ആലപ്പുഴ: അദ്ധ്യാപകന്, കവി സാംസ്കാരിക പ്രവര്ത്തകന് സംഘാടകന്‍ എന്നീ നിലകളിലെല്ലാം അറിയപ്പെട്ടിരുന്ന വ്യക്തിത്വമാണ് പ്രൊഫസര്‍ ഡോ. അമ്പലപ്പുഴ ഗോപകുമാര്‍. അദ്ദേഹത്തിന്റെ വേര്‍പാട് സാംസ്കാരിക രംഗത്തിന് വലിയ നഷ്ടമാണെന്ന് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്. സഞ്ജയന് അനുസ്മരിച്ചു. മൂല്യങ്ങളെ മുറുകെപ്പിടിച്ച് പൊതുരംഗത്ത് പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയായിരുന്നു. അത്തരം വ്യക്തിത്വങ്ങള്‍ കുറയുന്ന ഇക്കാലത്ത് അദ്ദേഹത്തെപ്പോലുള്ളവരുടെ വേര്‍പാട് വലിയ നഷ്ടം തന്നെ.
നമ്മുടെ സംസ്കാരത്തില്‍ അഭിമാനം കൊള്ളുകയും ദേശീയ പ്രസ്ഥാനങ്ങളോടൊപ്പം ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്ത അമ്പലപ്പുഴ ഗോപകുമാറിന്റെ ദേഹവിയോഗത്തില്‍ ഭാരതീയവിചാരകേന്ദ്രത്തിന്റെ അനുശോചനം രേഖപ്പെടുത്തുകയും കുടുംബ ദുഃഖത്തില്‍ പങ്കുചേരുന്നതായും അദ്ദേഹം വ്യക്തമാക്കി.
വിചാരകേന്ദ്രം അനുശോചിച്ചു
സംഘ പ്രസ്ഥാനങ്ങളുടെ സഹയാത്രികനും, വിശിഷ്യാ ഭാരതീയ വിചാരകേന്ദ്രത്തിന്റെ, സാഹിത്യ സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമായിരുന്ന ഡോ. അമ്പലപ്പുഴ ഗോപകുമാറിന്റെ ദേഹവിയോഗത്തില്‍ ഭാരതീയ വിചാര കേന്ദ്രം സംസ്ഥാന അധ്യക്ഷന്‍ ഡോ. സി.വി. ജയമണി അനുശോചിച്ചു.
അക്ഷരവരം ലഭിച്ച എഴുത്തുകാരന്: തപസ്യ
കോഴിക്കോട്: കേരളത്തിന്റെ സാഹിത്യ-സാംസ്കാരിക രംഗത്ത് നിസ്തുലമായ സംഭാവകള്‍ നല്കാന് കഴിഞ്ഞയാളാണ് ഡോ. അമ്പലപ്പുഴ ഗോപകുമാറെന്ന് തപസ്യ കലാസാഹിത്യവേദി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. കനമുള്ള കവിതാസമാഹാരങ്ങളും ഈടുറ്റ ലേഖനങ്ങളും ഈ എഴുത്തുകാരന്റെതായുണ്ട്. ബാലഗോകുലം നല്കുന്ന ജന്മാഷ്ടമി പുരസ്കാരം ഉള്‍പ്പെടെ നിരവധി ബഹുമതികള്‍ ഗോപകുമാറിനെത്തേടിയെത്തിയത് അര്‍ഹതക്കുള്ള അംഗീകാരമാണെന്ന് തപസ്യ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ. പി.
ജി. ഹരിദാസും ജനറല്‍ സെക്രട്ടറി കെ.ടി. രാമചന്ദ്രനും പറഞ്ഞു.
സാംസ്കാരിക- ആധ്യാത്മിക രംഗത്ത് ആഴത്തില്‍ അറിവുണ്ടായിരുന്ന ഈ എഴുത്തുകാരന്റെ വാഗ്ധോരണി ആയിരങ്ങളെ ആകര്‍ഷിച്ചുപോന്നു. ആ വാഗ്വൈഭവം അക്ഷരദേവതയുടെ വരപ്രസാദം തന്നെയായിരുന്നു. തപസ്യയുടെ സഹയാത്രികനെന്നതിലുപരി അതുമായി നാഭീനാള ബന്ധം സ്ഥാപിച്ച സാംസ്കാരിക നായകനുമായിരുന്നു. അദ്ദേഹത്തിന്റെ വേര്‍പാടില്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: