നിര്‍ജ്ജീവമായി കിടന്ന കേരളീയ സമൂഹത്തിന് ജീവനേകാന്‍ എഴുത്തച്ഛന് കയ്യിലേന്തി വന്ന മൃതസഞ്ജീവനിയാണ് അദ്ധ്യാത്മ രാമായണം. അ ടിമത്തവും ആഭ്യന്തര കലഹങ്ങളും അധിനിവേശ സംസ്കൃതികളും നാടുവഴിത്തവും ദാരിദ്ര്യവും ഭൗതിക സുഖഭോഗങ്ങള്‍ക്കായുള്ള നെട്ടോട്ടവും പൗരോഹിത്യ പ്രാമാണ്യവും ദേവദാസി സമ്പ്രദായവും ജാതി-വര്‍ഗ്ഗ വിഭജനങ്ങളും ക്ഷേത്രധ്വംസനവും കൊണ്ട് പൊറുതിമുട്ടിയ നാടിനെ വിമോചിപ്പിക്കാനുള്ള ഭക്തിമാര്‍ഗ്ഗ ധ്യാനമാണ് എഴുത്തച്ഛന്റെ രാമനാമ ജപയജ്ഞം.
”അദ്ധ്യാത്മ രാമായണമെന്ന പേരിതിന്നിദ
മദ്ധ്യയനം ചെയ്യുന്നോര്ക്കദ്ധ്യാത്മ ജ്ഞാനമുണ്ടാം
പുത്രസന്തതി ധന സമൃദ്ധി ദീര്‍ഘായുസ്സും
മിത്ര സമ്പത്തി കീര്‍ത്തി രോഗ ശാന്തിയുമുണ്ടാം
ഭക്തിയും വര്‍ദ്ധിച്ചീടും മുക്തിയും സിദ്ധിച്ചിടു
മെത്രയും രഹസ്യമിതെങ്കിലോ കേട്ടാലും നീ”-
രാമചരിതമാഹാത്മ്യം സമഗ്രമായി വര്‍ണ്ണിച്ച് കേള്‍ക്കണമെന്ന ശ്രീപാര്‍വ്വതിയുടെ ഉള്ളമറിഞ്ഞ് മന്ദഹാസത്തോടെ ശ്രീപരമേശ്വരന് രാമമഹാകഥ മുക്തിസാക്ഷ്യമായി ദേവിയുടെ മുമ്പില്‍ അവതരിപ്പിക്കുകയാണ്. അദ്ധ്യാത്മ രാമായണം അതീവ രഹസ്യമായ ആത്മജ്ഞാന ശാസ്ത്രമാണ്. രസനീയവും മഹനീയവുമായ ജീവിതപ്പൊരുളിലൂടെ മഹാസത്യത്തിന്റെ രഹസ്യാത്മകതയിലെത്തുന്നു. ഒളിപ്പിച്ചുവെച്ച നിഗൂഢതയല്ല ഈ രഹസ്യം. സത്യ ശിവ സൗന്ദര്യത്തിന്റെ മറ മാത്രമാണിത്. മറച്ചുവെച്ചതാണ് മറയെന്ന് അജ്ഞന്മാര്ക്ക് തോന്നുമെങ്കിലും പരമജ്ഞാനം അതിന്റെ അന്തര്വൃത്തിയില് പരസ്യമാകുന്നില്ല എന്നര്‍ത്ഥം.
സീതാദേവിയുടെ രാമതത്ത്വ പ്രകാശനാനന്തരം രാമന് സ്വാത്മ ഹൃദയം ഇഷ്ടദൂതനായി തുറന്നുവയ്ക്കുന്നു. ജലാശയത്തിലോരോന്നിലും വ്യത്യസ്തമായി പ്രതിബിംബിക്കുന്ന മഹാകാശം ഒന്നാണ്.
മായയില്‍ ജീവാത്മാവ് പ്രതിബിംബ രൂപിയാകുന്നു. യഥാര്‍ത്ഥ ബിംബം പരമാത്മാവ് തന്നെ. ഇത് നിശ്ചലമാണ്. ആചാര്യ കാരുണ്യത്താല്‍ തത്ത്വമസ്യാദി വാക്യങ്ങളിലൂടെ രാമതത്ത്വമറിഞ്ഞനുഭവിക്കാം. ഈ അനുഭവമാത്രയില് ഭക്തനും ഭക്തദാസനും അദൈ്വതം പ്രാപിക്കുന്നു. ഭക്തിഹീനന്മാര്ക്ക് നൂറായിരം ജന്മപരമ്പരകളിലൂടെയും തത്ത്വജ്ഞാനമോ കൈവല്യസിദ്ധിയോ കൈവരില്ല. പരമാത്മ ഹൃദയത്തിന്റെ പരമ രഹസ്യമാണ് അഞ്ജനാപുത്രനായി രാമന് വെളിവാക്കുന്നത്. ഉപദേശത്തിന്റെ കൈലാസശൃംഗമാണ് രാമഹൃദയപ്പൊരുള്. സര്‍വ്വവേദാന്ത സാരസംഗ്രഹമായ രാമതത്ത്വ ദര്‍ശനം ഭക്തിയോടെ പഠിക്കുന്ന മനുഷ്യനു മുമ്പില്‍ മോക്ഷവാതില്‍ തുറക്കുമെന്നാണ് മഹാദേവിയോട് ശ്രീപരമേശ്വരന് ഉണര്‍ത്തിക്കുന്നത്.
രാമകഥാകഥനത്തില് സമഗ്രമായ കഥാ പ്രവാഹത്തിന്നടിത്തട്ടില് മിന്നിത്തിളങ്ങുകയാണ് മഹാദര്‍ശനങ്ങളുടെ അരുളും പൊരുളും. പ്രകൃതിയുടെ ഉണ്മയിലിറങ്ങുന്ന വിണ് വെളിച്ചമാണ് രാമായണം. അപൂര്‍വ്വവും അഭിജാതവുമായ ആ ആനന്ദസോപാനത്തില് അറിവിന്റെ ചക്രവാളം ബിംബിക്കുന്നു. ഭക്തി ജീവന പ്രത്യക്ഷങ്ങളും അതീതാശയങ്ങളും ദാര്ശനികപ്പൊരുളുകളും മാനവജീവന രഥ്യയുടെ സാംസ്കാരിക ഭൂമികയിലേക്ക് യാത്രയാവു ന്നു. മൂല്യസ്രോതസ്സുകളില്നിന്ന് പ്രകാശം തേടി സങ്കീര്‍ണ്ണ പ്രശ്നങ്ങളെ ധീരമായി നേരിടാനും സാംസ്കാരിക വിശുദ്ധിയും ശാന്തിയുമാര്ജ്ജിക്കാനും രാമായണാക്ഷരി പ്രതിജ്ഞാബദ്ധമായി സഞ്ചരിക്കുന്നു. പുരുഷാര്‍ത്ഥങ്ങളിലൂടെ നേടുന്ന മോക്ഷപദം ആത്യന്തിക ലക്ഷ്യമെങ്കിലും സാധാരണ ജീവിതത്തെ അടുത്തറിയാനും നാടകീയ മുഹൂര്‍ത്തങ്ങളില്‍ സന്ധിക്കാനും ചേര്‍ത്ത് നിര്‍ത്താനും ലൗകികജ്ഞാന പ്രരൂപങ്ങളെ സ്വാംശീകരിക്കാനും ഇതിഹാസം ഉദ്യമിക്കുന്നുണ്ട്. അറിവിനെ പലതായി നിനയ്ക്കുകയും നിറയ്ക്കുകയും അതിന്റെ പ്രായോഗിക തലങ്ങളെ വ്യാഖ്യാന വിധേയമായി ക്രാമാനുഗതം സന്തര്‍പ്പണം ചെയ്യാനുമുള്ള കവികര്മ്മ സാഫല്യമാണത്. സംവേദനത്വത്തിന്റെ നാനാ നീതിശാസ്ത്രത്തിലൂടെയും വിവിധ നിരീക്ഷണ കോണിലൂടെയും ആ അറിവുറവ കാലങ്ങളില്‍ അനശ്വരമായി പ്രവഹിക്കുന്നു. ജ്ഞാനാധിഷ്ഠിതമായ ആന്തരിക സത്യധര്‍മ്മാദി മൂല്യങ്ങളും ഭക്തിചിന്താ വൈവിധ്യങ്ങളും വേദാന്ത വേദിയുടെ അതീതങ്ങളെ സാത്മീകരിക്കുന്നു.
‘നേതി നേതി’-യെന്നോതി അകന്നുപോയതും ‘ഇതുതന്നെ ഇതുതന്നെ’-യെന്നോതി അരികത്തണഞ്ഞതും, വായകൊണ്ടോതി ഉച്ഛിഷ്ടമാക്കാന് കഴിയാത്തതുമായ പരമാത്മബോധത്തിന്റെ മൂല്യപ്പൊരുളാണ് ബ്രഹ്മജ്ഞാനം. എന്നും നവീനവും എന്നും അന്തര്നിഹിതവും എന്നും അനിര്‍വചനീയവുമാണ് ആ അറിവിന്റെ സൂര്യവെളിച്ചം. സൂര്യനും സൂര്യനായ സൂര്യന്റെ മഹാപ്രകാശമാണത്- ബ്രഹ്മപ്രകാശം.
അജ്ഞാതാന്ധകാരത്തിലുഴലുന്നവര് തേടിപ്പിടിക്കേണ്ട സത്യത്തിന്റെ ആഗ്നേയമാണത്. എന്നും രഹസ്യത്തിന്റെ അറയിലാണത്. മറയിലൂടെ- വേദത്തിലൂടെ മാത്രമേ ആ അറ തുറന്നുകിട്ടൂ. ഭൗതികവും ആദ്ധ്യാത്മികവുമായ ആ ജ്ഞാനസരണിയാണ് വേദമെന്ന സമ്യക്ജ്ഞാനം. കര്മ്മജ്ഞാനയോഗത്തിന്റെ ആ തീര്‍ത്ഥസ്ഥാനം രാമായണാക്ഷരികളുടെ ആത്മതത്ത്വസംഹിതയില് ചിപ്പിയില്‍ മുത്തെന്ന പോലെ ഉണ്മയായുണ്ട്. ഇത് ഗീതയോതുന്ന ക്ഷേത്രത്തിന്റെയും ക്ഷേത്രജ്ഞന്റെയും സമന്വയജ്ഞാനം തന്നെ. ഋഷിമാര്‍ ദര്‍ശിച്ച സനാതന സത്യമായ വേദത്തിന്റെ നിത്യപ്പൊരുള് ഇതിഹാസത്തിന്റെ ലക്ഷണപൂര്ണ്ണിമയാണ്. വാല്മീകിയുടെ രാമചരിത വാഹിനി എഴുത്തച്ഛനില്‍ വേദവ്യാഖ്യാനം കൈക്കൊള്ളുന്നു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: