ശ്രീനഗര്‍: കശ്മീരിലെ രജൗരിയില്‍ സൈനിക പോസ്റ്റിന് നേരെയും ശൗര്യചക്ര ജേതാവിനെ ലക്ഷ്യമിട്ടും ഭീകരാക്രമണം. സൈന്യം ശക്തമായി തിരിച്ചടിച്ചു. രജൗരിയിലെ ഗുന്ദ മേഖലയിലെ സുരക്ഷാപോസ്റ്റിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരു ജവാന് പരിക്കേറ്റു. സൈന്യത്തിന്റെ തിരിച്ചടിയില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടതായിട്ടാണ് വിവരം.
ശൗര്യചക്ര ജേതാവ് പര്‍ഷോതം കുമാറിന്റെ വസതിക്ക് നേരെയും ഇന്നലെ പുലര്‍ച്ചെ ആക്രമണമുണ്ടായി. ഭീകരര്‍ രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് ആക്രമണം നടത്തിയത്. സൈനികന്റെ വീടിന് നേരെ ഗ്രനേഡ് എറിഞ്ഞതിന് ശേഷം വെടിയുതിര്‍ക്കുകയായിരുന്നു. പിന്നാലെയാണ് സമീപത്തുണ്ടായിരുന്ന സൈനിക ചെക്ക് പോസ്റ്റിന് നേരെയും വെടിയുതിര്‍ത്തത്. നുഴഞ്ഞു കയറിയെത്തിയ ഒരു ഭീകരനെ വധിച്ചതിന് രാഷ്‌ട്രപതി ദ്രൗപതി മുര്‍മു കഴിഞ്ഞ വര്‍ഷം ശൗര്യചക്ര പുരസ്‌കാരം നല്‍കി ആദരിച്ച വില്ലേജ് ഡിഫന്‍സ് കൗണ്‍സില്‍ അംഗമാണ് പര്‍ഷോതം കുമാര്‍. പര്‍ഷോതം കുമാറിന് നേരെ ആക്രമണം ഉണ്ടാകുമെന്ന മുന്നറിയിപ്പ് ഉണ്ടായിരുന്നതിനാല്‍, സുരക്ഷാ സേനയും ജാഗ്രതയിലായിരുന്നു.
ജമ്മു കശ്മീരിലെ വിവിധ ഇടങ്ങളില്‍ വ്യാപകമായി ഭീകരാക്രമണം ഉണ്ടായതിന് പിന്നാലെ സൈന്യം ഭീകരര്‍ക്കായുള്ള തെരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ്. ഇതിനിടയിലാണ് പുതിയ ആക്രമണം. കഴിഞ്ഞ ദിവസം കരസേനാ മേധാവി ജമ്മുവിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: