നായര്‍ക്ക് വിരമിക്കേണ്ടി വന്നത് ഒരുപക്ഷേ ഇത്തരം കാര്‍ക്കശ്യങ്ങളുടെ ഫലമായിരിക്കും. പക്ഷേ ഉദ്യോഗസ്ഥര്‍ക്കിടയിലും പൊതുജനങ്ങള്‍ക്കിടയിലും അഴിമതി തൊട്ടുതീണ്ടാത്ത സത്യസന്ധനായ ഉദ്യോഗസ്ഥന് എന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രഭാവം ഇന്നും നിലനില്ക്കുന്നു. പിണറായി വിജയന് വൈദ്യുതി മന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ തീരുമാനത്തിനെതിരെ ഫയലില്‍ നോട്ടിട്ട അന്നത്തെ ധനവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.വരദാചാരിക്കെതിരെ പിണറായി വിജയന് കുറിച്ച നോട്ട് ഒരു പക്ഷേ ജനാധിപത്യ ചരിത്രത്തില്‍ തന്നെ വിരളമായിരിക്കും. ‘സെക്രട്ടറിയുടെ തല പരിശോധിക്കണമെന്നായിരുന്നു’ മന്ത്രിയുടെ കുറിപ്പ്. പക്ഷേ തന്റെ നിലപാടില്‍ നിന്ന് അണുവിട മാറാതെ ഉറച്ചുനിന്ന് സംസ്ഥാനത്തിന്റെ താല്പര്യം കാത്തുരക്ഷിച്ച വരദാചാരി ഇന്നും സത്യസന്ധനായ ഉദ്യോഗസ്ഥന് എന്ന നിലയില്‍ വേറിട്ടു നില്ക്കുന്നു.
ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്ന് ഒന്നോ രണ്ടോ മാസത്തിനകം വിരമിക്കാന്‍ ഇരിക്കുന്ന, സ്വന്തം ഭാര്യക്ക് ചീഫ് സെക്രട്ടറി പദവി കൈമാറുന്ന പ്രത്യേകത കൂടിയുള്ള ഡോ.വേണുവിന് എന്ത് നഷ്ടപ്പെടാനുള്ളതുകൊണ്ടാണ് വിദേശകാര്യ സെക്രട്ടറിയെ നിയമിച്ചപ്പോള്‍ നിശബ്ദത പാലിച്ചത്? സര്‍വീസില്‍ നിന്ന് വിരമിച്ചതിനു ശേഷം ഒപ്പം ഒട്ടി നിന്നവര്‍ക്ക് കിട്ടിയ ആനുകൂല്യങ്ങള്‍ കിട്ടാതെ പോയ രണ്ടോ മൂന്നോ പേരേ ബാക്കിയുള്ളൂ.പോലീസ് മേധാവിയായി വിരമിച്ച ഡോ.ടി.പി.സെന്‍കുമാറും ഡിജിപിയായി വിരമിച്ച എ. ഹേമചന്ദ്രനും. ഇവര്‍ രണ്ടുപേരും കണ്ണിലെ കരടായിരുന്നു. ഈ രണ്ടു ഉദ്യോഗസ്ഥരും മുഖം നോക്കാതെ നടപടിയെടുത്തവരാണ്. ബാക്കിയെല്ലാവര്‍ക്കും എന്തെങ്കിലുമൊക്കെ പുതിയ ലാവണങ്ങള്‍ നല്കി ഒപ്പം നിര്‍ത്താന്‍ പിണറായി ശ്രമിച്ചു. ഡോ.വേണുവിനും അത്തരം മോഹങ്ങള്‍ ഉള്ളതുകൊണ്ടായിരിക്കും ബിസിനസ് റൂള്‍ അനുസരിച്ച്, ഭരണഘടനയനുസരിച്ച് വിദേശകാര്യ വകുപ്പിന്റെ ചുമതല സംസ്ഥാനത്തെ സെക്രട്ടറിക്ക് കൊടുക്കാന്‍ കഴിയില്ല എന്ന കാര്യം മുഖ്യമന്ത്രിയോട് പറയാതിരുന്നതും സെക്രട്ടറിയേറ്റില്‍ നിന്ന് അത്തരം ഒരു ഉത്തരവ് ഇറങ്ങിയതും. ഉത്തരവ് വിവാദമായ സാഹചര്യത്തില്‍ വിശദീകരണവുമായി കുറിപ്പിറക്കിയത് ചീഫ് സെക്രട്ടറി നേരിട്ടാണ്.
1957ല്‍ ഐക്യകേരളം രൂപം കൊണ്ടതിനു ശേഷം ഇന്നുവരെയുള്ള ചരിത്രം പരിശോധിക്കാനുള്ള ബാധ്യത വിശദീകരണക്കുറിപ്പ് ഇറക്കുന്നതിന് മുമ്പ് ചീഫ് സെക്രട്ടറിക്ക് ഉണ്ടായിരുന്നു. ഇതുവരെ കേരളത്തില്‍ ഇങ്ങനെയൊരു തസ്തിക ഇത്തരമൊരു വിശദീകരണത്തോടെ ഉണ്ടായിട്ടുണ്ടോ?ഇല്ല. ഐക്യകേരളം ഉണ്ടായ കാലം മുതല്‍ കേരളത്തിലെ മുഖ്യമന്ത്രിമാരും മന്ത്രിമാരുമൊക്കെ വിദേശത്ത് പല ആവശ്യങ്ങള്‍ക്കായി പോയിട്ടുണ്ട്. അവരുടെ യാത്രാ സംവിധാനങ്ങളും വിദേശത്തെ സൗകര്യങ്ങളും എല്ലാം ഏര്‍പ്പെടുത്തിയിരുന്നത് പൊതുഭരണ വകുപ്പിന്റെ കീഴിലുള്ള പൊളിറ്റിക്കല്‍ ഡിപ്പാര്‍ട്ട്മെന്റായിരുന്നു. പൊതുഭരണ വകുപ്പിന്റെ കീഴിലുള്ള ഏതെങ്കിലും ഉദ്യോഗസ്ഥന് കേന്ദ്ര വിദേശകാര്യമന്ത്രാലയവുമായുള്ള ഏകോപനം എന്ന ചുമതല നല്‍കുക മാത്രമായിരുന്നു നാളിതുവരെയുള്ള ചരിത്രം. കേന്ദ്ര-സംസ്ഥാന ബന്ധങ്ങള്‍ ഭരണഘടനയുടെ ഫെഡറല്‍ സംവിധാനം അനുസരിച്ചുള്ളതാണ്. സംസ്ഥാനത്തിന്റെ ഭരണനിര്‍വഹണം സംബന്ധിച്ച് റൂള്‍സ് ഓഫ് ബിസിനസ് അതിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയിട്ടുള്ളതുമാണ്. ഇതനുസരിച്ച് വിദേശരാജ്യങ്ങളുമായിട്ടുള്ള സഹകരണത്തിന്റെയും ഏകോപനത്തിന്റെയും ചുമതല കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനാണ്. കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായി ഏകോപനം നടത്താന്‍ മാത്രമേ സംസ്ഥാനങ്ങള്‍ക്ക് അധികാരമുള്ളു. എന്നിട്ടും ഇതെല്ലാം ലംഘിച്ച് തൊഴില്‍ വകുപ്പ് സെക്രട്ടറി കെ. വാസുകിക്ക് ‘വിദേശ സഹകരണം സംബന്ധിച്ച കാര്യങ്ങളുടെ അധിക ചുമതല’ നല്കുന്നു എന്ന ഉത്തരവ് സെക്രട്ടറിയേറ്റില്‍ നിന്ന് പുറപ്പെടുവിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ കാരണം പിണറായി വിജയന്റെ മനോവിഭ്രാന്തിയാണ്. നേരത്തെ പ്രളയ കാലത്ത് ദുബായിയിലെ ഏതോ സുല്‍ത്താന്‍ 700 കോടി രൂപ സഹായം പ്രഖ്യാപിച്ചെന്നും കേന്ദ്രസര്‍ക്കാര്‍ അത്രയും കൊടുത്തില്ല എന്നുമൊക്കെ ഇതേ മുഖ്യമന്ത്രി തന്നെയാണ് പറഞ്ഞത്. എന്നാല്‍ കേരളത്തിന് അങ്ങനെ സഹായം നല്കാന് ഒരു വിദേശ രാജ്യത്തിനും കഴിയില്ല. അങ്ങനെ സഹായം നല്കണമെങ്കില് അത് കേന്ദ്രസര്‍ക്കാര്‍ വഴി മാത്രമേ തരാന്‍ കഴിയൂ. അവസാനം ദുബായിയിലുള്ള ഒരു മലയാളി വ്യവസായി തെറ്റിദ്ധരിപ്പിച്ചതാണ് എന്ന് പറഞ്ഞ് മുഖ്യമന്ത്രി തലയൂരി.
അതിന്റെ ഒരു രണ്ടാം പതിപ്പാണ് വാസുകിയുടെ നിയമനം. പൊതുഭരണ വകുപ്പിലെ പൊളിറ്റിക്കല്‍ ഡിപ്പാര്‍ട്ട്മെന്റ് നോര്‍ക്കയുടെ ചുമതലയുള്ള സെക്രട്ടറിയോ വഹിക്കേണ്ട ചുമതലയാണ് വിദേശകാര്യമന്ത്രാലയവുമായുള്ള ഏകോപനം. പക്ഷേ ഇവിടെ വിദേശ രാജ്യങ്ങളുമായുള്ള ഏകോപനത്തിനാണ് കേരളം നേരിട്ട് ഒരു ഐഎഎസ് ഉദ്യോഗസ്ഥയെ നിയമിച്ചിരിക്കുന്നത്. പൊതുഭരണ വകുപ്പിന്റെ സ്പെഷ്യല്‍ സെക്രട്ടറിയായും പൊളിറ്റിക്കല്‍ ഡിപ്പാര്‍ട്ട്മെന്റ് ചുമതലയില്‍ സംസ്ഥാനത്തിന്റെ ചീഫ് പ്രോട്ടോകോള്‍ ഓഫീസറായും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായുമൊക്കെ സേവനമനുഷ്ഠിച്ചിരുന്ന പി.എസ്. ശ്രീകുമാറും കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി ആയിരുന്ന കെ.എം.ചന്ദ്രശേഖറുമൊക്കെ ഈ നിയമനത്തില്‍ അത്ഭുതം പ്രകടിപ്പിക്കുകയായിരുന്നു. വിദേശ ബന്ധം കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ നിയന്ത്രണത്തില്‍ മാത്രമുള്ളതാണ്. അതിന് ഒരു സെക്രട്ടറിയെ നിയമിക്കുന്നത് ചരിത്രത്തിലാദ്യമാണ്. നേരത്തെ മുതിര്‍ന്ന ഐഎഫ്എസ് ഉദ്യോഗസ്ഥനും നയതന്ത്ര പ്രതിനിധിയുമായിരുന്ന വേണു രാജാമണിയെ ദല്‍ഹിയില്‍ നിയമിച്ചതും വിദേശകാര്യമന്ത്രാലയവുമായുള്ള ഏകോപനത്തിന് വേണ്ടിയായിരുന്നു. വേണു രാജാമണി സംസ്ഥാന സര്‍ക്കാരിന്റെ അവഗണനയിലും പിടിപ്പുകേടുകളിലും മനംനൊന്താണ് കാലാവധി തീരും മുമ്പ് ഒഴിഞ്ഞുപോയത്. വ്യവസായ വകുപ്പ് സെക്രട്ടറിയായ സുമന് ബില്ലയ്ക്കാണ് അദ്ദേഹം വഹിച്ച ചുമതലകള്‍ കൈമാറിയത്. പക്ഷേ അന്നൊന്നും ഇതുപോലൊരു ഉത്തരവ് ഇറങ്ങിയില്ല. ഇപ്പോള്‍ സെക്രട്ടറി പറയുന്ന വിശദീകരണം മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശ സന്ദര്‍ശനത്തിന് ശേഷം ധാരാളം വിദേശ ഏജന്‍സികളുമായും സ്ഥാപനങ്ങളുമായും നയതന്ത്ര കാര്യാലയങ്ങളുമായും ചര്‍ച്ച നടത്തുകയും ബന്ധം വയ്ക്കുകയും അവരുടെ സംഘങ്ങളെ സ്വീകരിക്കുകയും ഒക്കെ ചെയ്യേണ്ടതുണ്ട്. അതിനുവേണ്ടി ഒരു പ്രത്യേക ഡിവിഷന് രൂപീകരിച്ചു എന്നാണ്. പക്ഷേ ഭരണമറിയുന്നവര് തിരിച്ചു ചോദിക്കുന്നത് അങ്ങനെയുണ്ടെങ്കില്‍ അത്തരമൊരു ഡിവിഷന് ഉണ്ടാകേണ്ടത് പൊതുഭരണ വകുപ്പിന്റെ പൊളിറ്റിക്കല്‍ ഡിപ്പാര്‍ട്ട്മെന്റില്‍ അല്ലേ? അതിനുപകരം തൊഴില്‍ വകുപ്പിന്റെ ചുമതലയുള്ള സെക്രട്ടറിക്ക് വിദേശകാര്യ വകുപ്പിന്റെ ചുമതല കൊടുക്കുന്നതിന് എന്ത് ന്യായവും യുക്തിയുമാണ് പറയാനുള്ളത്. മറ്റേതെങ്കിലും സംസ്ഥാനത്ത് ഇങ്ങനെയൊരു ഡിവിഷനോ വകുപ്പോ ഉണ്ടോ? 1957 മുതല്‍ ഇന്നുവരെ ഇല്ലാതിരുന്ന ഈ പ്രത്യേക ഡിവിഷന് രൂപീകരിക്കുന്നതിന് നിയമസഭയുടെ അംഗീകാരം വേണ്ടേ? റൂള്‍ 300 അനുസരിച്ച് ഇക്കാര്യം നിയമസഭയെ അറിയിക്കണ്ടേ? ഇത് അങ്ങനെ അറിയിച്ചിട്ടുണ്ടോ? അവിടെയാണ് ഡോ.വേണുവിനെ പോലെയുള്ള പ്രതിഭാശാലിയായ മികച്ച ഐഎഎസ് ഉദ്യോഗസ്ഥന് മുഖ്യമന്ത്രി പിണറായി വിജയന്റെ കുഴലൂത്തുകാരനായ ന്യായീകരണ തൊഴിലാളിയായി അധ:പ്പതിക്കുന്നത്. അഭിമാനം ബാക്കിയുണ്ടെങ്കില്‍ ഇമ്മാതിരി പണിക്ക് നില്‍ക്കരുത്. ഒരുപക്ഷേ ചീഫ് സെക്രട്ടറിയായി ശാരദാ മുരളീധരന് ആയിരുന്നുവെങ്കില്‍ ഈ വിക്രിയയ്ക്ക് കൂട്ടുനില്‍ക്കില്ലായിരുന്നു. എന്ന് മാത്രമല്ല ഇക്കാര്യം ഫയലില്‍ രേഖപ്പെടുത്തി മുഖ്യമന്ത്രിയുടെ ‘മലര്പ്പൊടിക്കാരന്’ സ്വപ്നത്തിന് അപ്പോള്‍ തന്നെ വിരാമം ഇടുകയും ചെയ്യുമായിരുന്നു.
ഉദ്യോഗസ്ഥ വിന്യാസത്തിന്റെ നിയമമനുസരിച്ച് ഏതെങ്കിലും ഒരു വകുപ്പിന്റെ സെക്രട്ടറി സ്ഥാനം മാത്രമേ അധിക ചുമതലയായി നല്കാന് കഴിയൂ. അല്ലെങ്കില്‍ അതിനു മുകളിലുള്ള പദവി ആയിരിക്കണം. നേരത്തെ ഡെപ്യൂട്ടി സെക്രട്ടറിയോ ജോയിന്റ് സെക്രട്ടറിയോ സെക്ഷന്‍ ഓഫീസറോ ഒക്കെയാണ് വിദേശകാര്യമന്ത്രാലയവുമായുള്ള ഏകോപനം നിര്‍വഹിച്ചിരുന്നത്. അതിനു പകരം സെക്രട്ടറിയെ നിയമിക്കുമ്പോള്‍ അതൊരു പ്രത്യേക വകുപ്പായി മാറുകയാണ്. സംസ്ഥാനത്ത് കേന്ദ്രഭരണത്തിന് കീഴിലുള്ള കേന്ദ്രസര്‍ക്കാരിന്റെ മാത്രം അധികാര പരിധിയിലുള്ള വിദേശകാര്യ വകുപ്പിന് സെക്രട്ടറിയെ വയ്ക്കാന്‍ കഴിയില്ല.
മുഖ്യമന്ത്രി പിണറായി വിജയന് ചില വിദേശ രാജ്യങ്ങളിലും ഗള്‍ഫ് രാജ്യങ്ങളിലും ഒക്കെ സന്ദര്‍ശനം നടത്തി വന്നതിനുശേഷം അദ്ദേഹം ജനാധിപത്യ ഭരണത്തില്‍ കീഴിലാണ് എന്ന കാര്യവും ഒരു തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടാല്‍ മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെടും എന്ന കാര്യവും പൂര്‍ണമായും മറന്നിരിക്കുന്നു. കേരളം അല്‍ കേരളമാണെന്നും സ്വതന്ത്ര സംവിധാനമാണെന്നും ഒക്കെയാണ് ഇപ്പോള്‍ പിണറായിയുടെ ധാരണ. പോപ്പുലര്‍ ഫ്രണ്ട് അടക്കമുള്ള ഇസ്ലാമിക ഭീകര സംഘടനകള്‍ കേരളത്തെ സ്വതന്ത്ര ഇസ്ലാമിക രാഷ്ട്രം ആക്കി മാറ്റണമെന്ന ലക്ഷ്യത്തോടെ നേരത്തെ പ്രവര്‍ത്തിച്ചിരുന്നതാണ്. അരുണ്‍കുമാര്‍ സിന്‍ഹ ജൂനിയര്‍ മുതല്‍ ഡോ. ടി.പി. സെന്‍കുമാര്‍ വരെയുള്ള മികച്ച ഉദ്യോഗസ്ഥര്‍ കാലാകാലങ്ങളില്‍ ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുമുണ്ട്. അടുത്തിടെ ഇസ്ലാമിക ഭീകര സംഘടനകളുടെ വേരറക്കുന്ന നീക്കം കേന്ദ്രസര്‍ക്കാരില്‍ നിന്നുണ്ടായപ്പോള്‍ ഭീകരവാദികള്‍ക്ക് അനുകൂലമായ നിലപാടാണ് കേരളത്തില്‍ നിന്നുണ്ടായത്. രാഷ്ട്രീയമായി പോപ്പുലര്‍ ഫ്രണ്ടിനെയും ഇസ്ലാമിക ഭീകര സംഘടനകളെയും അനുകൂലിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും ഭരണഘടനയും നിയമ സംവിധാനവും വിഭാവന ചെയ്യുന്ന രീതിയില്‍ അല്ല പോകുന്നത് എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് വിദേശകാര്യ വകുപ്പിന് സെക്രട്ടറിയെ നിയമിക്കാനുള്ള തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: