കണ്ണൂര്‍: സ്കൂളുകളില്‍ കഴിഞ്ഞമാസം മുട്ട, പാല് വിതരണത്തിനായി ചെലവാക്കിയ തുക ഈമാസം അവസാനിക്കാറായിട്ടും അനുവദിക്കാത്തതിനാല്‍, അടിയന്തരമായി ഉച്ചഭക്ഷണ സമിതികള്‍ വിളിച്ചുകൂട്ടി മുട്ട, പാല് വിതരണം നിര്‍ത്തിവയ്ക്കാന്‍ പ്രധാനാധ്യാപകര്‍ ഒരുങ്ങുന്നു.
സ്വന്തം കീശയില്‍ നിന്നെടുത്തും കടം വാങ്ങിയുമാണ് പ്രധാനാധ്യാപകര്‍ പദ്ധതി നടപ്പിലാക്കിവരുന്നത്. വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തില്‍ ഇത്തരത്തില്‍ പദ്ധതി മുന്നോട്ടു കൊണ്ടുപോകേണ്ടതില്ലെന്നാണ് പ്രധാനാധ്യാപകരുടെ നിലപാട്.
പദ്ധതി ചുമതലയില്‍ നിന്ന് പ്രധാനാധ്യാപകരെ ഒഴിവാക്കുക, 2016ല്‍ നിശ്ചയിച്ച നിരക്ക് കമ്പോള നിലവാരമനുസരിച്ച് പുതുക്കുക, സംസ്ഥാന പോഷകാഹാര പദ്ധതിക്ക് പ്രത്യേകം തുക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രധാനാധ്യാപക സംഘടനകളായ കെപിപിഎച്ച്എ, കെപിഎസ്എച്ച്എ എന്നിവര്‍ ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ വാദം നടക്കെ കഴിഞ്ഞമാസം നാടകീയമായി നിരക്ക് പുതുക്കി നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇതനുസരിച്ച് എല്‍പി വിഭാഗത്തിന് ലഭിച്ചിരുന്ന ആദ്യ സ്ലാബായ 8 രൂപ, 6 രൂപയായി കുറച്ചു. 2 രൂപ കുറഞ്ഞത് പ്രതിസന്ധി രൂക്ഷമാക്കി. മുട്ട, പാല് വിതരണത്തിന് പ്രത്യേകം തുക അനുവദിക്കുമെന്ന് അന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
മുട്ടക്കും പാലിനും കമ്പോളവിലയനുസരിച്ച് തുക അനുവദിക്കാന്‍ കഴിയില്ലെന്നാണ് ധനവകുപ്പിന്റെ നിലപാട് എന്നറിയുന്നു. സംസ്ഥാന സര്‍ക്കാരിന്റെ പോഷകാഹാര പദ്ധതിയായ മുട്ട, പാല് എന്നിവ ഈ അധ്യയന വര്‍ഷം നല്‍കേണ്ടതുണ്ടോ എന്നതു സംബന്ധിച്ച് യാതൊരു നിര്‍ദേശവും നാളിതുവരെ ലഭ്യമായിട്ടില്ല. അതിനാല്‍, ജൂണിലും ജൂലൈ അവസാനം വരെയും പാലും മുട്ടയും നല്കിയ പ്രധാനാധ്യാപകര്‍ ആശങ്കയിലാണ്. പോഷകാഹാര പദ്ധതി നടത്തിപ്പിനായി കമ്പോളവിലയ്ക്ക് അനുസൃതമായി പ്രത്യേകം തുക അനുവദിക്കുന്നതുവരെ മുട്ട, പാല് എന്നിവയുടെ വിതരണം നിര്‍ത്തിവയ്ക്കാന്‍ നിര്‍ബന്ധിരാകുമെന്നും, അല്ലെങ്കില്‍ തുക സംബന്ധിച്ച പ്രഖ്യാപനം എത്രയും വേഗം നടപ്പിലാക്കണമെന്നും കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോ. (കെപിപിഎച്ച്എ) സംസ്ഥാന ജനറല്‍ സെക്രട്ടറി ജി. സുനില്‍കുമാര്‍, പ്രസിഡന്റ് പി. കൃഷ്ണപ്രസാദ് എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: