കര്‍ണാടകയിലെ ഷിരൂരില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശിയായ ഡ്രൈവര്‍ അര്ജുന് ലോറിക്കൊപ്പം മണ്ണിനടിയില്‍പ്പെട്ടിട്ട് ആറ് ദിവസം പിന്നിട്ടിരിക്കുകയാണ്. തിരച്ചില്‍ ഇപ്പോഴും നടക്കുകയാണെങ്കിലും ഇതുവരെ ആളെ കണ്ടെത്താനാവാത്തത് വലിയ പ്രതിഷേധത്തിന് വഴിവച്ചിരിക്കുന്നു. സംഭവം നടന്ന ആദ്യ രണ്ട് ദിവസം തെരച്ചില്‍ കാര്യക്ഷമമാവാതിരുന്നതിനാലാണ് അര്‍ജുനെ രക്ഷിക്കാന്‍ കഴിയാതെപോയതെന്ന വിമര്‍ശനം വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കുമുണ്ട്. മണ്ണിടിച്ചിലുണ്ടായി നാല്പത്തിയെട്ടു മണിക്കൂര്‍ കര്‍ണാടക സര്‍ക്കാരും ജില്ലാ ഭരണകൂടവും കാണിച്ച അനാസ്ഥയാണ് രക്ഷാപ്രവര്‍ത്തനം ഇഴയാനിടയാക്കിയതെന്ന വിമര്‍ശനം ഉയര്‍ന്നിരിക്കുകയാണ്. ഇതിനു പകരം മണ്ണ് നീക്കാനും ഗതാഗതം പുനഃസ്ഥാപിക്കാനുമാണ് കര്‍ണാടക പോലീസ് മുന്‍തൂക്കം നല്കിയതത്രേ. ഇതുമൂലം നിര്‍ണായക മണിക്കൂറുകളാണ് നഷ്ടമായത്. എന്‍ഐടി പ്രൊഫസറുടെ നേതൃത്വത്തിലുള്ള സംഘം ഗ്രൗണ്ട്-പെനട്രേറ്റിങ് റഡാറുപയോഗിച്ച് നടത്തിയ പരിശോധനയില്‍ വാഹനത്തിന്റെ സ്ഥലം മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടും, മണ്ണുനീക്കി വാഹനം കണ്ടെത്താന്‍ കഴിയാതിരുന്നത് അധികൃതരുടെ അനാസ്ഥതന്നെയാണ്. കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായെങ്കിലും രക്ഷിക്കേണ്ടത് ഒരു മനുഷ്യജീവനായതിനാല്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതായിരുന്നു. ഇതിനെക്കുറിച്ച് അര്‍ജുന്റെ കുടുംബത്തിനുള്ള പരാതി കേട്ടില്ലെന്നു നടിക്കാനാവില്ല. മകനും ഭര്‍ത്താവും അച്ഛനുമായ ഒരാള്‍ക്കുവേണ്ടിയാണല്ലോ ആ കുടുംബം കാത്തിരിക്കുന്നത്.
കര്‍ണാടക സര്‍ക്കാരില്‍നിന്നുണ്ടായ അനാസ്ഥയെക്കാള്‍ അപലപനീയമാണ് കേരള സര്‍ക്കാര്‍ കാണിച്ച അനാസ്ഥയെന്നു പറയേണ്ടിവരും. അയല്‍സംസ്ഥാനത്തുണ്ടായ ഒരു ദുരന്തത്തില്‍ നാട്ടുകാരനായ ഒരാള്‍ അകപ്പെട്ടിട്ടും ഇടതുമുന്നണി സര്‍ക്കാരില്‍നിന്നുണ്ടായ തണുത്ത പ്രതികരണം അംഗീകരിക്കാനാവില്ല. കുവൈറ്റിലുണ്ടായ ഒരു അഗ്നിബാധയില്‍ മലയാളികള്‍ക്ക് ജീവപായം സംഭവിച്ചപ്പോള്‍ അവിടേക്കു പോകാന്‍ തിടുക്കം കാണിച്ച മന്ത്രിമാര്‍ എന്തുകൊണ്ടാണ് അയല്‍സംസ്ഥാനത്തേക്ക് പോകാന്‍ താല്പര്യം കാണിക്കാതിരുന്നതെന്ന ചോദ്യം ഉയരുക സ്വാഭാവികം. കുവൈറ്റ് ദുരന്തത്തെത്തുടര്‍ന്ന് ആവശ്യമായ എല്ലാ കാര്യങ്ങളും യാതൊരു പരാതിക്കും ഇടവരുത്താതെ കേന്ദ്രസര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ചെയ്യുകയുണ്ടായി. എന്നിട്ടും ആളാവാന്‍ നോക്കുകയാണ് നമ്മുടെ ആരോഗ്യമന്ത്രി ചെയ്തത്. യാത്രാനുമതി നല്‍കാത്തതിന്റെ പേരില്‍ കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്താനും മറന്നില്ല. ഹരിയാനയില്‍ ട്രെയിനിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ഒരാള്‍ കൊല്ലപ്പെടാനിടയായപ്പോള്‍ അവിടേക്ക് സഹായധനവുമായിപ്പോയ പിണറായി വിജയനും സ്വന്തം നാട്ടില്‍ ഒരു ഇതരസംസ്ഥാന തൊഴിലാളി ആള്‍ക്കൂട്ടക്കൊലക്കിരയായിട്ടും സഹായിക്കാന്‍ തയ്യാറാവാതിരുന്നത് വിമര്‍ശിക്കപ്പെടുകയുണ്ടായല്ലോ. പിണറായി സര്‍ക്കാര്‍ ശക്തമായി ഇടപെട്ടിരുന്നെങ്കില്‍ ഷിരൂരിലെ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ കഴിയുമായിരുന്നു. സര്‍ക്കാര്‍ അനാസ്ഥ കാട്ടിയതിനെത്തുടര്‍ന്ന് പ്രധാനമന്ത്രിയുടെ ഓഫീസിനും കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കും കത്തയച്ച് കാത്തിരിക്കുകയാണ് കോഴിക്കോട്ടെ അര്‍ജുന്റെ കുടുംബം. സുരേഷ് ഗോപി ഫോണില്‍ ബന്ധപ്പെടുകയും, എല്ലാ സഹായവും ഉറപ്പുനല്‍കുകയും ചെയ്തിട്ടുണ്ട്. ഈ കുടുംബത്തിന്റെ പ്രതീക്ഷകള്‍ ഇനിയും അസ്തമിച്ചിട്ടില്ല. പ്രിയപ്പെട്ടവന് മടങ്ങിവരുമെന്നുതന്നെ അവര്‍ കരുതുന്നു. അങ്ങനെ സംഭവിക്കാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: