പാരിസ്: വെള്ളിയാഴ്ച്ച തുടങ്ങുന്ന പാരിസ് ഒളിംപിക്സില്‍ ഭാരത ജാവലിന്‍ ത്രോ താരം നീരജ് ചോപ്രയുടെ ആദ്യ റൗണ്ട് പ്രകടനം ആഗസ്ത് ആറിന്. പുരുഷ ജാവലിന്‍ ത്രോ യോഗ്യതാ മത്സരം അന്നാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. പാരിസ് ഒളിംപിക്സില്‍ അണിനിരക്കുന്ന ഭാരത താരങ്ങളുടെ സമ്പൂര്‍ണ മത്സര പട്ടിക ഇന്നലെ പുറത്തുവിട്ടിരുന്നു. ജാവലിന്‍ ത്രോയില്‍ നീരജിനൊപ്പം ഭാരത താരം കിഷോര്‍ ജെനയും മത്സരിക്കുന്നുണ്ട്.
26നാണ് ഒളിംപിക്സ് ദീപം തെളിയുന്നതെങ്കിലും മത്സരങ്ങള്‍ 24 മുതല്‍ തുടങ്ങും. 25ന് അമ്പെയ്ത്താണ് ഭാരത താരങ്ങള്‍ നേരിടുന്ന ആദ്യ പോരാട്ടം. വനിതകളുടെ വ്യക്തിഗത റാങ്കിങ് പോരാട്ടമായിരിക്കും ആദ്യം നടക്കുക. ഭാരതത്തിനായി ദീപിക കുമാരി, അങ്കിത ഭകത്, ഭജന്‍ കൗര്‍ എന്നിവരാണ് പങ്കെടുക്കുക. ഭാരത സമയം ഉച്ചയ്ക്ക് ഒന്നിനാണ് ഇവരുടെ മത്സരം. അന്ന് വൈകീട്ട് 5.45ന് ഇതേ ഇനത്തിന്റെ പുരുഷ മത്സരത്തില്‍ ബി. ധീരജ്, തരുണ്‍ദീപ് റായി, പ്രവീണ്‍ ജാധവ് എന്നിവര്‍ മത്സരിക്കും.
ശനിയാഴ്ച്ചയാണ് ബാഡ്മിന്റണ്‍ മത്സരങ്ങള്‍. ഭാരത താരങ്ങളായ എച്ച്.എസ്. പ്രണോയ്, ലക്ഷ്യ സെന്‍, പി.വി. സിന്ധു, സാത്വിക്സായിരാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി(പുരുഷ ഡബിള്‍സ്) താനിഷ ക്രാസ്റ്റോ-അശ്വിനി പൊന്നപ്പ(വനിതാ ഡബിള്‍സ്) എന്നിവരാണ് ഭാരതത്തിനായി മാറ്റുരയ്ക്കുക. ഉച്ചയ്ക്ക് 12നാണ് മത്സരങ്ങള്‍ ആരംഭിക്കുക.
ഹോക്കിയില്‍ ഭാരതത്തിന്റെ ആദ്യ മത്സരവും ശനിയാഴ്ചയാണ്. ഗ്രൂപ്പ് ബിയില്‍ ഉള്‍പ്പെട്ട ഭാരതത്തിന്റെ ആദ്യ എതിരാളി ന്യൂസിലന്‍ഡ് ആണ്. ശനിയാഴ്ച രാത്രി ഒമ്പതിനാണ് ന്യൂസിലന്‍ഡ്-ഭാരത പോരാട്ടം.
അത്ലറ്റിക്സില് ഭാരത താരം പങ്കെടുക്കുന്ന ആദ്യ മത്സരം ആഗസ്ത് ഒന്നിനാണ് 20 കിലോമീറ്റര്‍ നടത്തത്തില്‍ അക്ഷദീപ് സിങ്, വികാസ് സിങ്, പരംജീത്ത് ബിഷ്ട് എന്നിവരാണ് പങ്കെടുക്കുക. ഭാരത സമയം രാവിലെ 11നാണ് മത്സരം തുടങ്ങുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: