ബേണ്‍: പോയിന്‍റ് നിലയില്‍ പിന്നിലായിരുന്ന പ്രജ്ഞാനന്ദയ്‌ക്ക് ക്ലാസിക്ക് വിഭാഗത്തിലെ അഞ്ചാം റൗണ്ടില്‍ വിജയം കൂടിയേ തീരു എന്നതായിരുന്നു സ്ഥിതി. അതോടെ ശനിയാഴ്ച അഞ്ചാം റൗണ്ടില്‍ പ്രജ്ഞാനന്ദ ആക്രമണത്തിന് പ്രാധാന്യം നല്‍കിയിലുള്ള റിസ്കെടുത്തുള്ള കളിയിലൂടെ അമേരിക്കയുടെ ഗ്രാന്‍റ് മാസ്റ്റര്‍ സാം ഷാങ്ക് ലാന്‍റിനെ തോല്‍പിച്ചു. പ്രജ്ഞാനന്ദയുടെ അത്യുജ്ജലമായ തന്ത്രങ്ങള്‍, അസാധാരണ നീക്കങ്ങള്‍, ജയപരാജയങ്ങള്‍ മിന്നിമായുന്നു നിര്‍ണ്ണായകനിമിഷങ്ങള്‍….ഇതെല്ലാം പ്രജ്ഞാനന്ദ സാം ഷാങ്ക് ലാന്‍റ് ഗെയിമില്‍ കാണാം.
പ്രജ്ഞാനന്ദ -സാം ഷാങ്ക് ലാന്‍റ് ഗെയിം കാണാം:
സ്പാനിഷ് ഗെയിം
സ്പാനിഷ് ഗെയിം എന്ന ഓപ്പണിങ്ങില്‍ ബെര്‍ലിന്‍ ഡിഫന്‍സ് എന്ന വേരിയേഷനിലായിരുന്നു ഇരുവരുടെയും ഗെയിം. സ്പാനിഷ് ഗെയിമിനെ റുയ് ലോപസ് എന്നും വിളിക്കും. 16ാം നൂറ്റാണ്ടിലെ സ്പെയിനിലെ ചെസ് താരമായ റുയ് ലോപസ് ഡി സെഗുര ആണ് ഈ നീക്കത്തിന്റെ ശില്‍പി. ചെസ് രംഗത്തെ എഴുത്തുകാരന്‍ കൂടിയായിരുന്നു റുയ് ലോപസ്.ആക്രമണത്വരയാണ് ഈ ഗെയിമിന്റെ കാതല്‍. 64 കളങ്ങളില്‍ ശത്രുവിന്റെ ചോരവീഴ്‌ത്തി വിജയം നേടാനുള്ള ത്വര.
ഈ ഗെയിമില്‍ ആദ്യ നീക്കങ്ങളില്‍ അങ്ങേയറ്റത്തെ നിയന്ത്രണം, മുന്‍കൈ, സുസ്ഥിരത, ഫ്ലെക്സിബിലിറ്റി എന്നിവ ഉള്‍ച്ചേര്‍ന്നതിനാല്‍ സ്പാനിഷ് ഗെയിമിന് ചെസിലെ തുടക്കക്കാര്‍ക്കും പരിചയസമ്പന്നര്‍ക്കും ഒരു പോലെ പ്രധാനം.
ഇരുവരും തമ്മിലുള്ള മത്സരത്തില്‍ 12ാം നീക്കത്തില്‍ അപകടകരമായ ആന്‍റി-ബെര്‍ലിന്‍ എന്ന അപകടം ക്ഷണിച്ചുവരുത്തുന്ന നീക്കമാണ് പ്രജ്ഞാനന്ദ നടത്തിയത്. രാജ്ഞിയെ (ക്വീന്‍) ഡി2 എന്ന കോളത്തിലേക്ക് എത്തിക്കുന്ന നീക്കമായിരുന്നു ഇത്. ഇതോടെ ഇ4 കളത്തിലെ കാലാളിനെ കുതിര കൊണ്ട് വെട്ടി സാം ഷാങ്ക് ലാന്‍റ്. അവിടുന്നങ്ങോട്ട് ഇരുവരും നിരവധി കരുക്കളെ വെട്ടിമാറ്റി. അതിനിടെ ഒരു തേരിനെ (റൂക്ക്) ബലി കഴിച്ച് ആനയെ (ബിഷപ്പ്) വെട്ടിയെടുത്ത നീക്കത്തില്‍ സാം ഷാങ്ക് ലാന്‍റ് ദുര്‍ബലനായിപ്പോയി.
ആക്രമണവും അതിനൊത്തവിധമുള്ള പ്രതിരോധവും നിറച്ചുള്ള കളിയായിരുന്നു പ്രജ്ഞാനന്ദയുടേത്. ഓരോ കരുനീക്കങ്ങളിലും ആക്രമണത്തിന്റെ കുന്തമുന. അതായിരുന്നു പ്രജ്ഞാനന്ദയുടെ ലൈന്‍. അതിനനുസരിച്ച് സാം ഷാങ്ക് ലാന്‍റ് പ്രതിരോധത്തിലേക്ക് ചുരുണ്ടുകൂടി. കാലാളെ എട്ടാം കോളത്തില്‍ എത്തിക്കാനുള്ള സാം ഷാങ്ക് ലാന്‍റിന്റെ ശ്രമം തടയാന്‍ ഒരു ഘട്ടത്തില്‍ തേരിനെക്കൂടി പ്രജ്ഞാനന്ദ ബലി കൊടുത്തു. പിന്നെ പ്രജ്ഞാനന്ദ തന്റെ കാലാളിനെ എട്ടാം കോളത്തില്‍ എത്തിച്ച് മന്ത്രി (ക്വീന്‍) ആക്കി മാറ്റും എന്ന ഘട്ടം വന്നപ്പോഴാണ് സാം ഷാങ്ക് ലാന്‍റ് അടിയറവ് പറഞ്ഞത്. എക്കാലവും ഓര്‍മ്മിച്ചുവെയ്‌ക്കാവുന്ന കളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: